അങ്ങ് വടക്കേ ദിക്കില്‍ ദേവതാത്മാവായി ഹിമാലയമെന്ന് വിളികൊണ്ട ഒരു പര്‍വ്വതം എന്നെന്നും മഞ്ഞണിഞ്ഞ് വെളുത്ത നിറം പൂണ്ട് തലയുയര്‍ത്തി നില്‍പ്പുണ്ട്. മാനസസരസ്സിനാല്‍ സമലങ്കൃതവും രാജഹംസങ്ങളാല്‍ പരിസേവിതവുമായി വിളങ്ങുന്ന ആ പര്‍വ്വതാധീശ്വരന്റെ ഉത്തുംഗമായ ശിഖരമാണ് കൈലാസം. വാക്കും അര്‍ത്ഥവും പോലെ ഒരിക്കലും പിരിയാതെ ലോകത്തിന് മാതാപിതാക്കളായി വിളങ്ങുന്ന പാര്‍വ്വതീ പരമേശ്വരന്മാര്‍ വസിക്കുന്നത് അവിടെയാകുന്നു. മൂന്ന് ലോകങ്ങളേയും പവിത്രീകരിക്കുന്ന ഗംഗാനദി ഉദ്ഭവിക്കുന്നത് അവിടെ നിന്നാണ്. ഗംഗയെ ശിരസ്സില്‍ വഹിക്കുകയാല്‍ ശിവന്‍ ഗംഗാധരനുമായി പാപങ്ങളെല്ലാം കഴുകിക്കളഞ്ഞ് ജനിമൃതികളുടെ മറുകരയിലെത്തി മൃത്യുഞ്ജയന്മാരായിത്തീരാന്‍ ആരിലും അനുഗ്രഹം ചൊരിയുന്ന ദിവ്യതീര്‍ത്ഥമാണ് ഗംഗ. പരമ പവിത്രമായ ഗംഗാനദിയേയും ഹിമവല്‍ കൈലാസങ്ങളേയും പാര്‍വ്വതീ പരമേശ്വരന്മാരേയും ഉപാസിച്ച് അമൃതാനന്ദം കൈവരിച്ച മഹാത്മാക്കള്‍ അനേകം പേരുണ്ട്. ശ്രദ്ധയും ഭക്തിയും ദേവീസമേതനായ മഹാസവിധത്തിലെത്തിച്ചേരും. പരമാനന്ദം അനുഭവിക്കാം. അതിന് പ്രയോജനപ്പെടുന്ന ആദ്ധ്യാത്മിക സാധനാ പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് ശിവരാത്രി മഹോത്സവം.
കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശീതിഥിയിലാണ് ശിവരാത്രി പരമ്പരാഗതമായി ആഘോഷിച്ചുവരുന്നത്. വ്രതാനുഷ്ഠാനങ്ങളും ഭജന കീര്‍ത്തനങ്ങളുമായി ശിവപൂജ ചെയ്തുകൊണ്ട് അന്ന് ഉണര്‍ന്നിരിക്കണം. അവരവരുടെ ശാരീരിക ശേഷിക്കനുസരിച്ചാണ് വ്രതം അനുഷ്ഠിക്കേണ്ടത്. അസഹനീയമായ കഠിന വ്രതങ്ങള്‍ ഇവിടെ ഉദ്ദേശിച്ചിട്ടില്ല. സാത്വികാഹാരം, ശരീരശുദ്ധി, മനഃശുദ്ധി മുതലായവയാണ് വ്രതങ്ങളുടെ അടിസ്ഥാനം. വീടുകളില്‍ പൂജ ചെയ്യുന്നതോടൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി വിശേഷ പൂജകളിലും പങ്ക് കൊള്ളണം. രോഗങ്ങള്‍ ശമിക്കുവാനും ദുഃഖങ്ങളും പ്രതിബന്ധങ്ങളും അകന്ന് പോകുവാനും ഉദ്യോഗലബ്ധി, സമ്പല്‍സമൃദ്ധി, സര്‍വ്വതോമുഖമായ ഐശ്വര്യം, സന്തോഷം, ശാന്തി മുതലായവ കൈവരിക്കുവാനും അത് പ്രയോജനപ്പെടുന്നു. ശിവശബ്ദത്തിനര്‍ത്ഥം മംഗളം എന്നാകുന്നു. ശിവന്‍ മംഗള സ്വരൂപനാണ്. ആനന്ദപൂര്‍ണ്ണവും സാത്വികവുമായ അഭീഷ്ഠങ്ങളെല്ലാം നിറവേറ്റിത്തരുന്ന ക്ഷിപ്രപ്രസാദിയാണ് ശിവശങ്കരന്‍. ഉള്ളുരുകി ഒരിക്കല്‍ വിളിക്കുകയേ വേണ്ടൂ. ഭക്താഭീഷ്ടങ്ങളെല്ലാം പെരുമഴപോലെ കോരിച്ചൊരിയുന്ന ആശ്രിതവത്സലനാണ് മഹാദേവന്‍.
ദുഃഖങ്ങളേയും രോഗങ്ങളേയുമെല്ലാം നശിപ്പിക്കുന്നവനാണ് ശിവന്‍. അതിനാല്‍ അദ്ദേഹത്തിന് ഹരന്‍ എന്നും പേരുണ്ട്. മനുഷ്യന്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പലതരം ക്ലേശങ്ങളെയാണ് ഇതിഹാസ പുരാണങ്ങളില്‍ കാമദേവനായും രാക്ഷസന്മാരായും അവതരിപ്പിച്ചിരിക്കുന്നത്. അത്തരം വിപത്തുകളെ അംഗീകരിച്ച് ഭക്തന്മാരെ രക്ഷിക്കുന്ന ഈശ്വരനാണ് ഹരന്‍. അദ്ദേഹം സ്മരാന്തകനും പുരാന്തകനും ഭവാന്തകനും മഖാന്തകനും ദുഃഖാന്തകനും ഗജാന്തകനും അന്ധകാന്തകനും അന്തകാന്തകനുമാണെന്ന് ശിവപുരാണം നമുക്ക് വ്യക്തമാക്കിത്തരുന്നു. ഹിമാലയ പര്‍വ്വതത്തിലെ സ്ഥാണ്വാശ്രമത്തില്‍ ഏകാഗ്രതപസ് ചെയ്യുകയായിരുന്ന ശ്രീ മഹാദേവന്റെ നെറ്റിക്കണ്ണില്‍ നിന്ന് പുറപ്പെട്ട ജ്ഞാനാഗ്നി അന്ന് കാമന്റെ ഉപദ്രവത്തെ ശമിപ്പിച്ചു. ബ്രഹ്മാവ് നല്‍കിയ വരങ്ങളുടെ ബലത്താല്‍ സ്വര്‍ണ്ണം കൊണ്ടും വെള്ളികൊണ്ടും ഇരുമ്പുകൊണ്ടും മൂന്ന് നഗരങ്ങള്‍ നിര്‍മ്മിച്ച് അതില്‍ വസിച്ചുകൊണ്ട് ലോകനന്മ ചെയ്യുന്നതിന് പകരം ലോകത്തെ ഉപദ്രവിച്ച ത്രിപുരന്മാരെ സംഹരിച്ച് പ്രപഞ്ചത്തെ രക്ഷിച്ചവനാണ് ത്രിപുരാന്തകന്‍ അഥവാ പുരാന്തകന്‍ അനേകജന്മങ്ങളിലൂടെ ഓരോ മനുഷ്യനും നേടിവച്ചിരിക്കുന്ന കര്‍മ്മഫലങ്ങളാണ് ഭവം. കര്‍മ്മദോഷങ്ങള്‍ നീക്കി ആരേയും രക്ഷിക്കുന്ന ശിവന്‍ അങ്ങനെ ഭവാന്തകനുമായി. ദക്ഷപ്രജാപതി നടത്തിയ അഹങ്കാര ജടിലമായ കര്‍മ്മത്തെ ധ്വംസിച്ച് സാത്വികമായി യാഗം പൂര്‍ത്തീകരിക്കയാല്‍ ശിവന് മഖാന്തകനെന്നും പേര് വന്നു. ഗജാസുരനേയും അന്ധകാസുരനേയും സംഹരിച്ച് ലോകരക്ഷ ചെയ്ത ഹരന്‍ കാലനെ സംഹരിച്ച് മാര്‍ക്കണ്ഡേയ മഹര്‍ഷിക്ക് മരണരഹിതമായ അമൃത പദവി നല്‍കി അന്തകാന്തകനുമായി. വിപത്തുകളെ തരണം ചെയ്യാനാഗ്രഹിക്കുന്ന മനുഷ്യന്‍ കരുണാമയനായ ശിവനെത്തന്നെ പൂജിക്കണം. മരണത്തെപ്പോലും അതിലംഘിക്കാന്‍ ശിവാരാധനകൊണ്ട് സാധിക്കും. അതാണ് മൃത്യുജ്ഞയത്വമേകുന്ന ശിവരാത്രി വ്രതത്തിന്റെ മഹത്വം.
പരമപവിത്രമായ ഈ ദിനത്തില്‍ വിധിപ്രകാരം ശിവപൂജ ചെയ്തു ജീവിത വിജയം നേടിയവര്‍ അനേകം പേരുണ്ട്. അത്തരക്കാരുടെ അനുഭവ കഥകള്‍കൊണ്ട് ഇതിഹാസ പുരാണങ്ങള്‍ നിറഞ്ഞിരിക്കുന്നു. അറിയാതെയാണെങ്കില്‍ പോലും അന്നേദിവസം ശ്രീ മഹാദേവന് ഒരു കൂവളത്തിലയെങ്കിലും സമര്‍പ്പിക്കാനായാല്‍ ശിവലോകം ലഭിക്കുമെന്ന് പ്രാചീനര്‍ രേഖപ്പെടുത്തിയിരിക്കുന്നു. കാട്ടിനുള്ളില്‍ വഴിതെറ്റി അലഞ്ഞുപോയ ഒരു വനവേടന്‍ രാത്രി ആയപ്പോള്‍ കാട്ടുമൃഗങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ ഒരു മരത്തിനുമുകളില്‍ അഭയം പ്രാപിച്ചു. ഉറങ്ങിപ്പോകാതിരിക്കാനായി അവന്‍ വൃക്ഷത്തിലെ ഇലകള്‍ ഒന്നൊന്നായി നുള്ളി താഴേയ്ക്ക് ഇട്ടുകൊണ്ടാണ് ഇരുന്നത്. ഭാഗ്യത്താല്‍ അന്ന് ശിവരാത്രി ആയിരുന്നു. വേടന്‍ കയറിയ വൃക്ഷം കൂവളമായിരുന്നു. അവന്‍ നുള്ളിയിട്ട ഇലകള്‍ വീണത് തറയിലുണ്ടായിരുന്ന ശിവലിംഗത്തിലുമായിരുന്നു. പാര്‍വതീ സമേതനായ മഹാദേവന്റെ അനുഗ്രഹമായിരുന്നു പുലര്‍കാലത്ത് വേടനെ തേടി എത്തിച്ചേര്‍ന്നത്.
ശിവരാത്രിയിലെ ശിവപൂജകൊണ്ട് പരിധികളില്ലാത്ത സൗഭാഗ്യങ്ങളുണ്ടാകുന്നതിന് കാരണമുണ്ട്. ഈ ലോകം ഉണ്ടാകുന്നത് പാര്‍വതീ പരമേശ്വരന്‍മാരില്‍ നിന്നാണ്. പാര്‍വതീദേവിയാണ് ലോകമാതാവ്. ശ്രീപരമേശ്വരനാണ് പ്രപഞ്ചപിതാവ്. സമസ്തചരാചരങ്ങളും അവരുടെ സന്താനങ്ങളാണ്. അങ്ങനെ ലോകം ഒരുകുടുംബമാണ് എന്ന മഹാസത്യം അതുനമ്മെ പഠിപ്പിക്കുന്നു. ഐശ്വര്യസമൃദ്ധികളും ആയുരാരോഗ്യസൗഖ്യങ്ങളുമെല്ലാം പാര്‍വതീപരമേശ്വരന്‍മാര്‍ നല്‍കുന്ന അനുഗ്രഹങ്ങളാണ്. ലോകരചയിതാക്കളായ അവരെ മറന്നുപോകുന്നതാണ് ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണം. ആസുരഭാവനകള്‍ വളര്‍ന്ന് കലഹം വിളയിക്കുന്നത് വിശ്വകുടുംബദര്‍ശനത്തെ കൈവിടുന്നതുകൊണ്ടാകുന്നു. യഥാര്‍ത്ഥത്തില്‍ ഈ പ്രപഞ്ചത്തിലുള്ള പദാര്‍ത്ഥങ്ങളെല്ലാം ശിവശക്തിമയമാകുന്നു. മനുഷ്യരും മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും മണല്‍തരിയും മഹാപര്‍വതങ്ങളുമെല്ലാം തന്നെ ശിവശക്തിമയമാകുന്നു. അത് അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ ശാന്തിയും സമാധാനവും ഐശ്വര്യവുമായിരിക്കും ഫലം. അതുമറന്ന് അഹങ്കരിച്ചാലോ ക്രമേണ കഷ്ടപ്പാടുകള്‍ വേട്ടയാടാന്‍ ആരംഭിക്കും. ത്രിപുരന്‍മാരും ദക്ഷനും അങ്ങനെ വഴിതെറ്റിപ്പോയവരാണ്.
ലോകം ഒരുകുടുംബമാണെന്ന പ്രത്യക്ഷാനുഭവമാണ് ശിവഭക്തന്റെ ജീവിതതത്വശാസ്ത്രം. ജീവനുള്ളതും ജീവനില്ലാത്തതുമായി കാണപ്പെടുന്നതെല്ലാം ശിവപാര്‍വതിമാരുടെ സന്താനങ്ങളായി ഇതിഹാസ പുരാണങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. എല്ലാറ്റിലും പാര്‍വതീപരമേശ്വരന്‍മാര്‍ നിവസിക്കുന്നത് ശിവഭക്തര്‍ മനസിലാക്കുന്നു. അതോടെ കാമക്രോധാദികളായ ദുഷ്ടവിചാരങ്ങള്‍ മനസില്‍ നിന്നും മാഞ്ഞുപോകുന്നു. സ്മരാന്തകന്‍ ത്രിപുരാന്തകന്‍ എന്നൊക്കെ ശിവനെ വിശേഷിപ്പിച്ചിരിക്കുന്നത് അതുകൊണ്ടാണ് ദുഷ്ടവാസനകളാകുന്നു അസുരന്‍മാരെ ശിവനാമജപത്താല്‍ ഹൃദയത്തില്‍ നിന്ന് നിവാരണം ചെയ്താല്‍ പിന്നെ ഒന്നിനെയും വെറുക്കാനിടവരുന്നില്ല. അതുവരെ ശത്രുമിത്രാദികളെക്കൊണ്ട് ലോഭമോഹമയമായി കലുഷിതമായിരുന്ന ലോകം ശിവശക്തിമയമായി സൗന്ദര്യാനന്ദപൂര്‍ണമായിത്തീരുന്നു. അതാണ് ശിവരാത്രിയില്‍ ഉണര്‍ന്നിരിക്കുന്നതിന്റെ തത്വം.
ശിവം അഥവാ മംഗളം നമ്മെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ രാത്രിയാണ്. രാത്രിയുടെ പ്രത്യേകത ഇരുട്ടും ഉറക്കവുമാണ്. ഇരുട്ടത്ത് യാതൊന്നും ശരിയായി കാണാന്‍ കഴിയുന്നില്ല. ഉറക്കത്തില്‍ എല്ലാം മറന്നുപോകുന്നു. യഥാര്‍ത്ഥത്തില്‍ പ്രപഞ്ചത്തിലുള്ള പദാര്‍ത്ഥങ്ങളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത് ശിവശക്തികളാണ്. പക്ഷേ അവരെ നാം കാണുന്നില്ല. പകരം മനുഷ്യനെയും മൃഗത്തെയും പുല്ലിനേയും പുഴുവിനേയുമെല്ലാം കാണുന്നു. ചിലതിനെ ഇഷ്ടപ്പെടുന്നു. ചിലതിനോട് ക്രോധിക്കുന്നു. അങ്ങനെ ആസുരിക ഭാവന വളരുന്നു. ശിവം നമ്മുടെ കണ്ണില്‍ നിന്നും മറഞ്ഞ് പോയിരിക്കുന്നു. ഈ അവസ്ഥയാണ് രാത്രി. ഇതില്‍നിന്നും നാം ഉണരണം. എല്ലാറ്റിലും കുടികൊള്ളുന്ന ശിവപാര്‍വ്വതിമാരെ തിരിച്ചറിയണം. അപ്പോള്‍ കാമക്രോധങ്ങള്‍ ഓടിയൊളിക്കും. സമസ്തചരാചരങ്ങളോടും ആരാധനയും സ്‌നേഹവും വളരും. ആനന്ദമുദിക്കും. അതോടെ ശിവരാത്രി കൈലാസ ശൃംഗത്തിലുള്ള പൂര്‍ണ്ണബ്രഹ്മാനുഭവത്തിന്റെ പൊന്‍പുലരിയായി മാറും.
ഓരോ മനുഷ്യനും ഈ ഹിമാലയത്തില്‍ കയറേണ്ടതുണ്ട്. ഓരോ വ്യക്തിയും ഈ കൈലാസശൃംഗത്തില്‍ എത്തേണ്ടതുണ്ട്. അതിനുവേണ്ടുന്ന സാധനാക്രമങ്ങളില്‍ മുഖ്യമാണ് ശിവരാത്രി വ്രതം. ഭൗതിക ജഗത്തില്‍ ഹിമാലയം അങ്ങു വടക്കാണ്. എന്നാല്‍ ഓരോ സാധകന്റേയും ഉള്ളിലുമുണ്ട് മഞ്ഞണിഞ്ഞ ഈ മഹാപര്‍വ്വതം. അതിനു മുകളില്‍ അഥവാ ഭക്തന്റെ ഉള്ളിന്റെ ഉള്ളിലാണ് മാനസ സരസ്സും കൈലാസപര്‍വ്വതവും വിരാജിക്കുന്നത്. അതിനും മുകളിലാണ് പാര്‍വ്വതീ പരമേശ്വരന്മാരുടെ വിഹാരമണ്ഡപം. അത് ഏറ്റവും ഉള്ളിലായിരിക്കുന്നു. അവരവരുടെ ഉള്ളിലുള്ള ഹിമാലയമേറാനാണ് ശിവരാത്രി വൃതചര്യകള്‍. ശുദ്ധീകരണം കൊണ്ടേ ഉള്ളിലേയ്ക്കുള്ള യാത്ര സുഗമമാകു. വ്രതങ്ങള്‍ ശരീര മനോബുദ്ധികളെ ശുദ്ധീകരിക്കുന്നു. ശ്രദ്ധയോടും ഭക്തിയോടും ചെയ്യപ്പെടുന്ന നാമജപവും ക്ഷേത്രദര്‍ശനവും പൂജാനുഷ്ഠാനങ്ങളും ഉള്ളിലെ ഹിമാലയത്തിനു മുകളിലേയ്ക്ക് ഭക്തനെ നയിക്കുന്ന ഗരുഡചിറകുകളാണ്. ഭക്തിയുടേയും ശ്രദ്ധയുടേയും തീവ്രത അനുസരിച്ചായിരിക്കും ഈ മലകയറ്റത്തിന്റെ വേഗത. ശ്രദ്ധയും ഭക്തിയും കുറഞ്ഞുപോകാതിരിക്കാന്‍ എപ്പോഴും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നിത്യേനയുള്ള ക്ഷേത്രദര്‍ശനവും നാമജപാദികളുമെല്ലാം അതിനു സഹായിക്കും.
ഉള്ളിലെ ഈ കൈലാസ യാത്ര ആരംഭം മുതല്‍ ദുഃഖനിവാരകവും ആനന്ദ ജനകവുമാണ്. മുകളിലേക്കു മുകളിലേക്ക് എത്തുന്തോറും പ്രപഞ്ചദര്‍ശനം കൂടുതല്‍ കൂടുതല്‍ സുന്ദരവും പ്രഭാപൂര്‍ണ്ണവും ആനന്ദമയവുമായിത്തീരും. കൈലാസ ശൃംഗത്തില്‍ എത്തിച്ചേരലാണ് ശിവരാത്രി മഹോത്സവത്തിന്റെ പരമലക്ഷ്യം. അതു നേടുവാന്‍ പാര്‍വ്വതീ പരമേശ്വരന്മാരും ഗുരുവര്യന്മാരും നമ്മെ അനുഗ്രഹിക്കട്ടെ.
Discussion about this post