ശ്രീനഗര്‍: കാശ്മീരില്‍ ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നു പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ജമ്മു-കാശ്മീര്‍ സന്ദര്‍ശനവേളയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും നുഴഞ്ഞുകയറ്റവും അവസാനിപ്പിച്ചാല്‍ മാത്രമേ സമാധാന ചര്‍ച്ച പുരോഗമിക്കുകയുള്ളൂവെന്നു പ്രതിരോധമന്ത്രി പറഞ്ഞു. നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും നുഴഞ്ഞുകയറ്റവും അവസാനിപ്പിച്ച്, ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം വര്‍ധിപ്പിക്കണമെന്ന്അദ്ദേഹം ആവ ശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാധാരണ ബന്ധത്തിന് അതിര്‍ത്തിയിലെ സമാധാനം പാക്കിസ്ഥാന്‍ നിലനിര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അയല്‍രാജ്യങ്ങളുമായി സമാധാനത്തില്‍ പോകാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
അതേസമയം കാശ്മീരില്‍ ജിഹാദിനു (വിശുദ്ധയുദ്ധം) തയാറാകാന്‍ ഭീകരസംഘടനയായ അല്‍ക്വയ്ദ ആഹ്വാനം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സിറിയയിലെയും ഇറാക്കിലെയും സഹോദരന്മാരെ മാതൃകയാക്കി ഇന്ത്യക്കെതിരേ യുദ്ധത്തിനു തയാറാകണമെന്നാണ് അല്‍ക്വയ്ദയുടെ പാക്കിസ്ഥാനിലെ മുതിര്‍ന്ന നേതാവ് മൗലാന അസിം ഉമര്‍ വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. കാശ്മീരിനെ മോചിപ്പിക്കാന്‍ വീഡിയോയിലൂടെ അല്‍ക്വയ്ദ ആഹ്വാനം ചെയ്യുന്നത് ആദ്യമായാണ്.












