അനന്തപരിയിലെ പുണ്യഘോഷത്തിന് ഏഴു പതിറ്റാണ്ടിന്റെ നിറവ്
ഭാരതമെങ്ങും കേളികേട്ട ഒരു പുണ്യസ്ഥാപനമാണ് അഭേദാശ്രമം! ശ്രീമദ് അഭേദാനന്ദസ്വാമികളാല്‍ സ്ഥപിതമായ ഒരു അനന്വയ ആദ്ധ്യാത്മിക കേന്ദ്രമാണത്. സവിശേഷതകള്‍ പലതുമുണ്ട് ഈ ആശ്രമത്തിന്. സ്ഥാപകനും. എങ്കിലും ലോകം മുഴുവന്‍ അത്ഭുതാദരങ്ങളോടെ ശ്രദ്ധിക്കുന്നത് ഇവിടത്തെ നാമജപമാണ്. ഒപ്പം നാമവേദിയേയും. കൃത്യം എഴുപതുവര്‍ഷമായി ഇടതടവില്ലാതെ ‘ഹരേരാമ’ മന്ത്രം ഉദ്‌ഘോഷണം ചെയ്യുന്ന അനുപമമായ സവിശേഷത ഈ ആശ്രമത്തിനുമാത്രം അവകാശപ്പെട്ടതാണ്. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി അനന്തപുരിയില്‍ ഈ മഹാമന്ത്രം മുഴങ്ങി തുടങ്ങിയിട്ട്.
ആദ്യം സ്ഥാപിക്കപ്പെട്ടത് ആറയൂര്‍ ആശ്രമമാണെങ്കിലും അവിടെ അഖണ്ഡനാമജപമാരംഭിച്ചത് തിരുവനന്തപുരം ആശ്രമത്തില്‍ തുടങ്ങിയതിലും ഏതാനും വര്‍ഷം കഴിഞ്ഞിട്ടാണ്. 1955 ഫെബ്രുവരി മാസം 24-ാം തിയതിയാണ് അഖണ്ഡ നാമജപം ആരംഭിച്ചത്. അതിനു ശേഷം ഇന്നുവരെ ഒരുനിമിഷം പോലും തടസ്സപ്പെടാതെ അത് തുടരുന്നു. ആദ്യം തോളിലേറ്റിയ തംബുരു ഇതുവരെ നിലം തൊട്ടിട്ടില്ല. ഒന്നോരണ്ടോമണിക്കൂര്‍ ഇടവിട്ട് ഉപാസകര്‍ തംബുരു മാറിമാറി ഏന്തി മഹമന്ത്രം ഉച്ചരിച്ചു കൊണ്ടേയിരിക്കുന്നു. ലോകവിസ്മയമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു!
നാമം നാമിയാണെന്നും ഉപാസന അന്തഃ- ശുദ്ധികരമാണെന്നും വിശ്വസിച്ച അഭേദാനന്ദസ്വാമികള്‍ ലോക കല്യാണത്തിനായി ആരംഭിച്ചതാണ് ഈ സപര്യ ! ജപത്തിനായി മഹാമന്ത്രവും നിശ്ചയിക്കപ്പെട്ടു. കലിസന്തരണോപനിഷത്തി ലുള്‍ക്കൊള്ളുന്ന
”ഹരേ രാമ! ഹരേരാമ! രാമ രാമ! ഹരേ ഹരേ !
ഹരേ കൃഷ്ണ ! ഹരേ കൃഷ്ണ !
കൃഷ്ണ കൃഷ്ണ ! ഹരേ ഹരേ !’
എന്നതാണ് ആ അപൂര്‍വ്വ മന്ത്രം! മാനവമനസ്സിലെ കലി അഥവാ പാപം നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണ് മഹാമന്ത്രോച്ഛാരണഫലം! വ്രതശുദ്ധിയോടെ തംബുരുവേന്തുന്ന ഉപാസകന്‍ ഹരിനാമോപാസകനായ നാരദനാലും ആ മന്ത്രം മുഴങ്ങുന്ന നാമവേദി അദ്ധ്യാത്മപ്രഭാമയമായ പ്രപഞ്ചമായും സങ്കല്പിക്കപ്പെട്ടിരിക്കുന്നു. മണ്ഡപത്തില്‍ ജ്വലിക്കുന്ന അഖണ്ഡദീപം പഞ്ചേന്ദ്രിയങ്ങളേയും. അതിലെ സുവര്‍ണ്ണ പ്രഭ മനഃപരിശോഭിതമാകുന്ന ജ്ഞാനത്തേയും പ്രതിനിധീകരിക്കുന്നു. അതിന് ചോദകമാകുന്ന ഭക്തിയാണ് നിറദീപം പ്രകാശിതമാക്കുന്ന എണ്ണ ! ഭക്തിമയമായ ജ്ഞാനം പഞ്ചേന്ദ്രിയശുദ്ധിവരുത്തി ഉപാസകനേയും പ്രപഞ്ചത്തേയും പാപവര്‍ജ്ജിതമാക്കുന്നു ! ഈ ഭാവനയാണ് നാമജപത്തിന് പിന്നിലുള്ള ശക്തി ! അഭേദാനന്ദ ഗുരുദേവന്റെ അകളങ്ക ഭക്തിയും അസീമമായ ത്യാഗഭാവവും ഈ മന്ത്രോപാസനയുടെ അനുസൃതിക്ക് പിന്‍ബലം നല്‍കികെക്കൊണ്ടിരിക്കുന്നു. വിഹ്വലമാനസാരായെത്തുന്നവര്‍പോലും മഹാമന്ത്രമുച്ചരിച്ചും കേട്ടും നിര്‍വൃതിയടയുന്നു. ജപത്തിനായി ചെലവഴിക്കേണ്ടത് സന്നദ്ധരായും സമയവും മാത്രം!
രണ്ടാശ്രമത്തിലും നാമജപമണ്ഡപം നിലത്താണ്‍ സ്ഥാപിച്ചിരുന്നത് അത്് ഏതിന്റേയും മുകളിലാണ് വേണ്ടതെന്ന് ഗുരുദേവന്‍ ഉപദര്‍ശിച്ചിരുന്നു. അനുയായികളെ അതിന്‍പൊരുളറിയിക്കുകയും ആശ്രമങ്ങള്‍ രണ്ടും പുതുക്കി പണിതപ്പോള്‍ നാമമണ്ഡപങ്ങള്‍ ഉയര്‍ നിലകളിലേയ്ക്ക് മാറ്റി ! സര്‍വ്വോപാസനകള്‍ക്കും മേലെയാണ് ജപവും സ്ഥാനവും ജപകര്‍ത്താവുമെന്ന് ഇതിലൂടെ സ്പഷ്ടമാകുന്നു! ‘യജ്ഞാനാം ജപയജ്ഞോസ്മി’ എന്ന് ഗീതാകാരന്‍ പറഞ്ഞിട്ടുള്ളതും ഈ മഹിമാനം തന്നെയാണ്! യജ്ഞങ്ങളില്‍ ജപയജ്ഞം താനാണെന്നു സാരം! ജപം യജ്ഞമായിരിക്കണം ! അതിവിശുദ്ധവും ആത്മാര്‍ത്ഥവുമായ മാനസാര്‍പ്പണമാണ് യജ്ഞം! അതിന്റെ പരമഫലം മനഃശുദ്ധിയാകുന്നു! അത് ഉപാസകനെ ഭക്തിയുടെ ഉദാത്തപദങ്ങളിലെത്തിക്കുന്നു. അവന്‍ മീട്ടുന്ന തംബുരു നാദം ഉള്ളിലുയരുന്ന നാദബ്രഹ്മ പ്രതീകമാണ്. വേദി വലംവയ്ക്കുന്നത് ജീവിതയാത്രാ പരിക്രമണവും!
ഭഗവന്നാമമുച്ചരിച്ചു പഞ്ചേന്ദ്രിയശുദ്ധി നേടി മനം നിറഞ്ഞ ജ്ഞാനവുമായി വിശുദ്ധ ജീവിതം നയിക്കാന്‍ സമര്‍ത്ഥമാക്കുന്ന മഹായജ്ഞമാണ് നാമജപം! ഈ രഹസ്യമുള്‍കൊണ്ടും ആ രഹസ്യം ലോകമറിയണമെന്നുദ്ദേശിച്ചുമാണ് അഖണ്ഡനാമജപം ഗുരുദേവന്‍ സജ്ജമാക്കിയത്! വിഹ്വലതകളടക്കി പ്രശാന്തമാനസനായി നിറദീപപ്രകാശമായ ജ്ഞാനവും പേറി നിശ്ചലചിത്തനാവുകയാണ് ഉപാസകന്റെ പരിവര്‍ ത്തനം. സംഭീതിയും സംഭ്രമവുമകന്ന ക്ഷോഭവും ക്രോധവുമില്ലാത്ത ജീവിതം വ്യക്തിക്കുണ്ടാകുമെന്നും അയാളിലൂടെ കുടുംബവും അതിലൂടെ സമൂഹവും ക്ഷമയും ശാന്തിയുമാര്‍ജ്ജിക്കുമെന്ന് ഗുരുദേവന്‍ സങ്കല്പിച്ചിട്ടുണ്ടാകണം! മനസ്സില്‍ത്തുടരുന്ന ജപയജ്ഞത്തിന്റെ നിരുപമ നിദര്‍ശനമായി അഭേദാശ്രമനാമവേദി പരിശോഭിക്കുന്നു. അത്ഭുതങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ലോകസ്ഥാപനങ്ങള്‍ ഈ അനന്വയകര്‍മ്മത്തെ അംഗീകരിച്ചിട്ടുണ്ട്. സവിശേഷ വൈഭവമുള്ള പാകമതികളും !
Discussion about this post