അഹമ്മദാബാദ്: 294 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തിയെന്ന് വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചു.
അട്ടിമറി തല്‍ക്കാലം സംശയിക്കുന്നില്ലെങ്കിലും എന്‍ഐഎയും അന്വേഷണത്തില്‍ പിന്തുണക്കും. അപകടത്തിന്റെ കാരണം കണ്ടെത്തെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യോമയാന മന്ത്രി റാംമോഹന്‍ നായിഡു വ്യക്തമാക്കി.
അപകട സ്ഥലത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ ഡിവിആര്‍ അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. അവസാന നിമിഷം വിമാനത്തിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് ഡിവിആറിലൂടെ വ്യക്തമാകും.
അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേരും മരിച്ചതിനു പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരില്‍ അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.
ദുരന്തത്തിന്റെ ആഘാതം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി വിലയിരുത്തി. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലുള്ളവരെയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഉന്നതതല യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.












