കൊച്ചി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ സന്യാസിയും ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി മാനേജിംഗ് കമ്മിറ്റി അംഗവും കൊച്ചി കലൂര്‍ പാട്ടുപുരയ്ക്കല്‍ ശ്രീ ഭഗവതീക്ഷേത്രം ദേവസ്വം അധികാരിയുമായിരുന്ന സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ (59) സമാധിയായി. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് (ജൂണ്‍ 4) രാവിലെ 11.30ന് സമാധിയായി.
വാഴൂര്‍ തീര്‍ത്ഥപാദ ആശ്രമത്തിലെ പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദസ്വാമികളില്‍ നിന്നും സന്യാസം സ്വീകരിച്ച ശേഷം ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെ ആത്മീയഗുരുവായി വരിച്ച് സമാജത്തിനുവേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ അയോധ്യയ്ക്കു സമീപമുള്ള സുര്വാരി ശ്രീരാമദാസ ആശ്രമത്തില്‍ ഏഴുവര്‍ഷക്കാലം സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് ശ്രീരാമദാസമിഷന്‍ ദേവസ്ഥാനമായ പാട്ടുപുരയ്ക്കല്‍ ശ്രീ ഭഗവതിക്ഷേത്രത്തിലെ ദേവസ്വം അധികാരിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി മാനേജിംഗ് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ഏറെക്കാലമായി ശ്രീരാമനവമി രഥയാത്രയുടെ കണ്‍വീനറുമായിരുന്നു.
സമാധിചടങ്ങുകള്‍ നാളെ (ജൂണ്‍ 5) രാവിലെ 11ന് തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമവളപ്പില്‍ നടക്കും.
ഗുരുനാഥനില്‍ സമര്‍പ്പിതമായി സേവനമനുഷ്ഠിച്ച ശ്രേഷ്ഠനായ യതിവര്യനെയാണ് സ്വാമി സത്യാനന്ദ തീര്‍ത്ഥപാദരുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുസ്മരിച്ചു. ശ്രീരാമനവമി രഥയാത്രയില്‍ കര്‍മ്മനിരതമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് തീരാനഷ്ടമാണെന്ന് ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍ പറഞ്ഞു.