ന്യൂദല്‍ഹി: യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ടതിനേക്കാള്‍ അധികമായി 250 കോടി കരാറുകാര്‍ക്ക് നല്‍കിയതായാണ് പ്രധാനമന്ത്രി നിയോഗിച്ച ഷുംഗ്ലു കമ്മറ്റിയുടെ റിപ്പോര്‍ട്ട്. കോമണ്‍വെല്‍ത്ത് കായികമേളയുടെ പദ്ധതികള്‍ക്ക് 250 കോടി കരാറുകാര്‍ അവിഹിതമായി നേടിയതായി ഇതേക്കുറിച്ച് അന്വേഷിച്ച ഷുംഗ്ലു കമ്മറ്റികണ്ടെത്തി. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കാനുണ്ടായ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കാലതാമസം മൂലം 900 കോടി രൂപ ‘കാലതാമസത്തിന്റെ വില’യായി നല്‍കിയെന്നാണ് ഉന്നതാധികാരസമിതി വിലയിരുത്തല്‍. കൂടാതെ അക്ഷര്‍ധാം ക്ഷേത്രത്തിന് സമീപം ഗെയിംസ് വില്ലേജ് പണികഴിപ്പിച്ച വകയില്‍ 300 കോടി രൂപ ദല്‍ഹി വികസന അതോറിറ്റിക്ക് നഷ്ടമുണ്ടായതായും സമിതി കണ്ടെത്തി.
ഗെയിംസ് വില്ലേജ് നിര്‍മാണം, നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനം എന്നീ രണ്ട് വിഷയങ്ങളില്‍ നടത്തിയ അന്വേഷണം സംബന്ധിച്ച് രണ്ട് റിപ്പോര്‍ട്ടുകള്‍ കമ്മറ്റി സമര്‍പ്പിച്ചു. പദ്ധതി നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളിലെ കാലതാമസം, ടെന്‍ഡര്‍ നടപടികളിലെ വീഴ്ച, ശരിയായ പരിശോധനയും കൂടിയാലോചനയും കൂടാതെ തിരക്കിട്ടെടുത്ത തീരുമാനങ്ങള്‍ എന്നിവ മൂലം പദ്ധതി ചെലവ് വര്‍ധിച്ചതായും ഖജനാവിന് കോടികളുടെ നഷ്ടമുണ്ടായതായും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
ദല്‍ഹി ലഫ്.ഗവര്‍ണര്‍ തേജിന്ദര്‍ ഖാന്ന, മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ദീര്‍ഘദര്‍ശിത്വമില്ലായ്മയും നടപടിക്രമങ്ങളുടെ ലംഘനവും പദ്ധതികളെ പ്രതികൂലമായി ബാധിച്ചെന്നും നഷ്ടത്തിനിടവരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ലഭ്യമായ രേഖകള്‍ പ്രകാരമാണ് കമ്മറ്റി കണ്ടെത്തലുകള്‍ നടത്തിയത്. എല്ലാ രേഖകളും സമിതിക്ക് ലഭ്യമായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
ദല്‍ഹി വികസന അതോറിറ്റി ഗെയിംസ് വില്ലേജ്നിര്‍മാണത്തിനായി പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭം നടപ്പാക്കിയെങ്കിലും തൃപ്തികരമായിരുന്നില്ല പ്രവര്‍ത്തനമെന്ന് സമിതി വിലയിരുത്തി.
630 കോടി രൂപ അധികം മുടക്കി ‘ബാരാപുള്ളനുള്ള’ മേല്‍പ്പാലം നിര്‍മിച്ചതില്‍ 134 മുതല്‍ 250 കോടി കരാറുകാരായ എമ്മാര്‍ എംജിഎഫ് നേടിയപ്പോള്‍ പദ്ധതി കണ്‍സള്‍ട്ടന്റായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് എന്ത് പങ്കാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 16 പേരില്‍നിന്ന് തെളിവെടുപ്പ് നടത്തി.
തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും വീഴ്ചകള്‍ വരുത്തിയതിനും എമ്മാര്‍ എംജിഎഫിനെതിരെ ഉചിതമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും ദല്‍ഹി വികസന അതോറിറ്റിയോടും കമ്മറ്റി ശുപാര്‍ശ ചെയ്യുന്നു. റോഡുകളുടെ പുനര്‍നിര്‍മാണം, മേല്‍പ്പാല നിര്‍മാണം, തെരുവുവിളക്ക് സ്ഥാപിക്കല്‍, തെരുവിലെ പൂന്തോട്ട നിര്‍മാണം, പാര്‍ക്കിംഗ് സംവിധാനം, ബസ് ഷെല്‍ട്ടര്‍ എന്നീ 3000 കോടി രൂപ ചെലവ്‌വരുന്ന 19 പദ്ധതികള്‍ കമ്മറ്റി പരിശോധനാവിധേയമാക്കി.
Discussion about this post