തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തത്. പോറ്റിക്ക് അവസരമൊരുക്കി കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നയാളെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉള്‍പ്പെടുന്നു. പോറ്റി സ്വര്‍ണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്രപരമായ നീക്കമാണ് അന്വേഷണ സംഘം നടത്തിയത്. പത്മകുമാറിന്റെ ജാമൃ ഹര്‍ജിയില്‍ തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവെക്കാന്‍ എസ്‌ഐടി ശ്രദ്ധിച്ചു. മുന്‍കൂര്‍ ജാമ്യം തടയാനുളള നീക്കമായിരുന്നു ഇത്.
തന്ത്രി നല്‍കിയ അനുമതികളില്‍ മൂന്നെണ്ണം സംശാസ്പദമാണെന്നാണ് റിപ്പോര്‍ട്ട്. അനുമതി എല്ലാത്തിലും നിര്‍ബന്ധമാണ്. പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി കൊടുത്തില്ലെന്നായിരുന്നു തന്ത്രി രാജിവരുടെ വാദം. എന്നാല്‍ ചില സ്‌പോണ്‍സര്‍ഷിപ്പുകളില്‍ നല്‍കിയ അനുമതി സംശയകരമാണ്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും തന്ത്രിയുടെ അനുമതി അഥവാ അനുജ്ഞ ആവശ്യമാണ്. ദേവസ്വം വിജിലന്‍സ് ഒരു ഘട്ടത്തില്‍ തന്ത്രിയെ വിശ്വാസത്തില്‍ എടുത്താണ് മുന്നോട്ടുപോയത്. തന്ത്രിക്ക് സ്വര്‍ണക്കൊള്ളയില്‍ നേരിട്ട് പങ്കില്ല എന്ന് പറഞ്ഞ് അവസാനിപ്പിച്ചിടത്താണ് ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
അതേസമയം സ്വര്‍ണക്കൊള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്. ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ ഉള്ള മുഴുവന്‍ പേരെയും പ്രതികളാക്കിക്കൊണ്ടാണ് ഇഡി അന്വേഷണം നടക്കുക.













