തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ പുതിയ സോഫ്‌റ്റ്വെയര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കി. പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് വിളിച്ച പ്രീബിഡ് യോഗത്തില്‍ നാലു സ്ഥാപനങ്ങള്‍ പങ്കെടുത്തു. ഇവര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഐ. ടി മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ഇ ഫയലിംഗ് സംവിധാനം കേരളത്തിന് ലഭ്യമാവുന്നതോടെ ഫയല്‍ വേഗത്തില്‍ കൈകാര്യം ചെയ്യാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും സാധിക്കും.
ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, പൊതുഭരണം, ആസൂത്രണം, ഇലക്ട്രോണിക്‌സും വിവരസാങ്കേതികവിദ്യ വകുപ്പ് സെക്രട്ടറിമാരും അടങ്ങുന്ന കമ്മിറ്റിക്കാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിശോധിക്കാനുള്ള ചുമതല. കമ്മിറ്റിയുടെ തീരുമാനപ്രകാരം മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ഇ ഓഫീസ് സംവിധാനം പഠിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ രണ്ടു സമിതികളെയും നിയോഗിച്ചിരുന്നു. ഗുജറാത്ത്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് അടക്കുമുള്ള മിക്ക സംസ്ഥാനങ്ങളും സ്വകാര്യ ഇ ഫയലിംഗ് സംവിധാനം ഫലപ്രദമായി ഉപയോഗിക്കുന്നതായി സമിതികള്‍ കണ്ടെത്തി. നിലവില്‍ കേരളം ഉപയോഗിക്കുന്ന എന്‍. ഐ. സിയുടെ ഇ ഫയലിംഗ് സംവിധാനത്തേക്കാള്‍ വളരെ മെച്ചപ്പെട്ടതാണ് മറ്റു സംസ്ഥാനങ്ങളിലെ സംവിധാനം.
കേരളത്തിലെ ഇ ഫയലിംഗ് സംവിധാനം സംബന്ധിച്ച് ജീവനക്കാരുടെ ഭാഗത്ത് നിന്ന് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയതിനെക്കുറിച്ച് ആലോചിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഫയല്‍ പ്രോസസിംഗും വിവിധ രജിസ്റ്ററുകളും ആധാരമാക്കി എന്‍. ഐ. സി തയ്യാറാക്കിയ സംവിധാനമാണ് നിലവില്‍ കേരളം ഉപയോഗിക്കുന്നത്. ഇതിനെ സംസ്ഥാനത്തിന് അനുയോജ്യമായ വിധത്തില്‍ പാകപ്പെടുത്തിയെടുക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും സാധിച്ചില്ല. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലടക്കം സംവിധാനത്തെക്കുറിച്ച് പരാതി ഉയര്‍ന്നിരുന്നു. എന്‍. ഐ. സിയുടെ ഇ ഫയലിംഗ് സംവിധാനം സൗജന്യമായാണ് സംസ്ഥാനത്തിന് നല്‍കുന്നതെങ്കിലും പരിപാലന ചുമതലയുള്ള ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ വലിയ തുക നല്‍കുന്നുണ്ട്. അതിനാല്‍ പുതിയ ഇ ഫയല്‍ സംവിധാനം വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
Discussion about this post