അങ്ങനെ ഒരു രാമായണമാസം കൂടി വരവായി. കര്‍ക്കടകം പൊതുവേ പഞ്ഞമാസമെന്നും കള്ളകര്‍ക്കടകമെന്നും വിളിച്ചുവരുന്നു. അത്തരത്തിലുള്ള ദുരിതങ്ങളില്‍ നിന്നും കരകയറുവാന്‍ രാമായണത്തിന് ഉപരി ജനഹൃദയങ്ങളില്‍ മറ്റൊരു ഗ്രന്ഥത്തിന് സ്ഥാനം ലഭിച്ചിട്ടില്ല എന്നുള്ളത് സത്യം തന്നെ. അതുകൊണ്ടുതന്നെ ഈ മാസം രാമായണമാസമായി അറിയപ്പെടുന്നു. ഇത് രാമായണത്തിന്റെ മഹാത്മ്യത്തെയാണ് കാണിക്കുന്നത്. പൈങ്കിളി പൈതലിനോട് മര്യാദാ പുരുഷോത്തമനായ ഭഗവാന്റെ മഹിമ പാടുവാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് രാമായണം ആരംഭിക്കുന്നത് തന്നെ.
ഇഷ്ട ദേവതാ സ്തുതികളില്‍ ഗണപതിയേയും സരസ്വതിയെയും വന്ദിച്ചുകൊണ്ട് പിന്നീട് രാമായണ കര്‍ത്താവായ വാത്മീകിയെയും വന്ദിച്ചുകൊണ്ട് ജഗന്മയനായ ഭഗവാനും ആധാരമായി നില്‍ക്കുന്നത് വേദമെന്ന് പ്രസ്താവിക്കുന്നു. വേദമാണ് സര്‍വതിനും ആധാരമെന്ന് രാമായണം സൂചിപ്പിച്ചുകൊണ്ട് ബോധഹീനന്മാര്‍ക്ക് പോലും ഉപകാരപ്പെടട്ടെ എന്ന് സങ്കല്‍പ്പത്തോടെയാണ് താന്‍ ഇതിന് മുതിരുന്നത് എന്ന് എഴുത്തച്ഛന്‍ നമ്മെ ബോധിപ്പിക്കുന്നു. 100 കോടി ശ്‌ളോകങ്ങളാല്‍ ബ്രഹ്മാവിനാല്‍ വിരചിതമായ രാമായണം ചുരുക്കി ഭൂമിയിലെ ജന്തുക്കള്‍ക്ക് മോക്ഷാര്‍ത്ഥത്തിനായികൊണ്ട് വീണാപാണിയായ സരസ്വതി ദേവി വാത്മീകി യുടെ നാവില്‍ സ്വയം അരുളിയതാണ് ശാസ്ത്രസമ്മതമായ രാമായണം. ഇത് അദ്ധ്യാത്മപ്രദീപകവും അത്യന്തം രഹസ്യവും പരമശിവനാല്‍ പറഞ്ഞുതന്നിട്ടുള്ളതും ആണെന്നതുകൊണ്ടുതന്നെ മര്‍ത്യജന്മികള്‍ക്ക് ഇത് മോക്ഷത്തിന് ഉപകാരപ്പെടും എന്നും സൂചിപ്പിക്കുന്നു. ഉമാമഹേശ്വര സംവാദത്തിലൂടെ ജ്ഞാന വിജ്ഞാനങള്‍, വൈരാഗ്യം, ഭക്തിലക്ഷണം, സാംഖ്യം ,യോഗം, ക്ഷേത്രോപവാസഫലം ,ത്യാഗം ധര്‍മം എന്നിവയുടെ ഫലം തീര്‍ത്ഥസ്‌നാന ഫലം, ദാനധര്‍മ്മഫലം, വര്‍ണ്ണധര്‍മ്മം, ആശ്രമധര്‍മ്മം എന്നിവയെല്ലാം രാമന്റെ അയനത്തിലൂടെ ചര്‍ച്ചചെയ്ത് സമര്‍ത്ഥിച്ചിരിക്കുന്നു.
ബന്ധങ്ങളുടെയും മോക്ഷങ്ങളുടെയും കാരണവും വ്യക്തമാക്കുന്നതോടുകൂടി നമ്മളിലുള്ള അജ്ഞാനം തീര്‍ന്നു ഭക്തി ഉദിക്കുവാന്‍ ഇത് കാരണമാകുന്നു. മര്യാദാ പുരുഷോത്തമനായ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ മനുഷ്യനെന്ന ധരിക്കുന്ന അജ്ഞാനികള്‍ക്ക് അവരുടെ മനസ്സ് തമസുകൊണ്ട് മൂടപ്പെട്ടതിനാല്‍ അവര്‍ക്ക് ഈ തത്വം ബോധ്യപ്പെടാന്‍ സാധ്യമാകാതെ വന്നു. അതുകൊണ്ടുതന്നെ രാമതത്വ ഉപദേശത്തിലൂടെ ജന്മനാശാദികള്‍ ഇല്ലാത്ത പരബ്രഹ്മമാണ് രാമന്‍ അറിഞ്ഞുകൊള്ളണം. സീതയാകുന്നത് മൂല പ്രകൃതിയാണന്നും തന്റെ പതിയായ പരമാത്മാവിന്റെ സാന്നിധ്യം കൊണ്ടാണ് മായ ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതും സംഹാരം നടത്തുന്നത് എല്ലാം അതുകൊണ്ടുതന്നെ ഇതിന്റെയെല്ലാം കര്‍ത്തൃത്വ ഭോക്തൃത്വ ഭാവം നിര്‍ഗുണനായ പരമാത്മാവിനെ ബാധിക്കുന്നില്ല.
പരമാത്മാവ് ആകുന്ന ബിംബത്തിന്റെ പ്രതിബിംബമായി കാണുന്ന ജീവന്‍ ഇവയെല്ലാം തത്ഭാവം കൊണ്ട് ആണെന്ന് ധരിച്ച് സുഖദുഃഖങ്ങള്‍ അനുഭവിക്കുന്നു. ആചാര്യന്മാരുടെ കാരുണ്യത്താല്‍ തത്വമസ്യാദി മഹദ് വചനങ്ങളിലൂടെ ഈ തത്വം അറിയാത്തിടത്തോളം ഭക്തിവിമുഖന്മാരായ അജ്ഞാനികള്‍ ശാസ്ത്ര ഗര്‍ത്തങ്ങളില്‍ വീണ് ഉഴലുന്നു. അതുകൊണ്ടാണ് ഇത് അത്തരക്കാര്‍ക്ക് ഉപദേശിക്കരുതെന്ന് രാമായണം സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മുക്തി സിദ്ധിക്കുവാന്‍ ഭഗവത്പാദഭക്തി ഒഴിഞ്ഞ് മറ്റൊന്നില്ല എന്ന രാമായണം വ്യക്തമാക്കുന്നു. ഭക്തിയൊഴിഞ്ഞില്ല ഭേക്ഷജമേതും. ഭേഷജം മരുന്നാണ്. കലികാല ദോഷങ്ങള്‍ക്കും സംസാര ദോഷങ്ങള്‍ക്കും ഉള്ള ഏക ഉപായം അഥവാ മരുന്ന് ശാസ്ത്രയുക്തമായ രാമായണം തന്നെയാണ്.അതുകൊണ്ടാണ് ദുരിതപൂര്‍ണ്ണമായ കര്‍ക്കടകനാളുകളില്‍ രാമായണപാരായണം ഒരു ഉത്തമ മരുന്നായി ആചാര്യന്മാര്‍ നമുക്ക് വിധിച്ചത്.












