ന്യൂഡല്‍ഹി: ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താനുള്ള അവകാശത്തിനൊപ്പം, അത്തരം വിവരങ്ങള്‍ പരസ്യമാവാതെ സൂക്ഷിക്കാനുള്ള ബാധ്യത കൂടി സര്‍ക്കാറിനുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സാങ്കേതികവിദ്യയുടെ വികാസത്തോടെ സ്വകാര്യതയെന്നതു ഫലത്തില്‍ ഇല്ലാതായതായും ജസ്റ്റിസുമാരായ ജി.എസ്. സിംഘ്‌വിയും എ.കെ. ഗാംഗുലിയും പരിതപിച്ചു. കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയുമായി താന്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ കൂടുതല്‍ ടേപ്പുകള്‍ പരസ്യപ്പെടുത്തുന്നതില്‍നിന്നു മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണു കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.
ഫോണ്‍ ചോര്‍ത്തലിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ വിലയിരുത്തുന്നതിനും മറ്റുമായി സ്വതന്ത്ര ഏജന്‍സി രൂപവത്കരിക്കാനുള്ള സാധ്യത കോടതി ആരാഞ്ഞു. ഉറപ്പില്ലാത്ത വിവരങ്ങള്‍ പൊതുതാത്പര്യം കണക്കിലെടുത്ത് പ്രസിദ്ധപ്പെടുത്തുന്നതിനു മുമ്പ് വിശദമായ പരിശോധന നടത്തണം. അല്ലാതെ പ്രസിദ്ധപ്പെടുത്തുന്നത് ശരിയല്ല. പ്രസ് കൗണ്‍സിലിന് ഇത്തരം വിഷയങ്ങള്‍ പരിശോധിക്കാന്‍ കഴിയില്ലേയെന്ന് കോടതി ചോദിച്ചു. 19-ാം നൂറ്റാണ്ടിലെ ടെലിഗ്രാഫ് നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും കോടതി പറഞ്ഞു.
അതേസമയം, റാഡിയ ടേപ്പുകളെക്കുറിച്ച് നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ടാറ്റ കോടതിയെ അറിയിച്ചു. സ്വതന്ത്ര അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തിക്കണമെന്ന് കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ ടാറ്റ ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ കാട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് ആവശ്യമായ രേഖകള്‍ സൂക്ഷിച്ച ശേഷം ബാക്കിയുള്ളവ സര്‍ക്കാര്‍ നശിപ്പിക്കണമായിരുന്നുവെന്നും ടാറ്റയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടി. സ്വകാര്യതയ്ക്കുള്ള അവകാശത്തെഹനിക്കുന്നതില്‍ നിന്നു മാധ്യമങ്ങളെ വിലക്കണമെന്നും സാല്‍വേ ആവശ്യപ്പെട്ടു.
Discussion about this post