തിരുവനന്തപുരം: ഔഷധ സസ്യങ്ങളുടെ സാധ്യത കേരളം മനസിലാക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് സംഘടിപ്പിച്ച ഗൃഹചൈതന്യം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ എല്ലാ വീടുകളിലും ഒരു വേപ്പും കറിവേപ്പും നല്‍കുന്ന പദ്ധതിയാണിത്. പശ്ചിമഘട്ട മലനിരകള്‍ അപൂര്‍വമായ ഔഷധസസ്യങ്ങളുടെ കലവറയാണ്. കേരളത്തിന് പണ്ടു മുതല്‍ക്കേ ആയുര്‍വേദത്തിലും ഔഷധ സസ്യത്തിലും വലിയ പാരമ്പര്യമുണ്ട്. ഡച്ചുകാര്‍ ഇട്ടിഅച്യുതന്റെ സഹായത്തോടെ തയ്യാറാക്കിയ ഹോര്‍ത്തുസ്മലബാറിക്കസ് തന്നെ ഏറ്റവും വലിയ ഉദാഹരണം. ഇതിനെ അടിസ്ഥാനമാക്കി നിരവധി രാജ്യങ്ങളില്‍ മരുന്ന് ഗവേഷണം നടക്കുന്നുണ്ട്.
രാജ്ഭവനിലെ ലഭ്യമായ സ്ഥലത്ത് പരമാവധി കൃഷി നടത്തുന്നുണ്ട്. ഇവിടെ ഔഷധ സസ്യങ്ങളും വളര്‍ത്തുന്നു. രണ്ടര ഏക്കര്‍ സ്ഥലത്ത് 250 ഇനം ചെടികളുണ്ട്. ഇതിനു പുറമെ 50 വേപ്പ്, 40 പ്ലാവ്, 25 മാവ് എന്നിവയും നട്ടിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.
രണ്ടു വര്‍ഷം കൊണ്ട് എല്ലാ വീടുകളിലും ഒരു വേപ്പും കറിവേപ്പും എത്തിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതോടൊപ്പം ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
Discussion about this post