കളകളമോതും കാട്ടാറുകളും കാനനങ്ങളും കാവ്യഭംഗിയില്‍ കടഞ്ഞെടുത്ത കലാശില്പങ്ങളും നാടന്‍പാടങ്ങളും ഞാറ്റുവേലയും ഞണ്ടും ഞവിണിയും ഞാഞ്ഞൂലുകളും പുളകം ചാര്‍ത്തുന്ന പുല്‍മേടൂകളും പൂന്തേനുറുന്ന പൂവാടികളും താരും തളിരും തിങ്ങുന്ന തരുതല്ലജങ്ങളും കന്നിക്കതിരും കാഴ്ച്ചവസ്തുക്കളും മലയാളനാടിന്‍റെ മനോജ്ഞസങ്കല്പ്പങ്ങളും ഓണപ്പൂത്തന്‍പുലരിയും പൂനിലാവും കാത്ത് ഇരിപ്പാണ്. ഈണം തെറ്റാത്ത ഓണപ്പാട്ടിന്‍റെ ഓളങ്ങളില്‍ ഏറിയും ഇറങ്ങിയും ഏലേലം പാടി തുഴഞ്ഞുനീങ്ങുന്ന ചെറുവഞ്ചികളും വഞ്ചിപ്പാട്ടും വള്ളംകളിയും നാടുകാണാനെത്തുന്ന മാവേലിമന്നനെ മംഗളാരതി ചെയ്തതു വരവേല്പുനല്‍കുവാന്‍ തയ്യാറാകുന്നു. മനോജ്ഞവീഥികളും മണിമന്ദിരങ്ങളും മകുടം ചാര്‍ത്തുന്ന മഹാസൗധങ്ങളും മണിവീണമീട്ടുന്ന മാലാഖകളും കങ്കണക്വാണ ങ്ങളും കിങ്ങിണിനാദവും ആ ദാനവരാജന്‍റെ വരവേല്‍പ്പിനൊരുങ്ങുന്നു.
മഞ്ഞണിഞ്ഞ മാമലകളും പട്ടുടുത്തു പൊട്ടുതൊട്ട് പാട്ടുപാടുന്ന മലയാളമങ്കമാരും നിറപറകളും നിലവിളക്കുകളുമായി ഓണത്തപ്പനെ കാത്തിരിക്കുന്നു. അത്തപ്പൂവിട്ട അങ്കണത്തറകള്‍ അണിയിച്ചൊരുക്കി മലയാളനാട്ടിലെ മനോമന്ദിരങ്ങള്‍ മാവേലിമന്നനു വരവേല്‍പ്പു നല്‍കാന്‍ ഒരുങ്ങിനില്‍ക്കുന്നു. മാറാലപോലും മറക്കുട പിടിക്കാത്ത മലയാളനാടിന്‍റെ മംഗളസന്ദേശം-അതാണ് തിരുവോണസന്ദേശം.
ഉദാത്തമായ മാനവസങ്കല്പത്തിന്‍റെ ഉന്നതശൃംഗങ്ങളില്‍നിന്നും താന്തവും തരളവുമായ മനുഷ്യമനസ്സിന്‍റെ ഊഷരഭൂമിയിലേക്ക് ഊറിയിറങ്ങി തണുപ്പിച്ചും തളിര്‍പ്പിച്ചും മന്ദഗമനം ചെയ്യുന്ന മന്ദാകിനിയുടെ സേവനസന്ദേശമാണ് തിരുവോണസന്ദേശം.
മാനവനു മാനവന്‍റെ നാട്, വാനവനു വാനവന്‍റെ നാട്, ദാനവനു ദാനവന്‍റെ നാട് – എല്ലാം തന്‍റേതാക്കിയ ദാനവരാജന് പാദസ്പര്‍ശ മഹിമകൊണ്ട് ധര്‍മ്മസൂക്തമുരച്ച വാമനദേവന്‍റെ പാവനസന്ദേശമാണ് തിരുവോണസന്ദേശം.
ആ ധര്‍മ്മസമരസേനാനിയുടെ കര്‍മ്മരഹസ്യകാഹളം കേരളത്തിന്‍റെ നിഷ്പക്ഷചിന്തയുടെ നിതാന്തധാരയെ നിശ്ശബ്ദമാക്കിയോ? കാപട്യങ്ങളും കപടനാടകങ്ങളും കള്ളും കള്ളപ്പണവും കൊള്ളയും കൊള്ളിവയ്പ്പും കദനകഥ പറയിക്കുന്ന മാമാങ്കനാടിന്‍റെ സമരവീര്യം ഉണരുമോ? ഉയര്‍ത്തെഴുന്നേല്‍ക്കുമോ? വര്‍ഗ്ഗീയതയും വര്‍ണ്ണവിവേചനവും ഊതിവീര്‍പ്പിച്ച രാഷ്ട്രീയരാവണമന്ദിരങ്ങളും മകുടങ്ങളും സമദര്‍ശിയായ മാനവരാജന്‍റെ മനോജ്ഞസങ്കല്പത്തില്‍ അടിഞ്ഞ മരട്ടെ. മാമലകള്‍ ഏറിയും ഇറങ്ങിയും മരുഭൂമികള്‍ താണ്ടിയും മഹാസമുദ്രങ്ങള്‍ കടന്നുചെന്നും മലയാളനാടിന്‍റെ മനോജ്ഞസന്ദേശം മറുനാടന്‍ മലയാളികളുടെ മനോമന്ദിരങ്ങളില്‍ മാധുര്യം പകരുന്ന മംഗളദിനമാണ് തിരുവോണം. മലനാട്ടില്‍ തുടങ്ങി മറുനാട്ടിലെത്തുന്ന മഹത്തായ സന്ദേശം മമതയ്ക്കും സാഹോദര്യത്തിനും മാധുര്യം പകര്‍ന്ന് മംഗളാരതി ചെയ്തു വരവേല്‍പ്പു നല്‍കുന്ന മഹത്തായ ദിനമാണ് തിരുവോണം.
ഭൂമിയില്‍ തുടങ്ങി ഭൂവര്‍ലോകം കടന്ന് സ്വര്‍ല്ലോകം വരെ എത്തി നില്‍ക്കുന്ന മനുഷ്യസങ്കല്പത്തിന്‍റെ സേവനപാരമ്പര്യം തന്‍റേതാക്കാനും ചൊല്‍പ്പടിയില്‍ നിര്‍ത്താനും ശ്രമിച്ച ദാനവരാജന്‍റെ സ്വാര്‍ത്ഥരാജ്യമനോഭാവം തച്ചുടയ്ക്കപ്പെട്ട ദിനമാണിത്. സ്വര്‍ഗ്ഗത്തിനും ഭൂമിക്കും തമ്മിലുള്ള പരസ്പരബന്ധം മദ്ധ്യമണ്ഡലത്തിലൂടെ പൊരുത്തപ്പെടുത്തി നിര്‍ത്തുന്ന പ്രകൃതിയുടെ മംഗളസന്ദേശത്തിനും സൗഹ്യദ ഭാവനയിക്കും തടസ്സം നില്‍ക്കുന്ന ആസൂരഗതി ഏതു ചക്രവര്‍ത്തിയുടെതായാലും എന്തുനേട്ടങ്ങള്‍ കൈവരിച്ചാലും ശാശ്വതമോ അഭികാമ്യമോ അല്ല. സ്വതന്ത്രവും സ്വസ്ഥവുമായ പ്രകൃതിയുടെ ക്രമീകരണവ്യവസ്ഥയെ നിഷ്കരുണം നിരാകരിക്കുവാനും നിരൂപാധികം നിയന്ത്രിക്കുവാനും ഒരുമ്പെടുന്ന അസുരചേതനയുടെ അന്ത്യം കുറിച്ച ദിനമാണ് തിരുവോണദിനം. പ്രകൃതിയുടെ നാനാത്വങ്ങളെ കോര്‍ത്തിണക്കിയും ഏകത്വത്തെ നിലനിര്‍ത്തിയും സമന്വയിച്ചിരിക്കുന്ന ഉദാരവും ഉദാത്തവുമായ നിയമത്തിലൂടെ അടിച്ചേല്‍പ്പിച്ച അഹന്തഅയ്ക്ക് അറുതിവരുത്തിയ ധര്‍മ്മത്തിന്‍റെ അധീശശക്തി തിരുവോണനാളിലൂടെയാണ് സ്വസ്ഥനില പുനഃസ്ഥാപിച്ചത്.
വാനരനും വാനവനും മാനവനും ദാനവനും പരസ്പരബന്ധത്തില്‍ സ്ഥാപിച്ചെടുത്ത രാമരാജ്യത്തിന്‍റെ മനോജ്ഞസങ്കല്പം മകുടം ചാര്‍ത്തിയ മനുഷ്യമനസ്സിന്‍റെ മാഹാത്മ്യത്തെ ആക്രമിക്കാന്‍ ശ്രമിച്ച ആസൂരപ്രകൃതി അടിയേറ്റുവീണ അവിസ്മരണീയദിനമാണ് തിരുവോണം. മനുഷ്യമനസ്സിലെ മാനവത്വവും വാനവരവും ദാനവശ ക്തിയാല്‍ കടന്നാക്രമിക്കപ്പെടരുതെന്ന ഉത്തമസന്ദേശമാണ് തിരുവോണ സന്ദേശം.
ഓംകാരം പ്രതിധ്വനിക്കുന്ന ഗുഹാമുഖങ്ങളും ഗിരിഗഹ്വരങ്ങളിലെ ഉണര്‍ത്തുപാട്ടിലൂടെ ഉയിര്‍ത്തെഴുനേല്‍പ്പിച്ചും ഊഷ്മളമാക്കിയും ഊട്ടിവളര്‍ത്തിയ നിര്‍വൃതിയുടെ നിതാന്തധാരയാണ് ‘ണ’കാരം ‘ണശ്ച നിര്‍വ്യതിവാചകഃ’ എന്ന അഭിജ്ഞമതം അറിവിന്‍റെ സുവര്‍ണ്ണകവാടങ്ങള്‍ തുറന്നിടുന്ന ഉദാത്തഭാവനയാണ് തിരുവോണ സങ്കല്പം. ബ്രഹ്മവാചിയായ ഓങ്കാരത്തേയും മോക്ഷസംജ്ഞയായ ‘ണ’ കാരത്തേയും കൂട്ടിയിണക്കുന്ന സര്‍ഗ്ഗശക്തിയുടെ ഉത്തമപ്രഖ്യാപനമാകുന്നു തിരുവോണം.
ഓ+ണം – ഓണം. ഓ + ം = ഓം.
ഓണം = ബ്രഹ്മസായൂജ്യപദവിയായ ‘മോക്ഷം’
‘തിരുവോണ’മെന്ന സമസ്തപദത്തെ വിഗ്രഹിക്കുമ്പോള്‍ ‘തിരു’ + ഓണം എന്നു കിട്ടുന്നു. ‘തിരു’ എന്ന പദത്തിന് ശ്രീയെന്നും ഐശ്വര്യമെന്നും ലക്ഷ്മിയെന്നും അര്‍ത്ഥമുണ്ട്. ‘ഓം’ ബ്രഹ്മവാചിയാണെന്നു നേരത്തേ പറഞ്ഞു. څണ’ മോക്ഷവാചിയുമാണ്. അതുകൊണ്ട് ‘തിരു’ ശ്രീസങ്കല്പമായ ഇഹലോകൈശ്വര്യത്തെയും, څണ’ പരലോകസൗഖ്യമായ മോക്ഷത്തെയും കാണിക്കുന്നു. ഇവ രണ്ടും കൂട്ടിയിണക്കപ്പെട്ടിരിക്കുന്നത് ബ്രഹ്മവാചിയായ ‘ഓം’ കൊണ്ടാണ്. അതിനാല്‍ ബ്രഹ്മസങ്കല്പത്തെ ആസ്പദിച്ച് ഓങ്കാരത്തില്‍ ലോക മംഗളവും സംസാരദുഃഖനിവര്‍ത്തകമായ മോക്ഷവും ലഭ്യമാകുന്നുവെന്നു തിരുവോണമെന്ന പദം കൊണ്ട് അര്‍ത്ഥമാക്കാം.
അസുരരാജാവായ മഹാബലിയുടെ സാമ്രാജ്യമോഹത്തില്‍ തുടങ്ങി ബ്രഹ്മവാചിയായ മോക്ഷത്തില്‍ കലാശിക്കുന്ന സംയുക്തസംജ്ഞയാണ് തിരുവോണം. ഇത് ആസൂരപ്രകൃതിക്കു മാത്രം കയ്യടക്കുവാനുള്ളതല്ല ഇന്നും ഭരണാധികാരികളില്‍ കാണുന്ന സാമ്രാജ്യമോഹത്തിനും, ആക്രമണത്വരയ്ക്കും അടിമത്തം വളര്‍ത്തിയെടുക്കുവാനുള്ള ആസൂരിക പ്രവണതയ്ക്കുമെല്ലാം തിരുവോണം നല്‍കുന്ന വ്യക്തമായ മറുപടി
അപ്രതിഹത മദമത്താരില്‍
ക്ഷിപ്രം ദണ്ഡമതൂചിതം നിയതം
എന്നാകുന്നു മനുഷ്യമനസ്സിന്‍റെ കോണുകളില്‍ ഒളിയിരിക്കുന്ന ആസൂരപ്രകൃതിക്കെതിരേ ആശ്വാസത്തിന്‍റെ അഭിജ്ഞസങ്കലിപങ്ങള്‍ അനുസ്യൂതം പകര്‍ന്നുകൊടുക്കുന്ന തിരുവോണനാളിന്‍റെ സ്മരണയും സ്മരണാഞ്ജജലിയും മലയാളികളില്‍ ഉയര്‍ത്തിവിട്ട ഉത്തേജനമായി എന്നെന്നും പുലരട്ടെ ! വളരട്ടെ !