അഡ്വ. സി.എന്‍ . ബാലകൃഷ്ണന്‍ നായര്‍
പലരും പലപ്പോഴും ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് സ്വാമിജി ആരെന്ന്. ഞാന്‍ എന്നോടും തന്നെയും ചോദിച്ചിട്ടുണ്ട്. എനിക്ക് ഉത്തരം കിട്ടിയില്ല. ഇപ്പോള്‍ ഞാന്‍ വേഗം ഉത്തരം പറയും. – എനിക്കറിഞ്ഞുകൂടാ. എന്നാല്‍ തിര്യക്കുകള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നു. വിശേഷബുദ്ധിയുള്ള മനുഷ്യന് മനസ്സിലാക്കാന്‍ കഴിയുന്നില്ല.
1977 ആരംഭം മുതല്‍ സ്വാമിജിയുമായി അടുത്ത് ഇടപഴകാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് വളരെ ഏറെ സഞ്ചരിച്ചിട്ടുണ്ട്. ഒരുമിച്ച് താസമിച്ചിട്ടുണ്ട്. മൂകാംബികയിലെ സൗപര്‍ണ്ണികയില്‍ ഞങ്ങള്‍ കൂട്ടുകാരെപ്പോലെ വെള്ളം തെറ്റി കളിച്ചിട്ടുണ്ട്. കവിതകള്‍ ചൊല്ലി രസിച്ചിട്ടുണ്ട്. പൊതുയോഗങ്ങളില്‍ പലവുരു സ്വാമിജിയുടെ പ്രസംഗത്തിന് മുന്‍പ് പ്രസംഗിച്ചിട്ടുണ്ട്. ആസ്വാദ്യങ്ങളായ അനുഭവങ്ങള്‍ ഏറെയുണ്ട്. എങ്കിലും സ്വാമിജി ആരെന്ന് എനിക്കറിഞ്ഞുകൂടാ. അത് അന്വേഷിക്കാനുള്ള അര്‍ഹത എനിക്കില്ലെന്ന് മനസ്സിലായി.
എന്നാല്‍ തിര്യക്കുകള്‍ സ്വാമിജിയെ തിരിച്ചറിയുന്നു. 1983-ല്‍ ഒരു ദിവസം രാത്രി പത്തുമണിയോടുകൂടി സ്വാമിജിയും മറ്റു നാലുപേരും കൂടി എന്റെ വീട്ടില്‍ വന്നു. ആ കാലത്ത്, കറുത്ത് പൊക്കംകൂടിയ ഒരു ഡോബര്‍മാന്‍ പട്ടി എനിക്കുണ്ടായിരുന്നു. രാത്രിയില്‍ അവനെ കൂടിനു വെളിയില്‍ വിടും. അവനല്‍പം പിശകുമായിരുന്നു. ഞാന്‍ ഓടിച്ചെന്ന് ഗേറ്റ് തുറന്ന് സ്വാമിജിയെയും ആള്‍ക്കാരെയും മുറിക്കകത്താക്കി വാതിലടച്ചു. യാദൃശ്ചികമായി വാതില്‍ തുറന്നപ്പോള്‍ പട്ടി ചാടി അകത്തുകയറി. സ്വാമജിയുടെ കൂടെ ഉണ്ടായിരുന്നവരും ഞാനും ഭയന്നു. സ്വാമിജി മാത്രം ഒന്നും സംഭവിക്കാത്ത രീതിയില്‍ ഇരുന്നു. പട്ടി മൊത്തമൊന്നു നോക്കി. അവന്‍ നേരെ ചെന്ന് സ്വാമിജിയുടെ പാദത്തിനടുത്തെത്തി ശാന്തനായി കിടന്നു. ‘അവനവിടെ കിടന്നോട്ടെ’ എന്നുമാത്രം സ്വാമിജി പറഞ്ഞു മറ്റുള്ളവരുടെ ഭയം വിട്ടുമാറിയിരുന്നില്ല. സ്വാമിജി ഇരുന്നിടത്തുനിന്നും എഴുന്നേല്‍ക്കുന്നതുവരെ ആ പട്ടി ചലനരഹിതനായി കിടന്നു. സ്വാമിജി എഴുന്നേറ്റപ്പോള്‍ പട്ടി സ്വയം പുറത്തുപോയി. ആ പട്ടിക്ക് സ്വാമജിയെ തിരിച്ചറിയാന്‍ വിഷമമുണ്ടായില്ല.
2000-ാമാണ്ട് ഒക്ടോബര്‍ മാസത്തില്‍ സ്വാമിജി ബോസ്റ്റണില്‍ (യു.എസ്.എ) ഏതാനും ദിവസം എന്റെ മകന്റെ വീട്ടില്‍ താമസിച്ചിരുന്നു. അവിടെ വച്ച് മനസ്സുകൊണ്ട് ഭാരതീയനായ ഒരു അമേരിക്കക്കാരനെ കുറിച്ച് ഞാന്‍ സ്വാമിജിയോട് സംസാരിച്ചു. ബോസ്റ്റണില്‍ നോര്‍വുഡ് എന്ന സ്ഥലത്തുനിന്നും ആക്ടണിലേക്ക് പോകുന്ന വഴിക്ക് ഷെര്‍ബോണ്‍ എന്ന സ്ഥലത്ത് കുടുംബസഹിതം താമസിക്കുന്ന ലൂയിസ് റാന്‍ഡാ എന്നയാളിനെപ്പറ്റിയാണ് ഞാന്‍ സംസാരിച്ചത്. അദ്ദേഹത്തിന്റെ വീടിന് മുന്‍വശത്ത് റോഡരുകില്‍ മഹാത്മാഗാന്ധിയുടെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഏത് ഇന്‍ഡ്യക്കാരനേയും ആകര്‍ഷിക്കുന്ന ഒരു കാഴ്ച. ഒരു മ്യൂസിയത്തിലോ പൊതു സ്ഥലത്തോ ആയിരുന്നു ആ പ്രതിമ സ്ഥാപിച്ചിരുന്നതെങ്കില്‍ ഇത്രയ്ക്ക് പ്രത്യേകത തോന്നുമായിരുന്നില്ല. അയാളെ ഒന്നു കാണാം എന്ന എന്റെ ആഗ്രഹം സ്വാമിജി അംഗീകരിച്ചു. അടുത്ത ദിവസം സ്വാമിജി റാന്‍ഡായുടെ വീട്ടിലെത്തി. ആശ്രമബന്ധുവായ ഒരു ഗൃഹസ്ഥാശ്രമിയുടെ വീട്ടില്‍ ചെല്ലുന്ന സ്വാതന്ത്ര്യത്തോടെയാണ് സ്വാമിജി അവിടെ എത്തിയത്. ആദരവോടെ അയാള്‍ സ്വാമിജിയെ സ്വീകരിച്ചു. സസന്തോഷം കുറേ സമയം സംസാരിച്ചിരുന്നു. റാന്‍ഡ ഒരു ഈശ്വരഭക്തനാണ്. അയാള്‍ ക്രിസ്ത്യാനിയല്ല, മുസല്‍മാനല്ല, ഹിന്ദുവല്ല, ബൗദ്ധനോ, ജൈനനോ അല്ല. എന്നാല്‍ എല്ലാമാണ്. ഒരു യഥാര്‍ത്ഥ മനുഷ്യന്‍ എല്ലാ മതങ്ങളുടെ പ്രാര്‍ത്ഥനകളും എന്നും അവര്‍ സകുടുംബം ചൊല്ലും. അത് അവരുടെ പ്രത്യേകതയാണ്.
യാത്ര പറഞ്ഞ സ്വാമിജി കാറിന്റെ സമീപത്തേക്ക് എത്തിയപ്പോള്‍ ‘എമിലി’ എന്ന അയാളുടെ പശു അത്യുച്ചത്തില്‍ അലറാന്‍ തുടങ്ങി. തുടര്‍ന്ന് ആ വീട്ടില്‍ വളര്‍ത്തുന്ന സകല ജീവികളും ഒരുമിച്ച് കരയാന്‍ തുടങ്ങി. സ്വാമിജി തിരിച്ചു നടന്നു. ‘എമിലി’യെ തലോടി സാന്ത്വനപ്പെടുത്തി. അവള്‍ക്ക് ഗോതമ്പ് ചതച്ചത് തിന്നാനും സ്വാമിജി കൊടുത്തു. സ്വാമിജി തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ സകല വളര്‍ത്തുമൃഗങ്ങളും നിശബ്ദരായി സ്വാമിജിയെ മാത്രം നോക്കി നിന്നു.
റാന്‍ഡായ്ക്ക് 3 പശുക്കള്‍, 4 ആട്, 3 താറാവ്, പത്തിരുപത് കോഴി, ഒരു പട്ടി, 2 കുതിര ഇത്രയും വളര്‍ത്തുമൃഗങ്ങളുണ്ട്. സ്വാമിജിയുടെ വസ്ത്രത്തിന്റെ നിറം കണ്ട് ഭയന്ന് അവ ശബ്ദമുണ്ടാക്കിയതല്ല. അങ്ങനെ ആയിരുന്നെങ്കില്‍ അവ സ്വാമിജിയെ വീട്ടിലേക്ക് വരുമ്പോഴായിരുന്നല്ലോ ശബ്ദമുണ്ടാക്കേണ്ടിയിരുന്നത്. ആ സമയത്ത് അവ നിശബ്ദരായിരുന്നു. അപ്പോള്‍ ഭയമല്ല കാരണം. അവരില്‍ അന്തര്‍ലീനമായിരിക്കുന്ന ആത്മ ചൈതന്യം ജാജ്വല്യമായ ചൈതന്യസ്വരൂപനായ സ്വാമിജി പിരിഞ്ഞു പോകുന്നതുകണ്ട് സ്വയം മറന്നുകരഞ്ഞുപോയതായിരിക്കണം.
ഇതുകണ്ട് അത്ഭുതസ്തബദ്ധനായി നിന്ന ലൂയിസ് റാന്‍ഡാ വിനീതനായി സ്വാമിജിയുടെ അടുത്തെത്തി പറഞ്ഞു എമിലിക്ക് ഒരു ചരിത്രമുണ്ട്. അവളെ ഒരു ഇറച്ചി കച്ചവടക്കാരന്‍ വില്‍പനയ്ക്ക് വാങ്ങി. അറവു ശാലയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് അവള്‍ കയര്‍പൊട്ടിച്ച് ഓടി. വളരെയധികം ഓടി. ഓടി റാന്‍ഡയുടെ വീട്ടില്‍ അഭയം തേടി, റാന്‍ഡാ പശുവിനെ പിടിച്ചുകെട്ടി. പിന്നാലെ അവളുടെ അറവുകാരും എത്തി. അവരെ കണ്ടമാത്രയില്‍ ഭയം കൊണ്ടു വിടര്‍ന്ന അവളുടെ കണ്ണുകള്‍ കണ്ട് ദയാലുവായ റാന്‍ഡാ ‘പേടിക്കണ്ട മോളെ, നിന്നെ ഞാന്‍ അവര്‍ക്ക് കൊടുക്കില്ലെ’ന്നും പറഞ്ഞു. പശുവിനെ ആവശ്യപ്പെട്ട അറവുകാരോട് യാതൊരു കാരണവശാലും പശുവിനെ വിട്ടുതരില്ലെന്നായി റാന്‍ഡാ. മധ്യസ്ഥന്മാര്‍ ഇടപെട്ടു. അവസാനം പശുവിന്റെ വില കൊടുക്കാമെന്നായി റാന്‍ഡാ. അറവുകാരും സമ്മതിച്ചു. 500 ഡോളര്‍ പശുവിന് വിലപറഞ്ഞു അത് കൂടുതലാണെന്നായി റാന്‍ഡാ. വില പേശി പേശി അവസാനം ഇതേ പശുവിനെ ഒരു ഡോളര്‍ വിലയ്ക്ക് തന്നേക്കാമെന്നായി അറവുകാര്‍. അങ്ങനെ ഒരു ഡോളറിന് വാങ്ങിയതാണ് ഇവളെ. ഇവള്‍ക്ക് റാന്‍ഡാ, എമിലി എന്ന് പേരിട്ടു. 1995 ഡിസംബര്‍ മാസം 24-ാം തിയതിയാണ് എമിലി റാന്‍ഡായുടെ വീട്ടുമുറ്റത്ത് എത്തിയത്. വാത്സല്യത്തോടെ റാന്‍ഡായും കുടുംബവും എമിലിയെ പരിരക്ഷിച്ചു പോന്നു. കൃഷ്ണവര്‍ണ്ണത്തില്‍ വലിയ വെള്ളപ്പുള്ളികളുള്ള ഒരു നല്ല പശു. 2003 ഏപ്രില്‍ 2-ാം തീയതി എമിലി മരിച്ചു. എമിലിയുടെ ശവശരീരം മറവു ചെയ്തു. ബോസ്റ്റണിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെ പൂജാരികളെ വരുത്തി ഹൈന്ദവാചാരപ്രകാരമുള്ള പിതൃപൂജകള്‍ കഴിച്ച് പിതൃശുദ്ധി വരുത്തി. സ്വന്തം കുടുംബത്തിലെ പ്രധാന അംഗത്തിന്റെ വേര്‍പാടിന്റെ ദൂഃഖം ആ വീട്ടില്‍ ഏതാനും ദിവസം തളംകെട്ടി നിന്നു. എങ്കിലും അവളെ മറക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
എമിലിയുടെ പേര് നിലനിര്‍ത്താനായി (W.H.O) യുടെ സഹായത്താല്‍ എമിലി മിഷന്‍ സ്ഥാപിച്ചു. ആ മിഷന്‍ ബോവൈന്‍ ലുക്കീമിയ വൈറസിനെക്കുറിച്ച് ഗവേഷണം നടത്തുന്നു. റാന്‍ഡായുടെ വീട്ടിലെ ഒരുമുറിയില്‍ ഹാര്‍ഡ് വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലൈഫ് എക്‌സ്റ്റെന്‍ഷന്‍ സ്‌ക്കീം പ്രവര്‍ത്തിക്കുന്നു.
അമേരിക്കയില്‍ പ്രത്യേകിച്ചും ബോസ്റ്റണ്‍ പ്രദേശത്തുള്ളവര്‍ എമിലിയെ താല്‍പര്യപൂര്‍വ്വം സ്മരിക്കുന്നു. കൂട്ടത്തില്‍ ലൂയിസ് റാനന്‍ഡായേയും. എമിലിയുടെ പ്രത്യേകത ആദ്യം ശ്രദ്ധിച്ചത് സ്വാമിജിയാണ്. സ്വാമിജിയോട് അവള്‍ കാണിച്ച സ്‌നേഹപ്രകടനങ്ങള്‍ മറ്റുള്ളവരുടെ ദൃഷ്ടിയില്‍ അവളെ ആകൃഷ്ടയാക്കി. സ്വാമിജി തിരിച്ചുവന്ന് എമിലിയുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. അവള്‍ കൂടുതല്‍ പ്രശസ്തയായി. ആ പ്രശസ്തി മരണാനന്തരവും വളര്‍ന്നു കൊണ്ടിരുന്നു. സ്വാമിജിയെ തിരിച്ചറിഞ്ഞതും സ്വാമിജിയുടെ അനുഗ്രഹം നേടാന്‍ ഭാഗ്യം സിദ്ധിച്ചതുമായ എമിലിയെ ഞാന്‍ ഹൃദയംകൊണ്ട് ഒരു പൂമാല ചാര്‍ത്തുന്നു.
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.
Discussion about this post