ഓം സദ് ഗുരവേ നമഃ
ഇന്ന് നമ്മള്‍ ഗുരുപൂര്‍ണിമയായി ആചരിക്കുകയാണ്. ഈ മാനവലോകത്തിന് ഭാരതം നല്‍കിയ ഏറ്റവും മഹത്തായ സംഭാവന എന്തെന്ന് ചിന്തിച്ചാല്‍ ‘ഗുരു’ എന്ന ദ്വയാക്ഷരീമന്ത്രമെന്ന് ഒറ്റവാക്കില്‍ പറയാന്‍ കഴിയും. ഈ പ്രപഞ്ചത്തെ മുഴുവന്‍ അതാതിന്റെ ധര്‍മ്മപഥത്തില്‍ പരസ്പരം കൂട്ടിമുട്ടാതെ നിലനിര്‍ത്തുവാനും, ഒന്ന് മറ്റൊന്നിന് വിരുദ്ധമാകാതെ തനതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുവാനും ആവശ്യമായ നിയന്ത്രണം ഈ ഗുരുവിന്റെയാണ്.
ഗുകാരോ ഗുണാതീത: രുകാരോ രൂപവര്‍ജ്ജിത: എന്നതുകൊണ്ട് തന്നെ ഗുരു സങ്കല്പം വ്യക്തി പൂജയല്ല യെന്നു പറയാം വിഗ്രഹത്തിലൂടെ ഈശ്വരനെ ഉപാസിക്കുന്നപോലെ വ്യഷ്ടിയിലും സമഷ്ടിയിലും ഇത് ഒരേപോലെ പ്രവര്‍ത്തിക്കുന്നു. ആ ഗുരു സങ്കല്പത്തിന്റെ മഹത്വം ആദ്യമായി കണ്ടറഞ്ഞിതുകൊണ്ടു തന്നെയാണ് ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ ഭാരതം’വിശ്വഗുരുവായി കണക്കാക്കപ്പെടുന്നത് ..
സനാതന സംസ്‌കാരത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ വേദങ്ങളെ നാലായി പകുത്തു നല്‍കിയും ഇതിഹാസപുരാണ ങ്ങളിലൂടെ ചതുര്‍വിധപുരുഷാര്‍ത്ഥമാണ് മനുഷ്യ ജീവിതത്തിന്റെ പരമമായ ലക്ഷ്യം എന്ന് ബോധ്യമാക്കിത്തന്ന കൃഷ്ണദ്വൈപായനന്‍ വ്യാസമഹര്‍ഷിയുടെ ജയന്തിദിനമായ ആഷാഡമാസ- പൗര്‍ണ്ണമിയാണ് നാം ഗുരുപൂര്‍ണിമയായി ആചരിക്കുന്നത് .
വേദവ്യാസന്റെ ജയന്തി മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് വരുന്നത്. ജൂലയിലാണ് വ്യാസ പൂര്‍ണ്ണിമ എന്ന ഗുരു പൂര്‍ണ്ണിമ. ആഷാഢത്തിലെ വെളുത്തവാവിനാണ് ഗുരു പൂര്‍ണ്ണിമ എന്ന വ്യാസപൂര്‍ണ്ണിമ ആഘോഷിക്കുക എന്നൊരു വാദവുമുണ്ട്. പൂര്‍ണ്ണചന്ദ്രനുള്ള ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത്. മനുഷ്യമനസ്സിലെ അജ്ഞതയാകുന്ന തമസിനെ അറിവാകുന്ന പ്രകാശം കൊണ്ട് നിറയ്ക്കുന്ന ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത് എന്നൊരു വാദവും നിലവിലുണ്ട്.
‘മനം എവ മനുഷ്യാനാം കാരണം ബന്ധം മോക്ഷയോ’
എന്ന ശ്ലോക പ്രകാരം മനുഷ്യന്റെ മനസ്സാണ് ബന്ധത്തിനും മോക്ഷത്തിനും കാരണമാകുന്നത് .അതുകൊണ്ട് മനസ്സിനെ നിയന്ത്രിക്കേണ്ട ആത്മവിദ്യ അനിവാര്യമാകുന്നു .മോക്ഷമാണ് പുരുഷാര്‍ത്ഥത്തിന്റെ പരമമായ ലക്ഷ്യം. ചന്ദ്രന്‍ മനസ്സിന്റെ പ്രതീകമാണ്. പൂര്‍ണ്ണചന്ദ്രന്‍ മനസ്സിന്റെ പൂര്‍ണമായ സാത്വികഭാവത്തെ കാണിക്കുന്നു. ‘സാത്ത്വികത്തില്‍ നിന്ന് മനസ്സും ഉണ്ടായി വന്നു’…എന്ന് അദ്ധ്യാത്മരാമായണം
പുരാണ ഇതിഹാസ കര്‍ത്താവായ വേദവ്യാസനെ അറിവിന്റെ ഗുരുവായി പ്രതിഷ്ഠിച്ചാണ് ഗുരുപൂര്‍ണ്ണിമ ആഘോഷിക്കുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായും വേദവ്യാസനെ കണക്കാക്കുന്നു.
ബ്രഹ്മാവിന്റെ മാനസപുത്രനായ വസിഷ്ഠമഹര്‍ഷിയുടെ മൂന്നാം തലമുറയിലാണു വ്യാസമഹര്‍ഷി ജനിച്ചത്. വസിഷ്ഠപുത്രന്‍ ശക്തി, ശക്തിയുടെ പുത്രന്‍ പരാശരന്‍, പരാശരപുത്രന്‍ വ്യാസന്‍. ഇതാണ് ക്രമം
ലോകത്തില്‍ ഭാരതാംബയല്ലാതെ മറ്റൊരു ദേശവും ഇത്രയധികം ജ്ഞാനികള്‍ക്കും, പണ്ഢിതന്മാര്‍ക്കും ഗുരുക്കന്മാര്‍ക്കും ജന്മം നല്‍കിയിട്ടില്ല. അതുപോലെതന്നെ മറ്റൊരിടത്തും ഇത്രയധികം ഗ്രന്ഥങ്ങളുണ്ടായിട്ടില്ല.
വ്യാസോച്ചിഷ്ടം ജഗത് സര്‍വം…. എന്നു പറഞ്ഞിരിക്കുന്നത് ഇതുകൊണ്ടത്രേ.
.ഈ മഹത്വംകൊണ്ടാണ് വ്യാസന്‍ ജഗദ്ഗുരുവായതും , വ്യാസപൂര്‍ണ്ണിമ ഗുരുപൂജയ്ക്കായി തിരഞ്ഞെടുത്തതും.
മഹാഭാരതത്തെക്കുറിച്ച് രചയിതാവായ വ്യാസമഹര്‍ഷിതന്നെ ഇപ്രകാരമാണ് പറയുന്നത്
”ധര്‍മേഹ്യര്‍ഥേ ച കാമേ ച, മോക്ഷേ ച ഭരതര്‍ഷഭ,
യദിഹാസ്തി തദന്യത്ര, യന്നേഹാസ്തി ന തത് ക്വചിത്.”
(അല്ലയോ ഭരതകുലശ്രേഷ്ഠാ, ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നീ വിഷയങ്ങളില്‍ യാതൊന്നാണോ ഇതിലുള്ളത് അതുതന്നെയേ മറ്റെല്ലായിടത്തും ഉള്ളൂ, ഇതിലില്ലാത്തത് മറ്റെവിടെയും ഇല്ല).
ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം:-
ദുര്‍ലഭം ത്രയമേവൈതദ് ദേവാനുഗ്രഹഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷസംശ്രയഃ
(മനുഷ്യജന്മം ലഭിച്ചു എന്ന് കരുതി മോക്ഷത്തിന് അര്‍ഹതയുണ്ടെന്ന് ധരിക്കരുത്. ആരംഭത്തില്‍ മോക്ഷത്തിനുള്ള ഇച്ഛയും പരിശ്രമവും അതിനാവശ്യമാണ്. ഇതിനെല്ലാം ഉപരി ഈ ജന്മത്തില്‍ തന്നെ ഉത്തമനും അനുഭവസ്ഥനും ഈശ്വരാ സാക്ഷാത്കാരം നേടിയ ഒരു ഗുരുവിനെ ലഭിക്കുക എന്നത് വളരെ ദുര്‍ല്ലഭമായ ഒരു കാര്യമാണ്. ഇവിടെയാണ് ഉത്തമനായ ഒരു ഗുരുവിനെ ലഭിക്കുന്നതിന് പ്രാധാന്യം മനസ്സിലാകുന്നത്.
ധര്‍മാചരണത്തിന്റെയും ആത്മസാക്ഷാത്കാരത്തീന്റെയും വിളനിലമായ ഈ ഭാരതം കര്‍മ്മഭൂമിയായണ് അറിയപ്പെടുന്നത്. സമ്പാദ്യത്തിനുപരി ത്യാഗത്തിലും, ഭൗതീകതക്കുപരി ആത്മീയതയിലും ആനന്ദം കണ്ടെത്തിയീരുന്ന സ്വാമിജിയെപ്പേലെയുള്ള ഗുരുപരമ്പരകളാല്‍ സമൃദ്ധവും സമ്പന്നവുമാണ് ഭാരതം.(ധര്‍മ്മത്തേ അടിസ്ഥാനമാക്കിയുള്ള അര്‍ത്ഥവും ,കാമത്തിന്റെ പിടിയില്‍ അമര്‍ന്ന് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വശംവദമാകാത്ത അര്‍ത്ഥവും, മോക്ഷമാണ് പരമലക്ഷ്യമെന്ന അടിയുറച്ച ബോധവും അതിന് ചേര്‍ന്ന് കാമവും മാത്രമേ ആചാര്യപരമ്പരകള്‍ വിധിച്ചിട്ടുള്ളൂ.)
ഭോഗത്തിനായികൊണ്ട് കാമിക്കയും വേണ്ട, കാമം വിധികൃതം വര്‍ജ്ജിക്കയും വേണ്ട….. എന്ന് അദ്ധ്യാത്മരാമായണം പറയുമ്പോള്‍… അജ്ഞാനമെന്ന മായയുടെ പിടിയില്‍ അമര്‍ന്ന് വിഷയങ്ങള്‍ക്ക് പിന്നാലെ പായുന്ന മനുഷ്യജന്മം ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദുരമെന്ന് എഴുത്തച്ഛന്‍ വിശേഷിപ്പിച്ചത് വെറുതെയല്ല.
‘സ ഏഷ പൂര്‍വേഷാമപി ഗുരു കാലനാന വച്ഛേദാത്'(യോഗദര്‍ശനം 1.26).
അര്‍ത്ഥം: കാലം കൊണ്ട് മുറിക്കാന്‍ കഴിയാത്ത പരമനായ ഗുരുവായ പരേമശ്വരനാണ് യഥാര്‍ത്ഥത്തില്‍ ഗുരുവെന്നര്‍ത്ഥം പറയുമ്പോള്‍ അത്….
സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം…
സദാശിവനില്‍ നിന്നും ആരംഭിച്ച് ശങ്കരാചാര്യരിലൂടെ നമ്മുടെ ഗുരു നാഥന്മാരിലൂടെ കടന്നുവന്ന ഗുരു പരമ്പരയെ സര്‍വഥാ വന്ദിച്ചുകൊണ്ട്. വേണം നാം ഈ കര്‍മ്മ ഭൂവില്‍ ജീവിക്കുവാന്‍… ഈ ഭാരതാംബ ഈശ്വരതുല്യരായ പുത്രന്മാര്‍ക്ക് ജന്മം നല്‍കി കൊണ്ട് സനാതന സംസ്‌കാരത്തെ സംരക്ഷിക്കുന്നു.
നമ്മുടെ ഗുരുനാഥനായ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ തന്റെ അനുഗ്രഹ പ്രഭാഷണം ആരംഭിക്കുന്നത് തന്നെ ‘എന്റെ സര്‍വസങ്കല്പങ്ങളും ഭാരതീയ ഗുരുപരമ്പരയുടെ പദകമലങളിള്‍ സമര്‍പ്പിച്ചു കൊണ്ടും….. എന്ന വരികളോടെടെയാണന്ന കാര്യം ഇത് നമ്മളും നമ്മുടെ വ്യക്തിജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ടതാണന്ന ഒരു നിര്‍ദ്ദേശം നമുക്ക് നല്‍കുന്നു.. ‘ധര്‍മബോധം നഷ്ടപ്പെടാത്ത ശ്രദ്ധയാണ് ഗുരുത്വം’ എന്ന് ഗുരു സങ്കല്പത്തിന് പുതിയ വ്യാഖ്യാനം രചിച്ചും, കേവലം വ്യക്തി പൂജയല്ല ഗുരുത്വംഎന്നും, ഈ പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിച്ചും നിലനിര്‍ത്തിയുമിരിക്കുന്ന ഗുരുത്വം എന്ന ശക്തിയും ഗുരുവും രണ്ടല്ലെന്നും വ്യക്തമാക്കുന്നു.
ഗുരുവും ശിഷ്യനും തമ്മിലുള്ള ശ്രേഷ്ഠബന്ധത്തിന് തത്തുല്യമായ മറ്റൊരു ബന്ധം നമുക്ക് നമ്മുടെ പുരാണ ഇതിഹാസങ്ങളില്‍ പോലും കണ്ടെത്തുക ദുര്‍ലഭമാണ്. അതിഗഹനമായ ആദ്ധ്യാത്മിക തത്വങ്ങള്‍ ചര്‍ച്ചചെയ്യുന്ന പുരാണേതിഹാസങ്ങളില്‍ എല്ലാംതന്നെ ശ്രീ പരമേശ്വരന്‍ പാര്‍വതിക്ക് പറഞ്ഞുകൊടുക്കുന്നതായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഗുരു-ശിഷ്യ. സംവാദ രൂപത്തില്‍.. ജ്ഞാനത്തെയാണ് ഇവിടെ അനാവരണം ചെയ്യുന്നത്. അദ്ധ്യാത്മരാമായണത്തിലെ പാര്‍വതീ പരമേശ്വര സംവാദം മര്യാദാപുരുഷോത്തമനായ ഭഗവാന്‍ ശ്രീരാമചന്ദ്രനിലൂടെ പ്രപഞ്ചരഹസ്യം ചര്‍ച്ച ചെയ്യുന്നു.
സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് ഇടം നല്‍കാതെ ,വൈകാരീക ബന്ധങ്ങള്‍ക്കടിയറവെക്കാത്തതുമായ സംശുദ്ധവും ആത്മീയ
വുമായ ഇത്തരമൊരു ബന്ധം ഭാരതീയ സംസ്‌കാരത്തിലല്ലാതെ മറ്റൊങ്ങും കാണുക സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍ ഇതാണ് സനാതന സംസ്‌കാരം ഉയര്‍ത്തി കാട്ടിയ മാനവ ജീവിതത്തിന്റെ പരമലക്ഷ്യമായ പുരുഷാര്‍ത്ഥത്തിന്റെ പ്രാപ്തി.
ഗുരോസ്തു മൗനം വ്യാഖ്യാനം ശിഷ്യത്ഛിന്ന സംശയ’ എന്ന് പറയുന്നത് ശ്രവണ-മനന-നിദിധ്യാസത്തിലൂടെ എത്തിച്ചേരേണ്ട തത്വസാക്ഷാത്കാരമാണ് ഗുരു ശിഷ്യനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അവിടെ ഗുരുവിന്റെ മൗനം ശിഷ്യന്റെ മനനമായി മാറുകയും അതിലൂടെ ആത്മസാക്ഷാത്കാരത്തിന് ഒരുവന്‍ തയ്യാറാക്കുകയുമാണ്.
ഗുരോരനുഗ്രഹേണൈവ പുമാന്‍ പൂര്‍ണ പ്രശാന്തയേ എന്ന ഭാഗവത വാക്യത്തെ സത്യമാക്കി തീര്‍ത്തും ഈ അടുത്ത കാലം വരെ സശരീരനായി നമ്മെയൊക്കെ അനുഗ്ര ഹിച്ചും , പരമഗുരുവായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരെക്കുറിച്ചും അദ്ദേഹത്തിന്റെ വിഭൂതി വൈഭവങ്ങളെ കുറിച്ചും ‘പാദപൂജ’, ‘ഗുരുത്വം എന്ന ശാസ്ത്രം’ എന്നിവയിലൂടെ ഗുരു മഹിമ പകര്‍ന്നു തന്ന നമ്മുടെ ഗുരുനാഥന്റെ തൃപ്പാദങ്ങളെ സ്മരിച്ചുകൊണ്ട് ഈ ഗുരുപൂര്‍ണിമയില്‍ നമുക്ക് പങ്കുചേരാം. ശ്രീപാദം കണ്ടുകൊള്ളാന്‍ മല്‍ഗുരു ഭൂതന്മാരാം താപസന്മാര്‍ക്കുപോലും യോഗം വന്നീലയല്ലോ.’. എന്ന് സ്തുതിക്കുന്ന ശബരിയിലൂടെ…
ഭഗവാന്റെ സാക്ഷാത് ദര്‍ശനം തന്നെ ദുര്‍ലഭമാണന്ന് പുരാണേതിഹാസങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ സാക്ഷാല്‍ ഗുരുസ്വരൂപമായി നമുക്ക് ദര്‍ശനം നല്‍കിയും, ആത്മാരാമപട്ടാഭിഷേകത്തിലൂടെ നമ്മെയെല്ലാം ഭഗവദ് ആനന്ദത്തില്‍ ആറാടിച്ച നമ്മുടെ ഗുരുനാഥന്റെ സ്മരണയില്‍ മുഴുകിക്കൊണ്ട്, പദകമലങ്ങളില്‍ നമ്മെ സ്വയം സമര്‍പ്പിച്ചുകൊണ്ടും വേണം നാം ഗുരു പൂര്‍ണ്ണിമ പോലെയുള്ള ദിവസങ്ങള്‍ ആചരിക്കാന്‍.