തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ശിഷ്യനും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ അധ്യക്ഷനുമായ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍(75) ഇന്ന് (16-8-2025) വൈകുന്നേരം 4:45ന് സമാധിയായി. ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ രക്ഷാധികാരി, ശ്രീരാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി, കേരളത്തിനകത്തും പുറത്തുമായി നൂറില്‍പരം ക്ഷേത്രങ്ങളുടെ ആചാര്യന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടേതുള്‍പ്പെടെ എഴുപതോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠാകര്‍മ്മവും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ പെരിങ്ങര ഹരീശ്വരന്‍ നമ്പൂതിരിയുടെയും ഉണ്ണിമായ അന്തര്‍ജ്ജനത്തിന്റെയും മകനായി 1949 നവംബര്‍ 21 നാണ് സ്വാമിജി ജനിച്ചത്. ഗണിതശാസ്ത്രത്തില്‍ ബിരുദധാരിയായ അദ്ദേഹം വേദങ്ങളിലും തന്ത്രശാസ്ത്രത്തിലും പ്രാവീണ്യം നേടി. 1981ല്‍ വയനാട് തിരുനെല്ലി ക്ഷേത്രത്തില്‍ വച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുമായുളള കൂടിക്കാഴ്ചയ്ക്കുശേഷം ഗുരുനാഥനോടൊപ്പം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെത്തുകയായിരുന്നു. 2006 നവംബറില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മഹാസമാധിക്കു ശേഷം രണ്ടു പതിറ്റാണ്ടോളം ശ്രീരാമദാസ ആശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വം നിർവ്വഹിച്ചു വരികയായിരുന്നു.
ലാളിത്യവും ഭക്തിയും മുഖമുദ്രയാക്കിയ സ്വാമിജി ഗുരുക്കന്‍മാരില്‍ സമര്‍പ്പിതമായ ജീവിതം നയിച്ചുകൊണ്ടുതന്നെ സനാതന ധര്‍മ്മത്തിന്റെ സംരക്ഷണത്തിനും പ്രചരണത്തിനുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി. ഹൈന്ദവസമൂഹത്തില്‍ നാമജപത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുവാനും വളര്‍ത്തിക്കൊണ്ടുവരുന്നതിനായി അടുത്തകാലത്തായി സാധനാദീപ സപര്യ എന്നപദ്ധതി ആവിഷ്‌കരിച്ചു. ജഗദ്ഗുരുവിന്റെ മഹാസമാധിക്കു ശേഷം ശ്രീരാമനവമി രഥയാത്രയ്ക്ക് ഭദ്രദീപ പ്രതിഷ്ഠ നടത്തി കരുത്തുപകരുമ്പോഴും ക്ഷേത്രപുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
സമാധി ചടങ്ങുകള്‍ നാളെ (2025 ആഗസ്റ്റ് 17) ഉച്ചയ്ക്ക് 12.20 ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടക്കും.