തിരുവനന്തപുരം: ഐ.ടി മേഖലയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന വിവരസാങ്കേതിക വിദ്യ കരട്‌നയ രൂപരേഖ 2017 മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി നയരേഖയോടൊപ്പം സര്‍ക്കാര്‍ ഓരോ മേഖലയിലും നടപ്പാക്കാനുദ്ദേശിക്കുന്ന ഉപനയങ്ങളുടെ ക്രോഡീകരണവും ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്.
വര്‍ഷംതോറും ഉപനയങ്ങള്‍ വിലയിരുത്തി കൂടുതല്‍ പ്രസക്തമായ രീതിയില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കരടിലെ പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ:
സര്‍ക്കാരിന്റെ വിവരപ്രസരണത്തിനും പൗരന്‍മാരുമായി സംവദിക്കുന്നതിനുമായി ഏകജാലക പോര്‍ട്ടല്‍ ആരംഭിക്കും. വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴിലേക്ക് ഉയര്‍ത്തി ഇതിന്റെ പ്രവര്‍ത്തനദൗര്‍ബല്യം പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കും. സര്‍ക്കാര്‍ പൗരന്‍മാര്‍ക്കും ബിസിനസിനുമായി സംയോജിത സേവനം നല്‍കുന്ന സെന്ററുകളായി നിലവിലുള്ള സിറ്റിസണ്‍ കാള്‍ സെന്ററുകളെ മാറ്റാന്‍ വിഭാവനം ചെയ്യുന്നു. ഐ.ടി/ഐ.ടി അനുബന്ധ യൂണിറ്റുകള്‍ക്ക് ഭൂമി വില്‍പന/പാട്ടം/കൈമാറ്റം എന്നിവയിലൂടെയുള്ള ആദ്യ ക്രയവിക്രയത്തിന് ചെലവായ 100 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ തിരികെ നല്‍കും. ടെലികോം ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സര്‍ക്കാര്‍ കെട്ടിടങ്ങളിലും നിര്‍ണായക സ്ഥാപനങ്ങളിലും പൊതുവായ ടവറുകള്‍ സര്‍ക്കാര്‍ ഏജന്‍സിയായ കെ.എസ്.ഐ.ടി.ഐ.എല്‍ നിര്‍മിച്ച് ഉടമസ്ഥത സര്‍ക്കാര്‍ കമ്പനിയില്‍ നിലനിര്‍ത്തി ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പാട്ടത്തിന് നല്‍കാനുള്ള സൗകര്യം ഒരുക്കും.
കേരള സംസ്ഥാന ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് (കെഫോണ്‍) ഗ്രാമ, നഗരങ്ങളില്‍ നിലനില്‍ക്കുന്ന ഡിജിറ്റല്‍ ലഭ്യതയുടെ വ്യത്യാസം കുറച്ച് എല്ലാ സ്ഥലവും ബന്ധപ്പെടുത്തി വലിയ അടിസ്ഥാന സൗകര്യ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് രണ്ട് എം.ബി.പി.എസ് ഇന്റര്‍നെറ്റ് സൗജന്യമായി ഉറപ്പാക്കും. കേരളീയരോ സംസ്ഥാനത്തെ സഹായിക്കാന്‍ തയാറുള്ളതോ ആയ പ്രമുഖ ഐ.ടി വ്യവസായ സ്ഥാപകരെ ഉള്‍പ്പെടുത്തി ഉപദേശകസമിതി രൂപീകരിക്കും. ഡിസാസ്റ്റര്‍ റെക്കവറി, പ്രവര്‍ത്തന തുടര്‍ച്ചാനടപടി എന്നിവയ്ക്കായി ‘ക്ലൗഡ് ബൈ ഡിഫോള്‍ട്ട്’ എന്ന രീതി സ്വീകരിച്ച് എല്ലാ സംസ്ഥാന ഡേറ്റാ സെന്ററുകളുടേയും ശേഷി ഉയര്‍ത്തും. ഐ.ടി പ്രദര്‍ശനങ്ങള്‍ കേരളത്തില്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കും. ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്‌സ് സോഫ്ട്‌വെയര്‍ സംവിധാനങ്ങള്‍ക്ക് സര്‍ക്കാരിലെ സ്വീകാര്യതയും അവ സ്വീകരിക്കലും സംബന്ധിച്ച പരിജ്ഞാനം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശം നല്‍കുകയും പൗരന്‍മാരില്‍ സ്വതന്ത്ര സോഫ്ട്‌വെയറുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കുകയും ചെയ്യും. സര്‍ക്കാര്‍ സംവിധാനങ്ങളിലെല്ലാം പ്രാദേശിക ഭാഷ നല്‍കുന്നതിനുള്ള സൗകര്യവും ശബ്ദത്തിലൂടെ മനസിലാക്കാനുള്ള സൗകര്യവും ലഭ്യമാക്കും. പൊതുസ്ഥലങ്ങളില്‍ സൗജന്യനിരക്കില്‍ വൈഫൈ ഏര്‍പ്പെടുത്തും.
തൊഴില്‍സ്ഥലത്തും കുടുംബത്തിലുമുള്ള സമ്മര്‍ദ്ദം മറികടക്കുന്നതിന് സ്ത്രീകളെ ഡിജിറ്റലായി ശാക്തീകരിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കും. ഭിന്നശേഷിയുള്ളവര്‍ക്ക് ഐ.ടി മേഖലയില്‍ തൊഴില്‍ ലഭിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പോലുള്ള സംവിധാനങ്ങള്‍ക്ക് പ്രോത്‌സാഹനം നല്‍കും. എല്ലാ സാങ്കേതിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ബന്ധിപ്പിക്കുന്ന ഒരു ടെലി ശൃംഖല സ്ഥാപിക്കും. കെ.ടി.യുവിന്റെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിലായിരിക്കും തുടക്കം. എല്ലാ എഞ്ചിനീയറിംഗ് കോളേജുകളിലും മിനി ഫാബ് ലാബുകള്‍ സ്ഥാപിക്കും. സ്വതന്ത്ര/ഓപ്പണ്‍ സോഫ്ട്‌വെയര്‍ ഉപയോഗിച്ച് ‘മാസീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സുകള്‍’ ആരംഭിക്കും. പൊതുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടെണ്ടര്‍ പ്ലാറ്റ്‌ഫോം വിജയകരമായ സാഹചര്യത്തില്‍ ഉത്പന്നം, സേവനം എന്നിവയ്ക്ക് റീവേഴ്‌സ് ഓക്ഷന്‍ സൗകര്യം കൂടി നല്‍കി വിപുലീകരിക്കും. ഗവേഷണ വികാസത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുക, ഇന്നവേഷനുള്ള സാഹചര്യവും അവസ്ഥയും സൃഷ്ടിക്കുക, സാങ്കേതിക സംവിധാനങ്ങള്‍ക്ക് വാണിജ്യ സാധ്യത ഉണ്ടാക്കുക, പുതുസംരംഭകര്‍ക്ക് തടസങ്ങള്‍ കുറയ്ക്കുക, പുതിയ സാങ്കേതികതയില്‍ പരമ്പരാഗത വ്യവസായം പ്രോത്‌സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ളതാണ് ടെക്‌നോളജി ഇന്നവേഷന്‍ എന്റര്‍പ്രണര്‍ നയം. യുവ സംരകത്വ വികസന പദ്ധതി, ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍, ഫാബ് കേരള ശൃംഖല, മിനി ഫാബ് ലാബ്, നൂതന ആശയങ്ങള്‍ക്കുള്ള ധനസഹായം, ഗ്രാന്‍ഡ് ഇന്നവേഷന്‍ ചലഞ്ച് കേരള, സാങ്കേതിക വിപണനത്തിനുള്ള കേന്ദ്രം/വേദി എന്നിവ ഒരുക്കും. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്ന ഉപകരണങ്ങളുടേയും മൊബൈല്‍ ആപ്ലിക്കേഷനുകളുടേയും ഉത്പാദനം സര്‍ക്കാര്‍ പ്രോത്‌സാഹിപ്പിക്കും.
വിവരങ്ങളും സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന സൈബര്‍ സുരക്ഷാ ചട്ടക്കൂട് സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാര്‍ നയം. സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കാനും സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും സാധിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഡിജിറ്റല്‍ സാങ്കേതികവിദ്യ ജനക്ഷേമത്തിന് മാത്രമല്ല, ആധുനിക വ്യവസായങ്ങളുടെ ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കും ഉത്തേജനം നല്‍കുമെന്ന് കരട്‌രേഖ ചൂണ്ടിക്കാട്ടുന്നു. കരട് രേഖയെക്കുറിച്ച് പൊതുജനങ്ങള്‍ക്കും, ഈ മേഖലയിലെ വിദഗ്ധര്‍ക്കും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്താന്‍ അവസരമൊരുക്കുകയും ചെയ്യും. പ്രസക്ത നിര്‍ദേശങ്ങള്‍ അന്തിമനയത്തില്‍ ഉള്‍പ്പെടുത്തും.
Discussion about this post