തിരുവനന്തപുരം: കൊച്ചിയിലെ ബിനാനി സിങ്ക് ലിമിറ്റഡ് അടുത്തമാസം ആദ്യം പ്രവര്‍ത്തനം പുനരാരംഭിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വ്യത്യസ്ത കാരണങ്ങളാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനി പ്രവര്‍ത്തനം നിറുത്തിവച്ചിരിക്കുകയായിരുന്നു.
കാപ്റ്റിവ് വൈദ്യുതിപ്ലാന്റിനായി കമ്പനി വാങ്ങിയ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് നിലനില്ക്കുന്ന പ്രതിസന്ധി റവന്യു വകുപ്പുമായി ചര്‍ച്ച ചെയ്ത് അടിയന്തരമായി പരിഹരിക്കുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കി. വൈദ്യുതി നിരക്ക് വര്‍ദ്ധന കാരണം നേരിടേണ്ടവരുന്ന അധിക സാമ്പത്തിക ബാധ്യത കമ്പനിയുടെ പ്രവര്‍ത്തനത്തിന് തടസം നില്ക്കുകയാണെന്ന് കമ്പനി അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. നിലവിലുള്ള 30 കോടിക്ക് പുറമേ ഏഴ് കോടി രൂപയുടെ അധിക ബാധ്യതയാണ് വൈദ്യുതി നിരക്ക് വര്‍ദ്ധനമൂലം കമ്പനിക്കുണ്ടാവുന്നത്. ഈ സാഹചര്യത്തില്‍ കമ്പനി പ്രവര്‍ത്തനം നടത്താതിരുന്ന മാസങ്ങളിലെ മാക്‌സിമം ഡിമാന്‍ഡ് ചാര്‍ജ് ഒഴിവാക്കി നല്‍കുന്നകാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, തൊഴിലാളി നേതാക്കളായ എ.സി.ജോസ്, കെ.ചന്ദ്രന്‍ പിള്ള, കമ്പനി പ്രതിനിധികളായ റോഷന്‍ കെ.മേനോന്‍, സാബുമോഹന്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












