ന്യൂഡല്‍ഹി: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന് കേന്ദ്ര സര്‍ക്കാരും ആദരം അര്‍പ്പിക്കും. സംസ്‌കാര ചടങ്ങുകളില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ പ്രത്യേക പ്രതിനിധിയെ അയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. ഇന്ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ ഇന്നത്തെ എല്ലാ പരീക്ഷകളും ഇന്റര്‍വ്യൂകളും മാറ്റി വച്ചെന്ന് പിഎസ്‌സി അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പി എസ് സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
വി.എസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരം 3.20 നായിരുന്നു വി.എസ് അച്യുതാനന്ദന്‍ ജിവിതത്തോട് വിടപറഞ്ഞത്.