ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.
മഹാനദികളുടെയും മഹാപുരുഷന്മാരുടെയും ഉദ്ഭവം അന്വേഷിക്കേണ്ട കാര്യമില്ല. അവരുടെ ജീവിതത്തിന്റെ മഹത്വവും സേവനവും കൊണ്ടുതന്നെ ജനങ്ങള്‍ക്ക് വ്യക്തമാകുന്നസത്യം എടുത്തുപറയേണ്ടതില്ല. സഹിച്ചും ക്ഷമിച്ചുമുള്ള സേവനമാണിരുകൂട്ടരും നല്കുന്നത്. മഹാമനീഷികള്‍ ലോകനന്മയ്ക്കുവേണ്ടി തപസ്സനുഷ്ഠിക്കുന്നവരാണ്. അനര്‍ഗളം പ്രവഹിക്കുന്ന പരിശുദ്ധജലത്തിലൂടെ തളിര്‍പ്പിച്ചും കുളിര്‍പ്പിച്ചും സേവനം നല്കുന്ന മഹാനദിയും ഉദ്ഭവത്തെ അടിസ്ഥാനമാക്കി വിലയിരുത്തപ്പെടേണ്ടതല്ല. ഗിരിശൃംഗങ്ങളില്‍ നിന്നുദ്ഭവിച്ച് പുളഞ്ഞൊഴുകി. താഴ്‌വരകളെയും താന്തങ്ങളായ സമതലങ്ങളേയും തഴുകിതളിര്‍പ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന മഹാനദികള്‍ സമീപത്തുള്ള സമുദ്രത്തില്‍ വിലയം പ്രാപിക്കുന്നു. മഹാത്മാക്കളുടെ ജീവിതവും ബ്രഹ്മസങ്കല്പമെന്ന അനന്തസങ്കല്പത്തില്‍ വിലയം പ്രാപിക്കുന്നതാണ്. അധ്യാത്മജീവിതത്തില്‍ സമ്പൂര്‍ണ്ണനിസ്സംഗത്വം പ്രാപിക്കുമ്പോള്‍ മാത്രമേ നിര്‍വികല്പസമാധി അനുഭവപ്പെടുന്നുള്ളു.
നിസ്സംഗത്വം കര്‍മങ്ങളെ നിരസിക്കലോ നിന്ദിക്കലോഅല്ല. സ്വാര്‍ത്ഥപരമായ ആവശ്യങ്ങള്‍ക്ക് കര്‍മങ്ങള്‍ നിസ്സങ്കോചം ചെയ്യുകയും പരാര്‍ത്ഥമായി കര്‍മങ്ങള്‍ ചെയ്യേണ്ടിവരുമ്പോള്‍ നിസ്സംഗത്വം പറഞ്ഞു വേദാന്തത്തിന്റെ ഉണക്കക്കൊമ്പുകളില്‍ തൂങ്ങിനില്‍ക്കുകയും ചെയ്യുന്ന ധാരാളം നിഷ്‌ക്രിയവാദികളിന്നുണ്ട്. നിസ്സംഗത്വം നിഷ്‌ക്രിയത്വമാണെങ്കില്‍ കരിമ്പാറകള്‍ നിസ്സംഗരാണെന്ന് പാതജ്ഞലയോഗസൂത്ര ഭാഷ്യത്തില്‍ ഒരു ഭാഷ്യകാരന്‍ പറഞ്ഞിട്ടുണ്ട്. കര്‍മങ്ങളിലൂടെ നിരാമയത്വം നേടുക വിഷമമുള്ള കാര്യമാണ്. അപൂര്‍വം ചിലര്‍ക്കുമാത്രമേ അതുനേടിയെടുക്കാനാകൂ. ഗുരുകടാക്ഷംകൊണ്ടും അവിരാമമുള്ള നിഷ്‌കാമകര്‍മങ്ങള്‍ കൊണ്ടും മാത്രമേ ഇതു സാധ്യമാകുകയുള്ളൂ. വാചാലതയും ഉദ്ധരണികളു ഇതിനു പ്രയോജനപ്പെടുകയില്ല. മഹാപ്രഭുവായ ബ്രഹ്മശ്രീ നിലകണ്ഠഗുരുപാദരുടെ ജീവിതം മുഴുവന്‍ പരിശോധിച്ചാല്‍ അദ്ദേഹം ഉച്ചരിച്ചവാക്കുകള്‍ അംഗുലീപരിമിതങ്ങളായ പേജുകളില്‍ ഒതുങ്ങി നില്‍ക്കും. എന്നാല്‍ അതിന്റെ വിശദമായ വ്യാഖ്യാനങ്ങള്‍ വാചാലവും ദൂരവ്യാപകവുമായ ഫലങ്ങളൊണുളവാക്കുന്നത്. സിദ്ധാന്തപരമായ കാര്യങ്ങള്‍ നിരത്തിവച്ചും അടിസ്ഥാനമായ പ്രായോഗികതത്ത്വങ്ങളെ നിസ്സാരമാക്കിത്തള്ളിയും വിഹരിക്കുന്ന ധാരാളം പേര്‍ അധ്യാത്മവിഷയംകൊണ്ട് ജീവിക്കുന്നുണ്ട്. അധ്യാത്മം ‘വിഷയ’ മാകുമ്പോഴും വിഷയം സമ്പാദ്യത്തിനും പൂനര്‍ജന്മത്തിനും കാരണമാകുന്നതല്ലാതെ അവരെ സംബന്ധിച്ചിടത്തോളം ജ്ഞാനത്തിന്റെയും മുക്തിയുടെയും മാര്‍ഗം തെളിയിക്കുകയില്ല. സ്വാര്‍ത്ഥതയ്ക്കുവേണ്ടിയും ഖ്യാതിക്കുവേണ്ടിയും വരുത്തിക്കൂട്ടുന്ന ഇത്തരം വിനകള്‍ക്ക് ആധ്യാത്മികതയുടെ പരിവേഷം ചാര്‍ത്തുന്നത് സന്യാസത്തിന് ഉചിതമാകുകയില്ല.
സമ്പാദ്യമാര്‍ഗത്തെ അവലംബിച്ച് മുന്നോട്ടുപോകുമ്പോള്‍ ത്യാഗം ഖേദകരമായിതീരുന്നുവെങ്കില്‍ അതും സന്യാസദീഷണമായിമാത്രമേ ഭവിക്കുകയുള്ളൂ. അധ്യാത്മമേഖലയുടെ മറവില്‍ അഭയം തേടുകയും ഭൗതികനേട്ടത്തിനുവേണ്ടി വാചാലമാകുകയും ചെയ്യുന്ന ഇത്തരം അപകടകാരികളെ സമൂഹം അറിഞ്ഞ് ഒഴിവാക്കുവാന്‍ പ്രാപ്തമാകണം. സ്വാമിജിയെപ്പോലുള്ള മഹാത്യാഗികളെ അനുസരിച്ചും അഭയം പ്രാപിച്ചും, കഴിയുന്നത്ര അനുകരിച്ചും മാത്രമേ ഇക്കാര്യം സമ്പാദിക്കാനാകൂ. സ്വീകരിക്കുന്നതും കൊടുക്കുന്നതും ധര്‍മത്തില്‍ പര്യവസാനിക്കുന്ന പാവനസങ്കല്പമായി പരിണമിക്കാന്‍ മഹാഗുരുക്കന്മാരുടെ സാമീപ്യവും അനുഗ്രഹവും പ്രയോജനകരമാണ്. സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യുന്നത് സമ്പൂര്‍ണ ധാര്‍മികസങ്കല്പത്തിലാണെങ്കിലും സ്വീകരിക്കുകയെന്നും കൊടുക്കുകയെന്നുമുള്ള രണ്ടുകര്‍മങ്ങള്‍ അവശേഷിക്കുന്നുണ്ട്. ദാനം ധര്‍മസങ്കല്പത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലത് ദാനമല്ല. മൂര്‍ത്തമായ അര്‍ത്ഥത്തില്‍, ദാനത്തിന്റെ മറുവശം സ്വാര്‍ത്ഥതയുടെ അംശത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദാനം കിട്ടുമെന്നുകരുതി സ്വധര്‍മനിര്‍വഹണത്തില്‍ നിന്നലസമായി മാറുന്നവരെ ദാനമെന്ന സങ്കല്പം വിട്ട് നിരുത്സാഹപ്പെടുത്തിയേ തീരൂ. ഇങ്ങനെ കര്‍മങ്ങളുടെ ജടിലത നന്മതിന്മകളെ വേര്‍തിരിക്കാന്‍ പ്രയാസപ്പെടുന്നതുകൊണ്ട് സമ്പൂര്‍ണ ത്യാഗം സ്വീകരിക്കുന്നതാണ് നിര്‍മുക്തവും, നിത്യമുക്തവുമായ അവസ്ഥയ്ക്കും അനുഭൂതിക്കും പ്രേരകമായിട്ടുള്ളത്.
”ഞങ്ങള് കഴിഞ്ഞതവണയും ഇങ്ങനെ തന്നെയായിരുന്നെടോ പിന്നെ സ്വല്പം ബാക്കിയുണ്ടായിരുന്നു അതുകൊണ്ടാണ് ഇപ്പോവന്നത്.” എന്ന് നിസ്സങ്കോചം പറയാന്‍തയ്യാറായ സ്വാമിജി ആത്മനിരൂപണത്തിലൂടെ എത്രവിശാലമായ ഒരുപാതയാണ് സാധകന്മാര്‍ക്ക് തുറന്നുകൊടുത്തതെന്ന് ഓര്‍മിക്കണം. അല്പം ബാക്കിവന്നാല്‍ അത് നിര്‍വഹിക്കുവാന്‍ വേണ്ടി ഒരിക്കല്‍കൂടി വരണമെന്നുള്ള പ്രകൃതിയുടെസത്യം ഖ്യാതിക്കുടവുതട്ടാനോ നിര്‍മലമായ അധ്യാത്മചിന്തയെ അഭിമാനചിന്തകൊണ്ട് മറയ്ക്കുവാനോ ഇടയാക്കരുതെന്ന് സ്വാമിജി തന്റെ വാക്കുകളിലൂടെ പ്രഖ്യാപിച്ചു. മനസ്സിനെ അന്യചിന്തയില്ലാതെ പരിശോധിക്കുവാന്‍ ആവശ്യപ്പെടുന്ന സന്ദേശമാണ് അദ്ദേഹമുള്‍കൊണ്ടത്. ജീവിതത്തിന്റെ കര്‍ക്കശവും കഠിനവുമായ ചിന്തയും ത്യാഗവും നിലനിര്‍ത്തുവാന്‍ വലിച്ചെറിഞ്ഞ സുഖസൗകര്യങ്ങള്‍ അനേകമാണ്. ചിലതെല്ലാം സ്വാമി പറഞ്ഞിരുന്നുവെങ്കില്‍ പലര്‍ക്കും അത് പ്രയോജനമാകുമായിരുന്നുവെന്ന സോഷ്യലിസ്റ്റ് ചിന്തക്ക് ഇവിടെ അല്പവും ഇടമില്ല. യോഗിയെ സംബന്ധിച്ച്, ലോകത്തിലുള്ള ഭൗതികചിന്തകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് ത്യാഗമോ സേവനമോ അല്ല. മറ്റൊരാളിനു ന്യായേന സഹായമായിതീരുന്ന കാര്യങ്ങള്‍ അനുഭവത്തില്‍ പലപ്പോഴും ക്രൂരമായ പ്രതികരണങ്ങള്‍ സൃഷ്ടിച്ചും പ്രലോഭനങ്ങളുളവാക്കിയും സമൂഹത്തില്‍ അസമാധാനം ഉണ്ടാക്കിയിട്ടുള്ളത് ഉദാഹരിക്കുവാനുണ്ട്.
സ്വാര്‍ത്ഥത നേടുന്നതിന് സ്വാമിജിയുടെ വാക്കുകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന, അനുഭവങ്ങളെയുണ്ടാക്കുന്ന യാതൊന്നും ഒരു യോഗിയുടെ ചിന്തയില്‍ ധാര്‍മികമോ സേവനമോ അല്ല. ഒരുസാധനം നഷ്ടപ്പെട്ടാല്‍ അതു കൊണ്ടനുഭവിക്കേണ്ട ദുഃഖം, മറ്റാരില്ലെങ്കിലും ആരോപിക്കുന്നതോ, അതുകൊണ്ട് അക്രമങ്ങള്‍ സൃഷ്ടിക്കുന്നതോ ന്യായീകരിക്കാവുന്നതല്ല. സംശയം വിധിയെഴുത്തിന് പറ്റിയതുമല്ല. അശ്രദ്ധയും കുറ്റവും തന്റേതാക്കി കരുതി നഷ്ടംസഹിക്കുവാനേ കഴിയുകയുള്ളൂ. എന്നാല്‍ ആ വസ്തു മറ്റൊരാള്‍ മോഷ്ടിച്ചതാണെന്നു സത്യംപറയുകയാണെങ്കില്‍കൂടി സംഭവിക്കുന്ന കോലാഹലങ്ങളും കോളിളക്കങ്ങളും എത്രയാണെന്നനുഭവത്തിലുള്ളതു കൊണ്ടും ചിന്തിച്ചറിയാവുന്നതുകൊണ്ടും ഉദാഹരണസഹിതം വ്യക്തമാക്കുന്നില്ല. ഉദാഹരണങ്ങളെ ഉദ്ധരിക്കുന്നതും തമ്മിലടിയുടെ ഫലംതന്നെ ഉളവാക്കും, അങ്ങനെ നിയന്ത്രണവും ത്യാഗവുംകൊണ്ട് കര്‍മങ്ങളില്‍ നിന്ന് നീതിയുക്തമായി പിന്തിരിയുവാന്‍ യോഗി കണ്ടെത്തുന്ന ന്യായങ്ങളും സിദ്ധാന്തങ്ങളും തര്‍ക്കിച്ച് ജയിക്കുന്നതുകൊണ്ടോ പരാജയപ്പെടുത്തുന്നതുകൊണ്ടോ ഫലം നല്‍കുന്നതല്ല.
മഹായോഗികളുടെ നിസ്വാര്‍ത്ഥവും നിസ്സംഗവുമായ കര്‍ത്തവ്യം സ്വയം ബാധ്യതയില്ലാത്ത കര്‍മങ്ങള്‍ നിര്‍വഹിച്ച് പരിപൂര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. തന്റെ ജീവിതത്തെ അനുകരിച്ച് തന്നെപിന്‍തുടരുന്ന കര്‍മസാധ്യതയുള്ള ശിഷ്യനേടോ ശിഷ്യന്മാരേയോ തിരഞ്ഞെടുക്കുമ്പോള്‍ അവരെ കര്‍മം ചെയ്യാന്‍ നിയോഗിക്കുകയല്ല ഗുരു ചെയ്യുന്ത്. മറിച്ച് ശിഷ്യന്റെ കര്‍മബാദ്ധ്യതകളെ ധാര്‍മികകര്‍മങ്ങളിലൂടെ നിയന്ത്രിക്കുവാനും നിയന്ത്രിതകര്‍മങ്ങളിലൂടെ നിര്‍മുക്തമാക്കുവാനുമുള്ള പരിശീലനം നല്‍കുകയാണ്. ”ഞങ്ങടെ ജോലിമാത്രമല്ലടോ നിനക്ക്; പത്തിരട്ടി ജോലിയുണ്ട്. വേഗം ചെയ്യണം” എന്ന് ഗുരുവചനമുണ്ടായത് എന്നെസംബന്ധിച്ച് കര്‍മനിര്‍വഹണത്തിനും മുക്തിക്കുമുള്ള അനുഗ്രഹമായിട്ടാണ് തീര്‍ന്നിട്ടുള്ളത്. അതുകൊണ്ട് ”വേഗം ചെയ്യണമെടോ” എന്നനിര്‍ദ്ദേശവും ഇന്നും കര്‍മ്മമാര്‍ഗത്തില്‍ എനിക്ക് പ്രോത്സാഹനമായി നില്‍ക്കുന്നു. ധര്‍മ്മമാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കാതെ കര്‍മങ്ങളെ ഗുരുസങ്കല്പത്തില്‍ കേന്ദ്രീകരിക്കുവാന്‍ കഴിയുന്നത് മറ്റാരില്‍നിന്നും ലഭിക്കാത്ത അനുഗ്രഹമാണ്. തന്റെ കര്‍മത്തില്‍ അല്പം ബാക്കിയുണ്ടായിരുന്നുവെന്ന് കണ്ടുപിടിക്കുവാനും അതറിഞ്ഞ് ആചരിച്ച് അവസാനിപ്പിക്കുവാനും ത്രികാലജ്ഞനായ മഹാത്മാവിനുമാത്രമേ കഴിയൂ. വറുത്ത വിത്തിന്റെ മുള പോലെ വാസനകളെ നശിപ്പിക്കണമെന്ന പൂര്‍വരാമായണനിര്‍ദേശം സ്വാമിജി നിര്‍ബന്ധമായി നടപ്പാക്കിയിരുന്നു. അനുകരണം കഠിനമാണെങ്കിലും അനുസരിക്കുന്നത് ലക്ഷ്യപ്രാപ്തിക്ക് പ്രയോജനമായിത്തീരും. അതിനുവേണ്ടി ത്യാഗത്തിന്റെ ഉച്ചകോടിയില്‍ പ്രതിഷ്ഠിക്കപ്പെട്ട ഒരു ഭദ്രദീപമായി സാധകര്‍ക്കും സാധാരണക്കാര്‍ക്കും ആ മഹത്ജീവിതം ധന്യതയേകുന്നു.
Discussion about this post