തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന്റെ സ്റ്റാമ്പ് ഡ്യൂട്ടിക്ക് ഇളവില്ല. മന്ത്രിസഭ മുമ്പു തീരുമാനിച്ചതു പോലെ സ്റ്റാമ്പ് ഡ്യൂട്ടി ഭൂമിവിലയുടെ ഒരു ശതമാനമായി നിലനിര്‍ത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പരമാവധി ആയിരം രൂപ എന്ന പരിധി എടുത്തുകളയും.
ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്കു സമര്‍പ്പിക്കും. കഴിഞ്ഞ 17നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമിയിടപാടുമായി ബന്ധപ്പെട്ട ഭാഗപത്രം, ഇഷ്ട ദാനം, ഒഴിമുറി, ധനനിശ്ചയം തുടങ്ങിയവ യുടെ ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇവയുടെ സ്റ്റാമ്പ് ഡ്യൂട്ടിയുടെ പരിധി 1000 രൂപയാക്കി നിജപ്പെടുത്തിയിരുന്നത് എടുത്തുകളയുകയും ചെയ്തു.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമികൈമാറ്റത്തിന്റെ പരിധി വര്‍ധിപ്പിക്കേണെ്ടന്ന നിലപാടായിരുന്നു ധനമന്ത്രി കെ.എം. മാണി കൈക്കൊണ്ടത്. എന്നാല്‍, കഴിഞ്ഞ 17ലെ മന്ത്രിസഭായോഗത്തിന്റെ നിലപാട് അതേപടി നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വാദിച്ചു.
മന്ത്രിസഭായോഗത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ അടുത്ത ദിവസത്തെ പത്രങ്ങളില്‍ അതേപടി വരുന്നുവെന്ന പരാമര്‍ശവും ഉണ്ടായി. തുടര്‍ന്നാണു സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധന അംഗീകരിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയയ്ക്കാന്‍ ധാരണയായത്.
മദ്യത്തിന്റെ വില വര്‍ധിപ്പിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കോടതിയില്‍ കേസുള്ളതിനാല്‍ നിയമപ്രശ്‌നം ഉയര്‍ത്തി ഗവര്‍ണര്‍ തടഞ്ഞുവച്ചിരിക്കുകയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു നിയമപ്രശ്‌നം ഉള്ളതായി അറിയില്ലെന്നും ഇതിന്റെ സ്ഥിതിയെക്കുറിച്ച് ആരായുമെന്നുമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി.












