ന്യൂഡല്‍ഹി: സംവരണ അനുപാതം 50 ശതമാനം മറികടക്കരുതെന്നു സുപ്രീം കോടതി. മറാത്ത സംവരണ നിയമം റദ്ദാക്കിക്കൊണ്ടാണു സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. സംവരണ മാനദണ്ഡം വിശദമാക്കുന്ന ഇന്ദിരാ സാഹ്നി കേസിലെ ഉത്തരവ് പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും ജസ്റ്റീസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. സംവരണം 50 ശതമാനം മറികടന്നത് ഭരണഘടനയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയ പരമോന്നത കോടതി, ഇക്കാര്യത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ വാദങ്ങള്‍ തള്ളിക്കളഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും നിയമനങ്ങളിലും മറാത്ത സമുദായത്തില്‍ പെട്ടവര്‍ക്ക് സംവരണം നല്‍കുന്നതിനായി 2017ല്‍ മഹാരാഷ്ട്രയിലെ ഫഡ്‌നാവിസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് ജസ്റ്റീസുമാരായ അശോക് ഭൂഷണ്‍, എല്‍. നാഗേശ്വര്‍ റാവു, എസ്. അബ്ദുള്‍ നസീര്‍, ഹേമന്ത് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ച് റദ്ദാക്കിയത്. ഈ നിയമം നടപ്പിലാക്കിയാല്‍ മഹാരാഷ്ട്രയിലെ സംവരണം 65 ശതമാനമായി ഉയരുമെന്നും അത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങള്‍ക്കു വിരുദ്ധമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സാമൂഹിക- സാംസ്‌കാരിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടിയാണ് സംവരണം ഭരണഘടനാനുസൃതമാക്കിയത്. അത്തരത്തില്‍ മറാത്ത വിഭാഗത്തിനു സംവരണം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ഏതെങ്കിലും അസാധാരണ സാഹചര്യമുള്ളതായി വിഷയം പരിശോധിച്ച ഗെയ്ക്വാദ് കമ്മീഷനോ ഹൈക്കോടതിയോ കണ്ടെത്തിയിട്ടില്ലെന്നു അഞ്ചംഗ ബെഞ്ച് പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക തയാറാക്കാനുള്ള അധികാരം കേന്ദ്രത്തിനാണെന്നും അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധിയില്‍ വ്യക്തമാക്കുന്നു. ഇക്കാര്യം വിശദമാക്കുന്ന 102-ാം ഭരണഘടനാ ഭേദഗതി നിയമവിരുദ്ധമാണെന്ന വാദവും കോടതി തള്ളി.
സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്ക വിഭാഗങ്ങള്‍ ഏതെന്നു തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണെന്നായിരുന്നു കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ വാദിച്ചിരുന്നു.
Discussion about this post