തിരുവനന്തപുരം: സംസ്ഥാനത്ത് എര്‍പ്പെടുത്തിയ ലോഡ് ഷെഡിംഗ് പിന്‍വലിച്ചു. സംസ്ഥാനത്തെ ജല വൈദ്യുത നിലയങ്ങളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതോടെ വൈദ്യുതി ഉത്പാദനം പുനരാരംഭിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടര്‍ന്നു വന്ന രാത്രികാല വൈദ്യുതി നിയന്ത്രണം ഇന്നു പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അറ്റകുറ്റപ്പണിയെത്തുടര്‍ന്നു നിര്‍ത്തിവച്ചിരുന്ന ശബരിഗിരിയിലെ 350 മെഗാവാട്ടിന്റെ വൈദ്യുതി ഉത്പാദനം കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. നേര്യമംഗലം, പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുത പദ്ധതികളിലും ഉത്പാദനം പുനരാരംഭിച്ചിരുന്നു. കായംകുളം താപവൈദ്യുത നിലയത്തില്‍നിന്ന് ഉയര്‍ന്ന തുകയ്ക്കു വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നതോടെ ഇന്നു മുതല്‍ 45 മിനിറ്റു നേരത്തെ രാത്രികാല വൈദ്യുതി നിയന്ത്രണം പിന്‍വലിക്കുമെന്നു മന്ത്രി ആര്യാടന് മുഹമ്മദ് നിയമസഭയെ അറിയിച്ചിരുന്നു.
Discussion about this post