കൊച്ചി: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നടന്ന പ്രസവം മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട കേസില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ അറസ്റ്റ് തടയാനാവില്ലെന്നു ജസ്റ്റീസ് വി.കെ. മോഹനന്‍ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി 30നു പരിഗണിക്കും.
മൂന്നു കുട്ടികള്‍ ജനിച്ച പ്രസവം ചിത്രീകരിച്ച സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടു ഗൈനക്കോളജിസ്റ്റുമാരായ ഡോ.വി.വി. മധുസൂദനന്‍, ഡോ.ടി.വി. മനോജ് കുമാര്‍, അനസ്തറ്റിസ്റ്റ് ഡോ.പി.പി. സുനില്‍ എന്നിവരാണു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ തീര്‍പ്പാകുംവരെ അറസ്റ്റ് തടയണമെന്ന ആവശ്യം അംഗീകരിച്ചാല്‍ അതു ജനങ്ങള്‍ക്കു തെറ്റായ സന്ദേശമാകും നല്‍കുകയെന്നു കോടതി നിരീക്ഷിച്ചു. ഇത്തരം സാഹചര്യമാണു സര്‍ക്കാര്‍ ആശുപത്രികളില്‍ നിലനില്‍ക്കുന്നതെങ്കില്‍ ജനങ്ങള്‍ എങ്ങനെ ആശുപത്രിയില്‍ പോകുമെന്നു കോടതി ചോദിച്ചു.
മൂന്നു കുട്ടികളുടെ ജനനം എന്ന മെഡിക്കല്‍ സവിശേഷത കൊണ്ടാണു ചിത്രമെടുത്തതെന്നും യുവതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് ഇന്‍ഫര്‍മേഷന്‍ ആക്ടിലെ വകുപ്പുകള്‍ കൂടി ചേര്‍ത്തു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.












