തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ ഒമ്പതാം വാര്‍ഡിലെ രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് പുതിയ വാര്‍ഡ് നിര്‍മ്മിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. അസുഖം മാറിയിട്ടും ഏറെക്കാലമായി വാര്‍ഡില്‍ത്തന്നെ കഴിയുന്ന രോഗികളുടെ പുനരധിവാസത്തിനായി, സാമൂഹ്യനീതി വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ. മുരളീധരന് എംഎല്‍എയോടൊപ്പം, വാര്‍ഡ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമ്പതാം വാര്‍ഡില്‍ മനോരോഗം ബാധിച്ചെത്തിയ ഇരുപതോളം പേരുണ്ട്. ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കും. മനോരോഗം ബാധിച്ചവരെ പോലീസാണ് ഒമ്പതാം വാര്‍ഡില്‍ എത്തിക്കാറുള്ളതെന്നും മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നതിനുമുമ്പ് മജിസ്ട്രേറ്റിനുമുമ്പാകെ ഹാജരാക്കണമെന്നുള്ള പ്രയാസം കണക്കിലെടുത്താണ്, പോലീസ് ഇങ്ങനെ ചെയ്യുന്നതെന്നും ആശുപത്രി അധികൃതര്‍ മന്ത്രിയോടു പറഞ്ഞു. ഒമ്പതാം വാര്‍ഡിലെ തിരക്കുകുറയ്ക്കാന്‍ കൊല്ലം, പത്തനംതിട്ട ജനറല്‍ ആശുപത്രികളോടനുബന്ധിച്ച് പുതിയ വാര്‍ഡുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഫസീലത്ത് ബീവി, ആര്.എം.ഒ: ഡോ. സ്റ്റാന്‍ലി എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.
Discussion about this post