തച്ചപ്പള്ളി ശശിധരന്‍ നായര്‍
ഉത്തമഗുരുശിഷ്യന്മാരുടെ സംഗമം ലോകത്ത് അത്യപൂര്‍വ്വമായിട്ടേ സംഭവിക്കാറുള്ളൂ. ശ്രീരാമകൃഷ്ണദേവനും സ്വാമി വിവേകാനന്ദനുമെന്നപോലെ. ഒരു നിയോഗമാണ് ബ്രഹ്മശ്രീനീലകണ്ഠഗുരുപാദരും ജഗദ്ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളും തമ്മിലുണ്ടായ സമാഗമവും. ഉത്തമഗുരുവിനും ഉത്തമശിഷ്യനനും ഉണ്ടായിരിക്കേണ്ട സിദ്ധികളും ഗുണവിശേഷണങ്ങളും എന്തൊക്കെയാണെന്ന് നമ്മുടെ ഉപനിഷത്തുകളില്‍ പ്രകീര്‍ത്തിതങ്ങളാണ്. ഗുരുവിനെ ഉപഹാരാദികളോടുകൂടി സ്വീകരിച്ച് യഥാവിധി ബഹുമാനിച്ച് ഉപനിഷത്ത് പാഠങ്ങള്‍ അഭ്യസിക്കുന്നതായാല്‍ ശിഷ്യന് വിദേഹമുക്തി അഥവാ കൈവല്യമുക്തി ലഭിക്കുന്നതാണ്.
ഗുരുവിനും ചില ഗുണവൈശിഷ്ട്യങ്ങള്‍ വേണ്ടതുണ്ട്. അദ്ദേഹം ശ്രദ്ധാലുവും കുലീനനും ശ്രോതിയനും ആയിരിക്കണം. കൂടാതെ ശാസ്ത്രപാരംഗതനും സത്ഗുണമ്പന്നനും ഋജുബുദ്ധിയും സര്‍വ്വഭൂതഹിതതല്‍പരനും ദയാവാരിധിയും കൂടിയായിരിക്കണം. ഗുരുശിഷ്യബന്ധത്തിന്റെ മഹിമ കര്‍ത്തവ്യാനുഷ്ഠാനത്തിനും കര്‍മ്മനിര്‍വ്വഹണത്തിനും പ്രാധാന്യം നല്‍കണമെന്ന തത്വമാണ് സ്വാമിജി സ്വകര്‍മ്മാനുഷ്ഠാനത്തിലൂടെ നമ്മെ പഠിപ്പിച്ചത്. അദ്ധ്യാത്മനിഷ്ഠയോടുകൂടി ചെയ്യുന്ന പ്രവര്‍ത്തിയാണ് കര്‍മ്മം. ഫലാപേക്ഷയോടുകൂടി ചെയ്യുന്ന മറ്റെല്ലാ പ്രവൃത്തികളും ‘അകര്‍മ്മ’മാകുന്നു. ഫലകാംക്ഷയുണ്ടെങ്കില്‍ വ്രതം, തപം, ദാനം മുതലായവയെല്ലാം അകര്‍മ്മത്തില്‍പ്പെടും. ആ മഹാമനീഷിയുടെ കര്‍മ്മപഥം ഈ തത്വനിഷ്ഠയില്‍ അടിയുറച്ചതായിരുന്നു.
ഉപനിഷത്തുകളില്‍ കാണുന്ന ഗുരുസങ്കല്പം ബ്രഹ്മസങ്കല്‍പത്തെ ആസ്പദമാക്കി ആദരിക്കപ്പെടുന്നു. നമ്മുടെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍നിന്ന് ഗുരുസങ്കല്പംകൊണ്ടു നിയന്ത്രിതമായ ഒരു സമൂഹം ഭാരതത്തിനു പണ്ടുണ്ടായിരുന്നു എന്നു മനസ്സിലാക്കാം.
ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഐക്യഭാവനയ്ക്കടിസ്ഥാനം ജ്ഞാനമാണ്. ഈ ജ്ഞാനം പ്രദാനം ചെയ്യുന്നതിന് ശിഷ്യനെ പരാവിദ്യശീലിപ്പിക്കേണ്ട ചുമതല ഗുരുവിനുള്ളതാണ്. ഒരു പക്ഷേ ശ്രീനീലകണ്ഠഗുരുപാദരെപ്പോലുള്ള മഹായോഗികള്‍ക്ക് മാത്രമേ അതിനുകഴിഞ്ഞെന്നുവരൂ. ശിഷ്യനാകട്ടെ എല്ലായ്‌പ്പോഴും ഏകാഗ്രതയോടെ ഭക്തിപൂര്‍വ്വം ഭഗവാനെയും ഗുരുവിനെയും സേവിക്കണം. (ജഗദ്ഗുരുസ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുഭക്തി സുവിദിതമാണ്) ഗുരുവിനെ ഒരിക്കലും നിന്ദിക്കുവാന്‍ പാടില്ല. ഗുരുനിന്ദകന്റെ ദര്‍ശനമോ അന്നമോ സന്യാസിമാര്‍ ആഗ്രഹിക്കരുതെന്നാണ് പ്രമാണം. നിത്യജീവിതത്തില്‍ പ്രാതസ്മരണീയനായി പൂജിക്കപ്പെടുന്നവനാണ് ഗുരു.
സ്വാമിജിയെ കുട്ടിക്കാലം മുതല്‍ക്കേ സ്വാധീനിച്ചിരുന്നത് വിവേകാനന്ദന്റെ അദ്ധ്യാത്മജീവിതവും ഭഗവാന്‍ ശ്രീകൃഷ്ണന്റെ പ്രത്യേകതകളുമായിരുന്നു. ബിരുദാനന്തരം വീടുവിട്ടിറങ്ങി സമ്പൂര്‍ണ്ണ അദ്ധ്യാത്മജീവിതത്തിനുവഴിയൊരുക്കണമെന്നതായിരുന്നു ആ മഹാത്മാവിന്റെ ലക്ഷ്യം. ഹിമാലയത്തിലെ ഋഷിവാടങ്ങളെപ്പറ്റിയും, ഹരിദ്വാര്‍, ഹൃഷികേശ്, ഉത്തരകാശി, ബദരി തുടങ്ങിയ പുണ്യസ്ഥലങ്ങളെപ്പറ്റിയുമുള്ള കേട്ടറിവ് ഹിമാലയത്തിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ജിജ്ഞാസ വര്‍ദ്ധിപ്പിച്ചിരുന്നു. പ്രകൃതിയിലെ ചില പ്രത്യേക സംഭവങ്ങള്‍ സ്വാമിജിയുടെ പ്രത്യേകശ്രദ്ധയ്ക്ക് ആക്കം കൂട്ടിയിരുന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിനടുത്തുള്ള പണിമൂലദേവീക്ഷേത്രത്തിലും വീട്ടിനക്കരെയുള്ള ഒരു വലിയ കാട്ടിനുള്ളിലും രാത്രിയുടെ നിശ്ശബ്ദയാമങ്ങളില്‍ പല നാളുകളും അദ്ദേഹം കഴിച്ചുകൂട്ടിയിരുന്നു. അപ്പോഴൊക്കെ അടക്കാനാകാത്ത ഒരാഹ്വാനശക്തി എങ്ങോട്ടോ നയിക്കുന്നതുപോലെയും വിളിക്കുന്നതുപോലെയും അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. ഈ അനുഭവങ്ങള്‍ ഹിമാലയത്തിലേക്കു പുറപ്പെടാമെന്ന തീരുമാനത്തിലെത്തിച്ചു.
സ്വാമിജിയുടെ തീരുമാനങ്ങളെല്ലാം ഉറച്ചതായിരിക്കും. അതില്‍നിന്നും വ്യതിചലിപ്പിക്കുവാന്‍ മറ്റാര്‍ക്കും സാധ്യമല്ല, ഗുരുത്വമെന്തെന്നുനമ്മെ പഠിപ്പിച്ച ആ ജഗദ്ഗുരുവിന്റെ ഗുരുനാഥനല്ലാതെ. രാത്രി രണ്ടുമണിക്ക് തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന ‘ജനതാ എക്‌സ്പ്രസ്സില്‍’ യാത്രയ്ക്കുള്ള തയ്യാറെടുപ്പായി. ഈ തീരുമാനം മറ്റാരും അറിഞ്ഞിരുന്നില്ല. വീട്ടുകാരെയും കൂട്ടുകാരെയും വെടിഞ്ഞുകൊണ്ടുള്ള മാനസ്സികതയ്യാറെടുപ്പിന് ഏകദേശം രണ്ടാഴ്ചയേവേണ്ടിവന്നുള്ളൂ. യാത്രതിരിക്കാനുദ്ദേശിച്ചതിന്റെ തലേദിവസമെത്തി. അന്ന് സ്വാമിജിയുടെ ഗുരുനാഥനായ ബ്രഹ്മശ്രീനീലകണ്ടഗുരുപാദരുടെ ആജ്ഞയുമായി വീട്ടിലെത്തി. ഗുരുപാദര്‍വിളിക്കുന്നുവെന്നും ഉടന്‍ എത്തണമെന്നും അദ്ദേഹത്തെ അറിയിച്ചു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. അമ്മയെക്കണ്ട് അനുവാദവുംവങ്ങി നേരെ ഗുരുപാദങ്ങളുടെ അടുത്തെത്തി. കണ്ടമാത്രയില്‍ തൃക്കൈകൊണ്ട് വിഭൂതിനല്‍കി അനുഗ്രഹിച്ച് ശിരസില്‍ കൈവച്ച് അനുഗ്രഹിച്ചു. പിന്നെ മഹാനുഭാവന്റെ ശാന്തഗംഭീരമായ ഹൃദയസരസില്‍നിന്നും ഉദ്ഗളിച്ച വാക്‌സുധയാണ് ജഗദ്ഗുരുസ്വാമിസത്യാനന്ദസരസ്വതിതൃപ്പാദങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിന്റെ അടിക്കല്ലായിനിലകൊണ്ടത്. ‘എവിടെ ഓടുന്നെടോ, അവിടുള്ളതൊക്കെത്തന്നെയാണ് ഇവിടെയുമുള്ളത്. ഇവിടെ ഇല്ലാത്തതൊന്നും അവിടെയുമില്ല’. മഹാപ്രഭുവായ ആ പരമഗുരുവിന്റെ ആജ്ഞാശക്തിയില്‍ അന്തര്‍ലീനമായിരുന്ന ഇച്ഛാശക്തിയും ക്രിയാശക്തിയുമാണ് പില്‍ക്കാലത്ത് സ്വാമിജിയെ ധര്‍മ്മോപസകനായ ഒരു മഹായോഗിയാക്കിത്തീര്‍ത്തത്.
ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ ശ്രീരാമസീതാഹനുമദ് വിഗ്രഹങ്ങള്‍ ആശ്രമത്തില്‍ പ്രതിഷ്ഠിച്ചശേഷം നിത്യപൂജയുടെ തുടക്കം കുറിക്കുവാന്‍ അവകാശം ലഭിച്ചത് സ്വാമിജിക്കായിരുന്നു. തന്റെ ഉപാസനയുടെ അനന്തതയിലേക്ക് ഉയരുവാനും മറ്റാര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ആ മായാ മണ്ഡലത്തില്‍ നിന്നുകൊണ്ട് ജനകോടികള്‍ക്ക് കാരുണ്യാമൃതം ചൊരിയുവാനും അദ്ദേഹത്തിന്റെ ഗുരുനാഥന്‍ നല്‍കിയ അനുഗ്രഹമായിരുന്നു അത്. രാമോപാസനകൊണ്ട് മഹത്വമാര്‍ജിച്ച ആഞ്ജനേയനെപ്പോലെ ഗുരുവചനങ്ങളെ അണുവിടതെറ്റാതെ പാലിച്ച് ആശ്രമത്തിലെ പൂജാദികര്‍മ്മങ്ങള്‍ ഏറ്റവുംവലിയ ഉപാസനയായി സ്വീകരിച്ച ആ മഹാത്മാവ് ഇന്ന് ലോകംമുഴുവന്‍ നിറഞ്ഞുനില്ക്കുന്ന ഒരത്ഭുത പ്രതിഭാസമായി തീര്‍ന്നിരിക്കുന്നു.
ആദ്യമായി പൂജയ്ക്കുപ്രവേശിക്കുന്ന വേളയില്‍ ഗുരുവിന്റെ പാദപത്മങ്ങളില്‍ തൊട്ടുവണങ്ങി അനുഗ്രഹംവാങ്ങുമ്പോള്‍ ആ തൃക്കൈകള്‍കൊണ്ട് തന്നെ അഭിഷേകത്തിനുള്ള ഇളയനാളീകേരം സ്വാമിയെ ഏല്‍പിച്ചു. അനന്തരം ഇളനീരും പനിനീരും ശുദ്ധജലവും അഭിഷേകത്തിനുപയോഗിച്ചു. അഭിഷേകത്തിനുശേഷം മാലചാര്‍ത്താനുള്ള അനുജ്ഞനല്‍കിയിട്ട് ഗുരുനാഥന്‍ അദ്ദേഹത്തിന്റെ സധാരണ ഇരിപ്പിടത്തിലേക്ക് പോയി. ആത്മദര്‍ശനത്തിനും ലോകസേവനത്തിനുമുള്ള അധികാരമായിരുന്നു സ്വാമിജിക്ക് അന്ന് ഗുരുനാഥന്‍ നല്‍കിയത്. ആ മഹൂഗുരുവിന്റെ എല്ലാ അനുഗ്രഹവും ഏറ്റുവാങ്ങി അരനൂറ്റാണ്ടോളം ആശ്രമത്തില്‍ തന്നെ തന്റെ ഉത്തമ തപോജീവിതം നയിച്ച് സത്യധര്‍മ്മങ്ങളുടെ വക്താവായിനിന്നുകൊണ്ട് ലോകോദ്ധാരണാര്‍ത്ഥം അവതരിച്ച ആ മഹാത്മാവ് 2006 നവംബര്‍ 24-ാം തീയതി വെളളിയാഴ്ച തന്റെ ഭൗതികശരീരം വെടിഞ്ഞ് ജ്യോതിക്ഷേത്രത്തില്‍ സമാധിസ്ഥനായി. കല്പാന്തകാലംവരെ പ്രഭാപൂരം പരത്തി. ഈ സമാധിക്ഷേത്രം ജനകോടികളെ ആകര്‍ഷിച്ച് ലോകോത്തരമായ ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറുമെന്നതില്‍ സംശയമില്ല.
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.
Discussion about this post