തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആബുലന്‍സുകള്‍ക്ക് ജിപിഎസ് ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, യൂണിഫോം എന്നിവ നടപ്പിലാക്കും. ആംബുലന്‍സുകള്‍ക്ക് കളര്‍കോഡ് പാലിക്കുന്നതോടൊപ്പം, അനാവശ്യ ലൈറ്റുകളും ഹോണുകളുമുള്‍പ്പെടെ എക്സ്ട്രാ ഫിറ്റിംഗ് പൂര്‍ണമായി ഒഴിവാക്കണം. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം ഉറപ്പാക്കുമെന്നും ആംബുലസിന്റെ ദുരുപയോഗം ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ബോധവല്‍ക്കരണം, നിയമ അവബോധം എന്നിവയിലൂടെ പുതു യാത്രാസംസ്‌കാരം രൂപീകരിക്കുന്നതിനുള്ള പരിപാടികളാണ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ കോളജ് ബസ് ഡ്രൈവര്‍മാര്‍, കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് നിലവില്‍ പരിശീലനം നല്‍കി വരുന്നു.
ഒരു പ്രാവശ്യം ലൈസന്‍സ് കിട്ടിയാല്‍ പരിശീലനം വേണ്ട എന്ന തോന്നല്‍ തെറ്റാണ്. റോഡ് നിയമങ്ങള്‍, വാഹന നിലവാരം, സാങ്കേതികവിദ്യ എന്നിവ മാറുമ്പോള്‍ പരിശീലനം അത്യാവശ്യമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ ഡ്രൈവറില്ലാത്ത വാഹനങ്ങള്‍ പുറത്തിറങ്ങുന്ന കാലമാണ്. ലോകത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ഡ്രൈവര്‍ സമൂഹവും തയാറാകണം.
സംസ്ഥാനത്ത് എഐ കാമറ പ്രവര്‍ത്തിക്കാനാരംഭിച്ചതോടെ പ്രതിദിനമുള്ള 4.5 ലക്ഷം നിയമലംഘനങ്ങള്‍ 2.5 ലക്ഷമായി കുറഞ്ഞു. പിഴ ഈടാക്കാന്‍ ആരംഭിച്ചതോടെ 70,000 ലേക്ക് കുറഞ്ഞു.
4,000 പേര്‍ പ്രതിവര്‍ഷം വാഹന അപകടത്തില്‍ മരിക്കുന്ന സംസ്ഥാനമാണ് കേരളം. 58 ശതമാനം ഇരുചക്ര വാഹനങ്ങള്‍, 24 ശതമാനം കാല്‍നട യാത്രക്കാരന്‍ എന്ന കണക്കില്‍ പ്രതിദിനം 12 പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്ന സാഹചര്യമുണ്ടായിരുന്നു.
എന്നാല്‍ ഇന്ന് പ്രതിദിന ശരാശരി മരണം പരമാവധി മൂന്നായി കുറഞ്ഞു. റോഡപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post