തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ബാഗില്‍ കത്തിയുമായി എത്തിയ യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. സ്വയരക്ഷയ്‌ക്കായി സ്‌ഥിരമായി കൊണ്ടുനടക്കുന്ന കത്തിയാണെന്നു യുവാവ് പറഞ്ഞെങ്കിലും പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കലാപ്രേമി പത്രത്തിന്റെ ഗ്രാഫിക് ഡിസൈനറും ഫൊട്ടോഗ്രാഫറുമാണെന്ന് അവകാശപ്പെട്ട മേലാറന്നൂര്‍ സ്വദേശി അജേഷ് കുമാറിനെ(30)യാണ് അറസ്‌റ്റ് ചെയ്‌തത്. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ പത്രത്തില്‍ ജോലി ചെയ്യുന്നില്ലെന്നു സ്‌ഥാപന ഉടമ അറിയിച്ചു.
ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വിജെടി ഹാളില്‍ എത്തുന്നതിനു മുന്‍പായിരുന്നു സംഭവം. മെറ്റല്‍ ഡിറ്റക്‌ടറിലൂടെ ഹാളിനകത്തേക്കു കടക്കുമ്പോള്‍
അലാം മുഴങ്ങിയപ്പോഴാണു ബാഗ് പരിശോധിച്ചത്. മേലാറന്നൂര്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനു സമീപം മൂന്നു മാസം മുന്‍പു വാഹനം കൂട്ടിയിടിച്ചതു സംബന്ധിച്ചു വേലായുധന്‍ എന്നയാളുമായി വഴക്കുണ്ടായെന്നും ഇതേത്തുടര്‍ന്ന് ആത്മരക്ഷയ്‌ക്കായി കത്തി കൊണ്ടുനടക്കുകയാണെന്നും യുവാവ് മൊഴി നല്‍കി. ഇതു വിശ്വസനീയമല്ലെന്നും നിജസ്‌ഥിതി അന്വേഷിക്കുകയാണെന്നും മ്യൂസിയം പൊലീസ് പറഞ്ഞു.
ദിവസങ്ങള്‍ക്കു മുന്‍പു മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അസഭ്യവാക്കുകളുമായി ഒരാള്‍ എത്തിയത് ഒച്ചപ്പാടുണ്ടാക്കിയിരുന്നു. സുരക്ഷാക്രമീകരണ വീഴ്‌ചയ്‌ക്കു പൊലീസ് ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്‌തു. ഇതേത്തുടര്‍ന്നു കനത്ത പൊലീസ് സുരക്ഷയിലാണു മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ നടക്കുന്നത്. മുഖ്യമന്ത്രി പങ്കെടുത്ത മറ്റൊരു ചടങ്ങില്‍ വൈദ്യുതി മുടങ്ങിയതും സുരക്ഷാപ്രശ്‌നമുണ്ടാക്കിയിരുന്നു.












