തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. തിന്മയുടെ മേലുള്ള നന്മയുടെ വിജയമായും, അന്ധതയില്‍ നിന്നുള്ള പ്രകാശത്തിലേക്ക് പ്രയാണമായുമാണ് ദീപാവലിയുടെ താല്പര്യം. ദീപങ്ങളുടെ ആവലി(കൂട്ടം)യാണ് ദീപാവലി. ദീപത്തിന് നമ്മുടെ സംസ്‌കാരത്തില്‍ വളരെ പ്രാധാന്യമുണ്ട്. നമ്മുടെ വിശേഷകാര്യങ്ങള്‍ എല്ലാം ആരംഭിക്കുന്നത് ഭദ്രദീപം കൊളുത്തിയാണ്. ഭദ്രദീപമെന്ന പദം തന്നെ ദീപത്തിന്റെ ഭദ്രതയെ കാണിക്കുന്നു. ദീപം, വിളക്ക്, പ്രകാശം ഇതുകളില്ലാത്ത ഉത്സവങ്ങളില്ല. ദീപത്തിന് വെളീച്ചം, പ്രകാശം, ജ്ഞാനം എന്നീ അര്‍ത്ഥങ്ങളുണ്ട്. ദീപം അന്ധകാരത്തെ, അജ്ഞതയെ അകറ്റുന്നുന്നതിനാല്‍ ജ്ഞാനദീപം എന്നും കരുതുന്നു.
ജന്മദിനാഘോഷം ദീപം തെളിച്ചാണ് ആഘോഷിക്കേണ്ടത്, അല്ലാതെ കെടുത്തിയല്ല. നിലവിളക്ക്..വിളങ്ങുന്നതും വിളക്കുന്നതുമാണ്. പ്രകാശിക്കുന്ന ദീപനാളം പോലെ കര്‍മ്മ ശുദ്ധിയും ജ്ഞാനദാനവും നല്‍കുന്ന വ്യക്തിത്വം വളരണം എന്ന നിര്‍ദ്ദേശം നിലവിളക്കുകള്‍ നല്‍കുന്നു. (‘നിലവിളക്ക്‘ –ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി)
അഗ്‌നി ആരാധനയാണ് വേദസംസ്‌കാരം. ഓം അഗ്‌നിമീളേ പുരേഹിതം…. എന്നാണ് ഋഗ്വേദം ആരംഭിക്കുന്നത് തന്നെ.
‘ജ്ഞാനാഗ്‌നി സര്‍വകര്‍മാണി ഭസ്മാത് കുരുതേ തഥാ’…
‘ജ്ഞാന ഖഡ്‌ഗേന യോഗവിത്ത്’.. (രുദ്ര യാമളം) ത്തിലും ദൈവത്തിന്റെ അഥവാ അഗ്‌നിയുടെ പ്രാധാന്യം വെളിവാക്കുന്നു.
‘ന ഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ’… എന്നും
‘ജ്ഞാനം ലബ്ധ്വാ പരാം ശാന്തിമചിരേണാധിഗച്ഛതി’. (4- ജ്ഞാനകര്‍മസന്യാസ യോഗം) എന്ന് ഭഗവദ് ഗീതയും സൂചനയുണ്ട്.
ദീപാവലി അഞ്ച് ദിവസങ്ങളിലായിട്ടാണ് ഉത്തരഭാരതത്തില്‍ ആഘോഷിക്കുന്നത്
ദീപാവലി ആഘോഷം അമാവാസിക്ക് 3 ദിവസം മുന്‍പ് തുടങ്ങുന്നു. ദേവന്മാരും അസുരന്മാരും കൂടി അമൃതിനായി പാലാഴി കടഞ്ഞപ്പോഴാണ്’കാമധേനു’ ഉയര്‍ന്നു വന്നത്. അതിനെ പ്രതീകവല്‍ക്കരിച്ചു കൊണ്ട് അതായത് അശ്വിനി മാസത്തിലെ കൃഷ്ണ പക്ഷ ദ്വാദശി ‘ഗോവത്സ ദ്വാദശി’യായി ആഘോഷിക്കുന്നു. എല്ലാ ദേവീദേവന്മാരും ഗോമാതാവില്‍ കുടികൊള്ളുന്നുവെന്നാണ് ഹൈന്ദവ വിശ്വാസം. അതിനാല്‍ ഗോവിനെ (പശുവിനെ) ആരാധിക്കുന്നതിലൂടെ ദേവീദേവന്മാരെ പ്രീതിപ്പെടുത്തുക മാത്രമല്ല, പൂര്‍വികരുടെ അനുഗ്രഹവും നേടാം. ഭവിഷ്യപുരാണമനുസരിച്ച് പശുവിന്റെ പിന്‍ഭാഗത്ത് ബ്രഹ്മാവും, കഴുത്തില്‍ വിഷ്ണുവും, വായില്‍ രുദ്രനും, എല്ലാ ദേവീദേവന്മാരും മധ്യഭാഗത്തും, അനന്തന്‍ വാലിലും, എല്ലാ മലകളും പര്‍വ്വതങ്ങളും കുളമ്പുകളിലും, സൂര്യനും ചന്ദ്രനും കണ്ണിലും കുടികൊള്ളുന്നു.
ഗോവത്സ ദ്വാദശി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. മഹാരാഷ്ട്രയില്‍ ഗോവത്സ ദ്വാദശി ‘വാസു ബാരസ്’ എന്നും ഗുജറാത്തില്‍ ‘വാഗ് ബരാസ്’ അല്ലെങ്കില്‍ ‘ബച്ച് ബരാസ്’ എന്നും അറിയപ്പെടുന്നു. ആന്ധ്രാപ്രദേശില്‍ ഇത് പൊതുവെ ‘ശ്രീപാദ വല്ലഭ ആരാധന ഉത്സവം’ എന്നും ‘നന്ദിനി വ്രതം’ എന്നും അറിയപ്പെടുന്നു.
ഈ ദിവസം ഹിന്ദു സംസ്‌കാരത്തില്‍ സമൃദ്ധിയുടെ പ്രതീകമായി കരുതുന്ന പശുക്കളെയും പശുക്കിടാക്കളെയും ആരാധിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ഭൂമിയില്‍ മനുഷ്യജീവിതം നിലനിര്‍ത്തുന്നതില്‍ ഏറെ സംഭാവനചെയ്ത പശുക്കള്‍ക്കുള്ള നന്ദി പ്രകടിപ്പിക്കുന്നതിനുള്ള പ്രത്യേക ദിവസമാണ് നന്ദിനി വ്രതം. അശ്വിന മാസത്തിലെ കൃഷ്ണ പക്ഷ ത്രയോദശിയാണ് ധന്‍ തേരസ് (ധന്വന്തരി ജയന്തി) ആയി ആഘോഷിക്കുന്നത്. ധന്‍ ‘എന്നാല്‍ സമ്പത്തു എന്നും ‘തേരസ്’ എന്നാല്‍ 13 എന്നുമാണ് അര്‍ത്ഥം.ഇതിനെ ‘ധന്വന്തരി ത്രിദാസി ‘എന്നും പറയുന്നു. ദേവന്മാരും അസുരന്മാരും കൂടി അമൃതിനായി പാലാഴി കടഞ്ഞപ്പോള്‍ അതില്‍ നിന്ന് അമൃത കുംഭവുമായി ഭഗവാന്‍ ‘ധന്വന്തരി’ ഉയര്‍ന്നു വന്നതിനെ അനുസ്മരിപ്പിച്ചു കൊണ്ടാണ് അന്നേ ദിവസം ധന്വന്തരി ജയന്തി ആചരിക്കുന്നത്. ഈ ദിവസം വൈകിട്ടു വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്നു.
അടുത്ത ദിവസം ‘നരക ചതുര്‍ദശി’ ഇതിനെ ഛോട്ടീ ദീപാവലി എന്നും പറയുന്നു. ഐതിഹ്യപ്രകാരം ഭഗവാന്‍ കൃഷ്ണന്‍ രാക്ഷസനായ നരകാസുരനെ വധിച്ചു. അടിമകളാക്കി തുറങ്കലില്‍ അടച്ചിരുന്ന പതിനാറായിരത്തോളം സ്ത്രീ ജനങ്ങളെ രക്ഷിച്ച് ലോകത്തെ ഭീതിയില്‍ നിന്നും മുക്തമാക്കിയദിനംകൂടിയാണ്.
പദ്വ അഥവാ ‘വര്‍ഷപ്രതിപാദ’ ആണ് നാലാമത്തെ ദിനം. ദീപാവലിയുടെ നാലാം ദിവസം ഗോവര്‍ദ്ധന്‍ പൂജ ചെയ്യുന്നു. ഉത്തരേന്ത്യയില്‍ ഈ ദിവസം ‘ഗോവര്‍ധനപൂജ’ നടക്കുന്നു. ഇതാണ് വര്‍ഷപ്രതിപാദയുടെ ഐതിഹ്യം – മഴയുടെ ദേവനായ ഇന്ദ്രനെ പൂജിക്കാറുണ്ടായിരുന്ന ഗോകുലത്തില്‍ ശ്രീകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഇന്ദ്രപൂജ നിര്‍ത്തിവെച്ചു. ഇതില്‍ കോപാകുലനായ ഇന്ദ്രന്‍ ഗോകുലത്തില്‍ അതിശക്തമായ മഴ പെയ്യിച്ചു. എന്നാല്‍ ഗോവര്‍ധന പര്‍വതം പിഴുതെടുത്ത് ഗോകുലത്തിന് മുകളില്‍ ഒരു കുടയായി പിടിച്ച ശ്രീകൃഷ്ണന്‍ ഗോകുലവാസികളെ രക്ഷിച്ചു. അതിന്റെ സ്മരണയ്ക്കായാണ് ഗോവര്‍ധന പൂജ നടക്കുന്നത്. ഭായീദുജ് എന്നാണ് അഞ്ചാമത്തെ ദിവസം അറിപ്പെടുന്നത്. മരണത്തിന്റെ ദേവനായ യമന്‍ തന്റെ സഹോദരിയായ യമിയെ സന്ദര്‍ശിച്ച് ഉപഹാരങ്ങള്‍ നല്‍കിയ ദിനമാണിത്. യമി യമന്റെ നെറ്റിയില്‍ തിലകമര്‍പ്പിച്ച ഈ ദിവസം തന്റെ സഹോദരിയുടെ കൈയില്‍ നിന്നും തിലകമണിയുന്നവര്‍ ക്ലേശങ്ങളില്‍ നിന്നും മുക്തി ലഭിക്കും എന്ന് യമന്‍ പ്രഖ്യാപിച്ചു. സഹോദരീ സഹോദരന്മാര്‍ക്കിടിയിലെ സ്‌നേഹത്തിന്റെ ഒരു പ്രതീകമെന്ന നിലയിലാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്. ഇത്തരത്തില്‍
ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ.
പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ കാളിപൂജയായും, ചിലയിടങ്ങളില്‍ സീതാപഹാരകനായ രാവണനെ വധിച്ചു അയോധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമചന്ദ്രന്റെ അയോദ്ധ്യാവാസികള്‍ ദീപാവലിയോട് കൂടി സ്വീകരിച്ചു. ശ്രീരാമ വിജയമായും ഇത് കണക്കാക്കുന്നു.
പ്രപഞ്ചത്തിലുള്ള ശക്തിയെ തന്നില്‍ത്തന്നെ കണ്ടറിയുവാനും അതിനെ ഉപാസിക്കുവാനും അതുമൂലം പ്രപഞ്ചവും വ്യക്തിയും തമ്മിലുള്ള ബന്ധത്തെ സുഖകരമാക്കുകയും ചെയ്യുന്നതാണ് ആചാരാനുഷ്ഠാനങ്ങള്‍. (-ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി)
‘ഇദം ശരീരം കൗന്തേയ ക്ഷേത്രം ഇത്യഭിധീയതേ’ ശരീരമാകുന്ന ക്ഷേത്രത്തെ തത്വരൂപേണ കണ്ടറിഞ്ഞ് ഉപാസിക്കുന്നതാണ് ഈ സമ്പ്രദായം. ശരീര ക്ഷേത്രത്തെ ചൈതന്യ വത്താക്കുന്ന ദീപമാണ് ആത്മാവ്.
‘ക്ഷയവൃദ്ധി വിനിര്‍മുക്താ
ക്ഷേത്രപാലസമര്‍ചിതാ’
എന്ന് ലളിതാസഹസ്രനാമത്തിലും പരാശക്തിയെ അനുസ്മരിക്കുന്നു. അങ്ങനെ ആഘോഷങ്ങളിലൂടെ തന്നിലുള്ള ആജ്ഞതയെ ഉന്മൂലനം ചെയ്യുവാനും, അന്തര്‍ലീനമായ നിഗൂഢ ശക്തിയെ(ദേവിയെ) അറിഞ്ഞ് ഉപാസിക്കുവാനും ജ്ഞാനത്തിന്റെ പ്രകാശം അനുഭവിച്ചറിഞ്ഞ് ധര്‍മ്മത്തിനായി ഉപയോഗപ്പെടുത്തുവാനും ദീപാവലി പോലെയുള്ള ആഘോഷങ്ങള്‍ മാനവ സമൂഹത്തിന് പ്രചോദനം നല്‍കുന്നു. നമുക്കേവര്‍ക്കും ഈ പുണ്യഭൂമിയുടെ ദീപാവലി ആഘോഷത്തില്‍ നല്ലമനസോടെ പങ്കുചേരാം. ജയ് സീതാറാം.
Discussion about this post