ന്യൂദല്‍ഹി: ശാസ്ത്രലോകം കൗതുകത്തോടെയും അതിലേറെ ഉത്കണ്ഠയോടെയും ഉറ്റുനോക്കുന്ന സൂപ്പര്‍ മൂണ്‍ എന്ന പ്രതിഭാസം ഇന്ന് നടക്കും. ശാസ്ത്രവും മിഥ്യയും കൃത്യമായി വേര്‍തിരിക്കാന്‍ കഴിയാത്ത ഈ അപൂര്‍വ പ്രതിഭാസം പ്രകൃതി ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന വാദം ലോകത്തെ ആശങ്കപ്പെടുത്തുന്നു. ചന്ദ്രന്‍ ഭൂമിയോട് അടുക്കുമ്പോള്‍ ഏറുന്ന മനോഹാരിതയാണ് അതിലെ കൗതുകം.
കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവുമടുത്ത ദൂരമായ 3,56,577 കിലോമീറ്ററില്‍ എത്തുകയാണ്. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവുമടുത്തെത്തുമ്പോഴുള്ള ശരാശരി ദൂരം 3,64,397 കിലോമീറ്ററാണ് (പെരിജി). അപ്പോള്‍ സൂപ്പര്‍ മൂണ്‍ പ്രതിഭാസം നടക്കുന്ന മാര്‍ച്ച് 19ന് ചന്ദ്രന്‍ ഭൂമിയോട് 7800 കിലോമീറ്ററോളം അടുത്തായിരിക്കുമെന്നര്‍ത്ഥം. ഇന്ന് രാത്രി പൂര്‍ണചന്ദ്രന്‍ മാനത്തുയരുമ്പോള്‍ സാധാരണ രൂപത്തില്‍ നിന്ന് 14 ശതമാനത്തിലേറെ വലിയ ചന്ദ്രബിംബം ദൃശ്യമാകും. സൂപ്പര്‍ മൂണ്‍ എന്ന വിശേഷണത്തിന് കാരണം ഇതാണ്.
സൂപ്പര്‍ മൂണ്‍ പ്രകൃതിയുടെ സാധാരണ പ്രതിഭാസമെങ്കിലും ജ്യോതിഷികളും ഒരു വിഭാഗം ശാസ്ത്രജ്ഞരും അതിനെ ഭൂകമ്പങ്ങള്‍, സുനാമി, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. അടുത്തയിടെ ജപ്പാനിലുണ്ടായ സുനാമിയിലും ഭൂകമ്പത്തിലും ‘സൂപ്പര്‍’ ചന്ദ്രന്റെ പങ്ക് വീണ്ടും ചര്‍ച്ചാവിഷയമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പ്രതിഭാസം കൊണ്ടുമാത്രം ഭൂമിയില്‍ ദുരന്തങ്ങള്‍ക്ക് സാധ്യതയില്ലെന്ന് അഹമ്മദാബാദിലെ ഫിസിക്കല്‍ ലബോറട്ടറിയില്‍ സീനിയര്‍ പ്രൊഫസറായിരുന്ന ഡോ. നരേന്ദ്ര ഭണ്ഡാരി അഭിപ്രായപ്പെട്ടു. സമുദ്രജലത്തില്‍ ചന്ദ്രന്‍ ചെലുത്തുന്ന ആകര്‍ഷണ ശക്തിയാണ് വേലിയേറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. അന്തരീക്ഷമര്‍ദ്ദത്തിലും അത് മാറ്റമുണ്ടാക്കുന്നു. എന്നാല്‍ ‘സൂപ്പര്‍ മൂണ്‍’ പ്രതിഭാസത്തിന് ഭൂമിക്കടിയിലെ ഉരുകിയ ലാവയിലും മറ്റും ചെറിയ ഗുരുത്വാകര്‍ഷണ ശക്തി ചെലുത്താന്‍ കഴിയുമെങ്കിലും അഗ്നിപര്‍വത സ്ഫോടനങ്ങള്‍ക്കുള്ള ഊര്‍ജം പകരാന്‍ അതിന് കഴിയില്ലത്രെ. അതുപോലെ, ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന വേളയില്‍ സുനാമി ഉണ്ടായാല്‍ അതിന്റെ തിരമാലകള്‍ക്ക് കരുത്തേറുകയും കൂടുതല്‍ നാശങ്ങള്‍ക്കിടയാക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂകമ്പങ്ങളും അഗ്നിപര്‍വത സ്ഫോടനങ്ങളും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ക്കുപിന്നില്‍ ഭൂമിക്കുള്ളിലെ ഊര്‍ജം തന്നെയാണ്. അവയെ സ്വാധീനിക്കാന്‍ പുറമെയുള്ള ഒന്നിനും കഴിയില്ല. ഭൂമിയുടെ അന്തര്‍ഭാഗം ഒന്‍പത് ടെക്ടോണിക് പ്ലേറ്റുകള്‍ അടങ്ങുന്നതാണ്. ഇവ പരസ്പരം ചലിക്കുകയും കൂട്ടിയിടിക്കുകയും ചെയ്യുനനു.
ചില മേഖലകളില്‍ ഉണ്ടാകുന്ന ഉരസലുകള്‍ സൃഷ്ടിക്കുന്ന ഊര്‍ജം പ്ലേറ്റുകളില്‍ വരുത്തുന്ന പുനര്‍ വിന്യാസമാണ് ഭൂകമ്പങ്ങള്‍ക്ക് കാരണം. ഊര്‍ജശേഖരണത്തിന്റെ പാരമ്യത്തില്‍ ഉണ്ടാകുന്ന ‘സൂപ്പര്‍ മൂണി’ന്റെ ഗുരുത്വാകര്‍ഷണം ഭൂകമ്പങ്ങള്‍ക്ക് വഴിതെളിച്ചേക്കാമെന്നും ഭണ്ഡാരി അഭിപ്രായപ്പെട്ടു.എന്നാല്‍, സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടാകുമ്പോള്‍ ഭൂമിയില്‍ കൊടുങ്കാറ്റ്, ഭൂകമ്പങ്ങള്‍, അഗ്നിപര്‍വത സ്ഫോടനങ്ങള്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് ചില ജ്യോതിശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. സൂപ്പര്‍ മൂണ്‍ പ്രതിഭാസവും അനുബന്ധ സംഭവങ്ങളെയും കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും കാര്യമായ നിഗമനങ്ങളില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേയിലെ ജിയോഫിസിസ്റ്റായ ജോണ്‍ ബെല്ലിനി ചൂണ്ടിക്കാട്ടി.
Discussion about this post