ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നൂറാം ദിനം തികയ്ക്കാന്‍ ഒരുമാസം ബാക്കി നില്‍ക്കെ അഞ്ചുവര്‍ഷത്തിനുള്ളില്‍ കൈവരിക്കേണ്ട 17 നിര്‍ദേശങ്ങളാണു പ്രധാനമന്ത്രി നരേന്ദ്രമോഡി മന്ത്രാലയങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. പ്രധാന നഗരങ്ങളില്‍ മെട്രോ, രാജ്യത്തെവിടെയും 24 മണിക്കൂറിനകം എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം, കാരാര്‍ ജോലികള്‍ അവസാനിപ്പിക്കുക എന്നിവയാണ് ഇതില്‍ പ്രധാനം. ഈ മാസം 31നകം എല്ലാ സര്‍ക്കാര്‍ ജീവനക്കാരും സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഈമാസം 31നകം സര്‍ക്കാര്‍ ജീവനക്കാരോട് സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയങ്ങളുടെ അടുത്ത അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ പ്രധാനമന്ത്രിക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ സെക്രട്ടറിമാരോട് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഗതാഗത സൗകര്യങ്ങളുടെ വികസനത്തിനാണ് നിര്‍ദേശങ്ങളില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. രാജ്യത്തെവിടെയും 24 മണിക്കൂറിനകം എത്തിച്ചേരാനാകുന്ന വിധത്തിലുള്ള റോഡ്, റെയില്‍ പാതകളുടെ നിലവാരമുയര്‍ത്തുക എന്നതാണു പ്രധാനനിര്‍ദ്ദേശം. ഇതിനായി കിഴക്കന്‍ തീരത്തേയും പടിഞ്ഞാറന്‍ തീരത്തേയും ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് പാതകള്‍ നിര്‍മിക്കണം. പ്രധാനനഗരങ്ങളിലെ ഗതാഗത കുരുക്കൊഴിവാക്കാന്‍ മെട്രോകള്‍ നിര്‍മിക്കണം. കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ തുറമുഖം, എസ്ടിഡി കോളുകള്‍ക്ക് ഒരേ നിരക്ക്, കള്ളപ്പണം തടയുന്നതിനായി പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുക എന്നിവയും കാബിനറ്റ് സെക്രട്ടറിയേറ്റ് മന്ത്രാലയങ്ങള്‍ക്ക് അയച്ച നിര്‍ദ്ദേശത്തിലുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കാരാര്‍ ജോലികള്‍ അവസാനിപ്പിക്കാന്‍ തൊഴില്‍ നിയമത്തില്‍ ആവശ്യമായ മാറ്റങ്ങളും പ്രധാനമന്ത്രി നിര്‍ദേശിക്കുന്നു.












