കൊച്ചി: സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടും കെഎസ്ആര്‍ടിസി നഷ്ടത്തില്‍ തുടരുകയാണെങ്കില്‍ അടച്ചുപൂട്ടുന്നതാണു നല്ലതെന്നു ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. പെന്‍ഷനും ക്ഷാമബത്തയും മുടങ്ങുന്നതു തടയണമെന്നാവശ്യപ്പെടുന്ന 35 ഹര്‍ജികള്‍ പരിഗണിക്കവേയാണു ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹീമിന്റെ വിമര്‍ശനം.
കെഎസ്ആര്‍ടിസിക്കു സര്‍ക്കാര്‍ സഹായം നല്‍കുന്നതിലൂടെ നികുതിദായകന്റെ പണം പാഴാക്കുകയാണെന്നു കോടതി കുറ്റപ്പെടുത്തി. പൊതുജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത പ്രവര്‍ത്തനമാണു കെഎസ്ആര്‍ടിസി നല്‍കുന്നത്. ഈ സാഹചര്യത്തില്‍ കോര്‍പറേഷന്‍ വസ്തുവകകള്‍ വിറ്റു ജീവനക്കാരുടെ ബാധ്യത തീര്‍ക്കണം. കെഎസ്ആര്‍ടിസി അടച്ചുപൂട്ടിയാല്‍ ഒരു മന്ത്രിക്കു സ്ഥാനം നഷ്ടമാകുമെന്നത് ഒഴിച്ചാല്‍ മറ്റൊന്നും സംഭവിക്കില്ല. സാധാരണക്കാര്‍ക്കു പ്രയോജനപ്പെടുന്ന സംവിധാനമല്ല കെഎസ്ആര്‍ടിസിയുടേത്. കേസുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറല്‍ വിശദീകരണം നല്‍കണം.
മാസം 60 കോടി രൂപ നഷ്ടത്തിലാണു കെഎസ്ആര്‍ടിസിയെന്നും അതുകൊണ്ടാണു ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വൈകുന്നതെ ന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ വാദിച്ചു. കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ടു നിരവധി ഹര്‍ജികള്‍ കോടതി മുന്‍പാകെയുണ്ട്. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയിലും കെഎസ്ആര്‍ടിസി അടച്ചുപൂട്ടേണ്ടതാണെന്നു സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ഹര്‍ജി എട്ടിനു ഹൈക്കോടതി വീണ്ടും പരിഗണിക്കും.












