തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനുവേണ്ടിയുള്ള കേരളത്തിന്റെ പ്രൊപ്പോസല്‍ നിര്‍ദ്ദിഷ്ട സമയത്തിനകംതന്നെ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഒരു മാസത്തിനകം പ്രൊപ്പോസല്‍ സമര്‍പ്പിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ജൂണ്‍ 19 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡ്, വൈദ്യുതി, വെള്ളം എന്നീ അടിസ്ഥാനസൗകര്യങ്ങള്‍ വേണ്ടത്രയുള്ളതും 200 ഏക്കറോളം വിസ്തൃതിയുള്ളതുമായ മൂന്നോ നാലോ സ്ഥലങ്ങള്‍ കണ്ടെത്തി നിര്‍ദ്ദേശിക്കാനാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇവയില്‍ ഏറ്റവും അനുയോജ്യമായത് ഏതെന്ന് കേന്ദ്ര സംഘം, സന്ദര്‍ശനശേഷം തീരുമാനിക്കും. ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി സ്ഥലം ലഭ്യമാക്കുന്നതു സംബന്ധിച്ച പല നിര്‍ദ്ദേശങ്ങളും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലഭിച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് വേഗത്തില്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ഭൂമിതന്നെ കണ്ടെത്തി ലഭ്യമാക്കുന്നതാണ് അഭികാമ്യം. അതിനായുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനപ്രതിനിധികളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുവരികയാണ്.
എഐഐഎംഎസ് സ്ഥാപിക്കുന്നതുസംബന്ധിച്ച്, ചില സംഘടനാ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍, സംസ്ഥാന താല്പര്യങ്ങള്‍ക്ക് വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നും മന്ത്രി പറഞ്ഞു.












