ബ്രഹ്മചാരി സുനില്‍കുമാര്‍
സ്വാമി വിവേകാനന്ദന്‍ , ശ്രീ ചട്ടമ്പി സ്വാമികള്‍ , ശ്രീനാരായണഗുരു ഇവര്‍ക്കുശേഷം ആധുനിക ലോകം കണ്ട മറ്റൊരു ശ്രേഷ്ഠനായ തപസ്വിയാണ് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി. കാലാകാലങ്ങളില്‍ സനാതന ധര്‍മ്മത്തിന് വന്നു കൂടുന്ന ഗ്ലാനികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ എത്തിച്ചേര്‍ന്ന യുഗപുരുഷന്‍മാരില്‍ അഗ്രഗണ്യനാണ് സ്വാമിജി. ധര്‍മ്മസംസ്ഥാപനത്തിന്റെ ആധുനിക മുഖം അത് മറ്റ് അധാര്‍മ്മിക പ്രസ്ഥാനങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും ഹിന്ദുധര്‍മ്മത്തെ സംരക്ഷിക്കുന്നതെങ്ങനെ എന്നതിന്റെ ജീവിച്ചുകാട്ടിയ ഉദാഹരണമാണ് സ്വാമിജി.
സന്യാസിയുടെ പരിവേഷവും എന്നാല്‍ അധികാര ചിഹ്നം ധരിക്കാതെ സാധാരണക്കാരില്‍ ഒരുവനായി ധര്‍മ്മരക്ഷണാര്‍ത്ഥം കര്‍മോത്സുകമായ കാവി ധരിച്ച് സത്യത്തില്‍ ആനന്ദം കൊണ്ടവനായി ഹിന്ദു ധര്‍മ്മ സംരക്ഷകനായി രാമദാസനായി ഒരു ആറു പതിറ്റാണ്ടു കാലത്തോളം സ്വാമിജി കര്‍മ്മകാണ്ഡത്തെ ജീവനുറ്റതാക്കി. ആ ശംഖധ്വനിയില്‍ ഹൈന്ദവജനത ആവേശം കൊണ്ട് വിളിച്ചോതി. ഹിന്ദുവിന് ഒരു നേതൃത്വം ഉണ്ട്.
കാവിമുണ്ടില്ല കമണ്ഡലവുമില്ല യോഗദണ്ഡില്ല, വിഭൂതിയില്ല. എന്ന ആര്‍ഷ മനീഷികളുടെ പാരമ്പര്യത്തെ പ്രോജ്വലിപ്പിക്കുന്ന ആദര്‍ശധീരനായ സ്വാമിജി തികഞ്ഞ ധര്‍മവാദിയും കര്‍മയോഗിയുമായിരുന്നു. രാഷ്ട്രീയം, മതം, സാമ്പത്തികം, സാംസ്‌കാരികം, കല, സാമൂഹികം, ഗണിതം, ശാസ്ത്രം, തന്ത്രം, മന്ത്രം എന്നുവേണ്ട സര്‍വ്വവിഷയങ്ങളിലും അദ്ദേഹം പാരംഗതനായിരുന്നുവെന്ന് പകല്‍പോലെ വ്യക്തമായി അടുത്തറിയുന്നവര്‍ക്കറിയാം. അനുഭവങ്ങള്‍ മാത്രം സാക്ഷി – ആ മഹാസന്നിധിയില്‍ ഭേദപ്പെടാത്ത അസുഖങ്ങളില്ല. തീരാത്ത വ്യാധികളില്ല – അവിടെ തീരാത്ത സംശയങ്ങളില്ല – അവിടെ നിയന്ത്രിക്കപ്പെടാത്ത തന്ത്രങ്ങളില്ല. ഇത്തരം ഒരു വിദ്യാധിരാജനെ ഭാരതാംബ ഇനിയൊരിക്കല്‍ക്കൂടി നമുക്ക് നല്‍കുമോ? എന്തിനും ഏക ഉത്തരം സ്വാമിജി തന്നെ. എട്ടൊന്‍പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ലേഖകനോട് പറഞ്ഞിട്ടുണ്ട്. ഇനി ഒരു 500 വര്‍ഷത്തേക്ക് സ്വാമിജിയെപ്പോലത്തെ ഒരു ഗുരു വരില്ലെടോ. ഇതിന്റെ തപസ്സ് 500 കൊല്ലത്തേക്കുള്ളതാണ്. അതിനാല്‍ തന്നെ ഇതിന്റെ ഫൗണ്ടേഷനും കുറച്ച് ബുദ്ധിമുട്ടുണ്ട്.
ഭാരതത്തിലെ ഓരോ സന്യാസിമഠത്തിനും അതിന്റെ പ്രവര്‍ത്തനത്തിനും പിന്നിലുള്ള തത്വം (തപസ്സിന്റെ) മാണ് സ്വാമിജി മേല്‍പ്പറഞ്ഞ വരികളില്‍.
സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് ശരവ്യമായ ഹിന്ദുമതത്തെ വളര്‍ത്തിയെടുക്കാന്‍ സ്വാമിജി കഴിവതും ശ്രമിച്ചു. മത പരിവര്‍ത്തനത്തിനും മതേതരത്വം എന്ന വ്യാജേനയുള്ള ഹിന്ദുമത ധ്വംസനത്തിനുമെതിരെ സ്വാമിജി കൊടുങ്കാറ്റായി ആഞ്ഞടിച്ചു. നിലയ്ക്കലും, പാപ്പാവേദിയും വൈക്കം സെമിത്തേരി പ്രശ്‌നവും അതിലെ ചില അദ്ധ്യായങ്ങള്‍ മാത്രം.
ഹിന്ദുവിന്റെ ത്യാഗവും അഹിംസാസിദ്ധാന്തവും ഭീരുത്വവുമാണെന്ന് കരുതിയവര്‍ക്കെതിരെ സ്വാമിജി ആദ്യമായി പ്രതികരിച്ചു. സന്യാസിയുടെ കര്‍മം ധര്‍മസംരക്ഷണമാകണം. അവിടെ ജാതി – വര്‍ഗ്ഗ ചിന്തകള്‍ക്ക് പ്രസക്തിയില്ല. ജാതിപ്പേര് പറഞ്ഞ് ഭിന്നിപ്പിച്ച് ഭരിച്ച പാര്‍ട്ടികള്‍ക്കും അവരുടെ നയങ്ങള്‍ക്കുമെതിരായി സ്വാമിജി ശക്തമായി പ്രതികരിച്ചു.
ജാതികള്‍ക്കതീതമായി പാര്‍ട്ടികള്‍ക്കതീതമായി മാനവരെ ഉണരുവിന്‍ ഒന്നിക്കുവിന്‍ എന്ന ഐകമത്യ മന്ത്രം സ്വാമിജി സൃഷ്ടിച്ചു. ഇതാണ് ഹിന്ദുമതത്തിന്റെ അടിത്തറയെന്ന് ഉദ്‌ബോധിപ്പിച്ചു. സമൂഹത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കുപ്രചരണങ്ങള്‍ക്ക് സ്വാമിജി പരുഷമായ ഭാഷയില്‍ ഉത്തരം നല്‍കി. ചാതുര്‍വര്‍ണ്യത്തിന് വേദ – ശാസ്ത്രങ്ങളുടേതായ വ്യാഖ്യാനം നല്‍കി. ജാതിയല്ല മാറ്റേണ്ടത് ജാതി വിദ്വേഷമാണ് എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീരുത്വമാണ് ശുദ്രത്വം. മനുഷ്യന്‍ വളരേണ്ടത് ഭയത്തില്‍ നിന്നും നിര്‍ഭയത്തിലേക്കാണ്. ഇതാണ് അഭീ – അഭീ-അഭീ എന്ന് വിവേകാനന്ദന്‍ പറഞ്ഞത് സ്വാമിജി പ്രാവര്‍ത്തികമാക്കി തീര്‍ത്തതുമായ അഭയമന്ത്രം. മനുഷ്യനെ ബാധിച്ച മൂന്നു ക്ലേശത്തില്‍ നിന്നും സ്വതന്ത്രനാക്കാന്‍ കഴിഞ്ഞ ഏകമതമാണ് ഹിന്ദുമതമെന്നും അത് അനുശാസിക്കുന്നത് ഈ ശക്തി സമ്പാദിക്കാനാണ്. ഈ ശക്തി സമ്പാദിക്കേണ്ടത് ഈ ശൂന്യതയില്‍ നിന്നും ധര്‍മ്മബോധത്തില്‍ നിന്നുമാണ് എന്നുമാത്രം.
ധര്‍മ്മബോധം നഷ്ടപ്പെടാത്ത ശ്രദ്ധയാണ് ഗുരുത്വം. എന്നതാണ് സനാതന ധര്‍മ്മം. വയറ്റിപ്പാടിനായി കാവി ധരിച്ച് ഭിക്ഷ യാചിക്കുന്നവരെ സ്വാമിജി പുച്ഛിച്ചിരുന്നു. എന്നാല്‍ ധര്‍മ്മസംരക്ഷണത്തിനായി ധനം ആര്‍ജ്ജിക്കുവാനും അതിനെ സമൂഹത്തില്‍ വിനിയോഗിക്കാനും അദ്ദേഹം യത്‌നിച്ചിരുന്നു. ഹിന്ദുക്കള്‍ അവഗണിക്കപ്പെട്ട കാലഘട്ടത്തില്‍ ദേവിയുടെ ആഹ്വാനം കൈക്കൊണ്ട് പുണ്യഭൂമിയെന്ന സനാതന ദിനപത്രം തുടങ്ങിയതും ഇതിലെ ഒരു നാഴികക്കല്ലാണ്.
ഞാനെന്നും എനിക്കെന്നുമുള്ളതിനെ ത്യജിക്കുന്നതാണ് സന്യാസം. സന്യാസി ആര്‍ജ്ജിക്കുന്നത് ഭൗതിക സുഖത്തിനല്ല, ധര്‍മ്മസംരക്ഷണത്തിനായിട്ടാണ്.
കാലാന്തരത്തില്‍ സജ്ജനത്തിന് വന്നുകൂടിയ തെറ്റിദ്ധാരണകളെ സ്വാമിജി വിമര്‍ശിച്ചു. ഉത്സവങ്ങളുടെ ഭാഗമായി നടത്തുന്ന കലാപരിപാടികളുടെ സാംസ്‌കാരിക ശൂന്യത ഉപേക്ഷിക്കാനും ക്ഷേത്രത്തിലെ ഈശ്വരീയതയുടെ ഉത്ക്രമണമാണ് ഉത്സവമെന്ന് സ്വാമിജി ഉദ്‌ബോധിപ്പിച്ചു. ആധുനിക കലാപരിപാടികള്‍ ക്ഷേത്രചൈതന്യത്തെപ്പോലെ ജീവചൈതന്യത്തെയും കളങ്കപ്പെടുത്തുമെന്നും ക്ഷേത്രസംസ്‌കാരം നശിച്ചാല്‍ മാനവസംസ്‌കാരം നശിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. എന്നാല്‍ അതിശയമായ കേന്ദ്രകലകള്‍ ആ ചൈതന്യത്തെ വര്‍ദ്ധിപ്പിക്കുന്നതാണ്. അത് സാധകന് മാനസികവും ശാരീരികവും ധാര്‍മികവുമായ ഊര്‍ജ്ജത്തെ പ്രദാനം ചെയ്യണമെന്ന് ശസ്ത്രയുക്ത്യമ തെളിയിച്ചു. കൂടാതെ മന്ത്ര – തന്ത്രങ്ങളുടെ ശാസ്ത്രീയവും ലളിതവുമായ വ്യാഖ്യാനം പ്രസംഗങ്ങളിലൂടെ ധരിപ്പിച്ചു. 28 കെട്ടിന്റെ തത്വം, വിഗ്രഹാരാധന, നിലവിളക്കിന്റെ പ്രാധാന്യം – തിലകധാരണത്തിന്റെ സവിശേഷത – എന്നീ നിത്യേന നാം കേള്‍ക്കുന്ന പ്രയോഗവാദങ്ങള്‍ക്ക് സ്വാമിജി മറുപടി കൊടുത്തു.
ഇതെല്ലാം ഹിന്ദുധര്‍മ്മത്തിനും അതിന്റെ ആചാരങ്ങള്‍ക്കും ഉണര്‍വ്വും ഉന്‍മേഷവും നല്‍കി. ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് (വാലായ്മ) എന്നിവയുടെ ശാസ്ത്രീയത സ്വാമിജി യുക്തിസഹമായി വിശദീകരിച്ചു. മനുസ്മൃതിയുടെ തെറ്റായ വ്യാഖ്യാനത്തിന് സ്വാമിജി കര്‍ക്കശമായി എതിര്‍ത്തു. സ്ത്രീ അടിമയല്ല. എന്നാല്‍ സ്ത്രീക്ക് സ്വതന്ത്ര എന്ന വാക്ക് ചേര്‍ന്നതല്ല. സ്ത്രീ സംരക്ഷണം അടിമത്തമല്ല. സ്ത്രീയെ മാതാവായും ദേവിയായും കണ്ട പാരമ്പര്യമാണ് നമുക്കുള്ളത്. അതിനാല്‍ മനുസ്മൃതി തെറ്റായി വ്യാഖ്യാനിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇവയെല്ലാം ഹിന്ദുമതത്തെ നശിപ്പിക്കുന്നു. ഇത് കുടിലതന്ത്രമായി മാത്രമേ സ്വാമിജി കണ്ടിരുന്നുള്ളൂ. 1980കളില്‍ ആദ്യമായി കുടുംബസമിതി എന്ന ആശയം നടപ്പില്‍ വരുത്തിയതും സ്വാമിജിയാണ്. കുടുംബത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കാനും ഒന്നിച്ചുനില്ക്കുന്നതിന്റെ മഹത്വത്തേയും കുറിച്ച് സ്വാമിജി ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. കൂടാതെ സാധാരണക്കാര്‍ക്ക് പാടില്ലെന്നു കരുതിയ ലളിത സഹസ്രനാമം അര്‍ച്ചന സ്വാമിജി ഏവര്‍ക്കും ഉപയോഗിക്കാമെന്ന് വരുത്തിത്തീര്‍ത്തു. ലക്ഷാര്‍ച്ചനകള്‍ നടത്തി ശതകോടി (2000) വാഴ്ത്തി വിജയപ്രദമാക്കി. ജ്യോതിക്ഷേത്രത്തില്‍ (മഹാസമാധിമണ്ഡപത്തില്‍ ) ദിവ്യജനനിയുടെ ചൈതന്യത്തെ പ്രത്യക്ഷമാക്കി. ഇനിയും എത്രയെത്ര മാഹാത്മ്യങ്ങള്‍ക്ക് സാക്ഷിയായി പ്രണവവും പ്രണവ മാഹാത്മ്യവും നില്ക്കുന്നു. ഇത്രയൊക്കെ ഒരു മനുഷ്യായുസ്സില്‍ നടത്തിത്തീര്‍ത്ത ഒരു പുണ്യപുരുഷന്‍ ആധുനിക നൂറ്റാണ്ടിന്റെ അത്ഭുതമായി ഇന്നും ജനഹൃദയങ്ങളില്‍ വിസ്മരിക്കാനാവാത്ത സ്മൃതിയായി നിലനില്ക്കുന്നു.
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.
Discussion about this post