തിരുവനന്തപുരം: കേരളത്തിലെ കയറുത്പന്നങ്ങള്‍ ഉത്തര്‍പ്രദേശിലെ പതിനായിരത്തിലേറെ വില്പനശാലകളില്‍ കൂടി വിറ്റഴിക്കാനുള്ള ധാരണാപത്രം മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കേരളസംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജി.എന്‍ നായരും ലക്‌നൗ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശ് കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ജനറല്‍ മാനേജര്‍ അശോക് കുമാര്‍ യാദവും ഒപ്പുവച്ചു.
യുപി കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ചെയര്‍മാന്‍ കര്‍ണസിങ് ചൗഹാന്‍, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, കയര്‍ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, കയര്‍ വികസന വകുപ്പ് ഡയറക്ടര്‍ പത്മകുമാര്‍, കേന്ദ്ര വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പ്രദീപ്കുമാര്‍, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് മനോജ് കപൂര്‍ എന്നിവരും സന്നിഹിതരായിരുന്നു.
കയര്‍ വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപണനസംരംഭമാണിതെന്ന് ധനം കയര്‍ വകുപ്പുമന്ത്രി ഡോ. റ്റി.എം തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ മേഖലയില്‍ രാജ്യത്തെതന്നെ ആദ്യ ചുവടുവയ്പാണിത്. സഹകരിക്കാന്‍ തയ്യാറുള്ള മറ്റു സംസ്ഥാനങ്ങളുമായും ഇത്തരം സാദ്ധ്യത ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പരമ്പരാഗതമേഖലയില്‍ തൊഴില്‍ കുറയാതിരിക്കാന്‍ വര്‍ഷത്തില്‍ 200 ദിവസത്തെ തൊഴില്‍ സര്‍ക്കാര്‍ ഉറപ്പാക്കും. ആദ്യപടിയായി ഒരുകോടി രൂപയ്ക്കുള്ള കയറുത്പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുമെന്ന് യുപി കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ചെയര്‍മാന്‍ കര്‍ണസിങ് ചൗഹാന്‍ പറഞ്ഞു.കയര്‍ കോര്‍പ്പറേഷന്‍ സംഭരിക്കുന്ന ഹാന്‍ഡ്‌ലൂം കയറുല്പന്നങ്ങള്‍ യുപിയിലെ മേഖലാഗോഡൗണുകളില്‍ കേരളം സ്വന്തം ചെലവില്‍ എത്തിക്കും.
ഡല്‍ഹിയില്‍ നവംബര്‍ 15നു സംസ്ഥാന ധനം കയര്‍ വകുപ്പു മന്ത്രിയുടെ മുന്‍കൈയില്‍ സംഘടിപ്പിച്ച ബയര്‍ സെല്ലര്‍ മീറ്റിലാണ് കയര്‍ ഉല്‍പ്പങ്ങള്‍ കയര്‍ കോര്‍പ്പറേഷനില്‍നിന്നു വാങ്ങാന്‍ ഉത്തര്‍പ്രദേശ് കോഓപ്പറേറ്റീവ് ഫെഡറേഷന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. കഴിഞ്ഞദിവസം ആലപ്പുഴയിലെത്തിയ യുപി സംഘം കയര്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പ്രാഥമിക സഹകരണ സംഘങ്ങളും ചെറുകിട കയറുല്‍പ്പന്ന നിര്‍മ്മാതാക്കളും ഉല്‍പ്പാദിപ്പിക്കുന്ന കയറുല്‍പ്പന്നങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിപണി കണ്ടെത്താന്‍ പരസ്പരം സഹകരിക്കാമെന്നു തീരുമാനിച്ചത്.
Discussion about this post