തിരുവനന്തപുരം: കാര്‍ഷിക മേഖലയില്‍ പ്രായോഗികമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനതല കാര്‍ഷിക വികസന കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈടെക്ക് കൃഷി സമ്പ്രദായത്തില്‍ കേരളം ഇന്നും പിന്നിലാണ്. തമിഴ്‌നാടും മഹാരാഷ്ട്രാ സംസ്ഥാനവുമൊക്കെ ഈ മേഖലയില്‍ ഏറെ കുതിച്ചുചാട്ടം നടത്തിക്കഴിഞ്ഞപ്പോഴും സംസ്ഥാനത്ത് ഈ മേഖലയില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേന്ദ്ര സബ്‌സിഡിയും മറ്റു ലോണുകളും ലഭ്യമായ ഈ പദ്ധതിക്ക് കുറച്ചു ഭൂമിയും കുറഞ്ഞ മുതല്‍ മുടക്കും മതിയെങ്കിലും ഇതിലേക്ക് കൂടുതല്‍പേര്‍ കടന്നുവന്നിരുന്നില്ല. ചെറുപ്പക്കാര്‍ ഇന്ന് കൃഷിമേഖലയിലേക്ക് കൂടുതല്‍ കടന്നുവന്നിരിക്കുന്ന സാഹചര്യമുണ്ട്. ഇക്കാരണത്താല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ പരിഗണന നല്‍കിയിരിക്കുന്ന ഹൈടെക് കൃഷി സമ്പ്രദായത്തിലേക്ക് കടന്നുവരാന്‍ അവര്‍ക്ക് അവസരമൊരുങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ ഇതിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൈവകൃഷിക്കും ഏറെ പരിഗണന നല്‍കിയുള്ള പ്രവര്‍ത്തനം ആവശ്യമാണ്. കാര്‍ഷിക നയം രൂപപ്പെടുത്താനായി നിയോഗിച്ചിട്ടുള്ള കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ചുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ട്. ഈ ശിപാര്‍ശകള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെല്ലും നാളീകേരവുമാണ് സംസ്ഥാനത്തിന്റെ പ്രധാന കൃഷിയെങ്കിലും ഇത് രണ്ടും ഇന്നും പ്രതിസന്ധി നേരിടുകയാണ്. നീര വന്നതോടെ നാളീകേര മേഖലയിലെ പ്രതിസന്ധിക്ക് അല്പം അയവുവന്നിട്ടുണ്ട്. നെല്‍ക്കൃഷിയുടെ കാര്യത്തിലും കര്‍ഷകനെ പൂര്‍ണമായും സംരക്ഷിക്കുന്ന സംവിധാനമാണ് വേണ്ടത്. ഒരു കിലോ നെല്ല് സംസ്ഥാന സര്‍ക്കാര്‍ 19 രൂപ നിരക്കിലാണ് സംഭരിച്ചുവരുന്നത്. കേന്ദ്ര സബ്‌സിഡിയായി 13.50 രൂപയും സംസ്ഥാന സബ്‌സിഡിയായി 5.50 രൂപയുമാണിത്. എന്നാല്‍ 19 രൂപ കുറവാണെന്ന നിലപാടാണ് കര്‍ഷകരുടേത്. കര്‍ഷകര്‍ക്ക് കൂടുതല്‍ വില കിട്ടാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സബ്‌സിഡി നല്‍കുന്നതുവഴി സംസ്ഥാന സര്‍ക്കാരിന് 200 കോടി രൂപയാണ് ബാധ്യത. എന്നിരുന്നാലും കര്‍ഷകര്‍ക്ക് കൂടിയ വില നല്‍കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. സംഭരണ വില സമയത്തുതന്നെ കര്‍ഷകര്‍ക്ക് ലഭ്യമാകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പ് ഇതിനായി ബാങ്കുകളുമായി സഹകരിച്ചുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. നെല്ലെടുക്കുന്നതിന്റെ രസീത് ബാങ്കില്‍ ഹാജരാക്കിയാല്‍ പലിശ സഹിതം തുക ബാങ്കില്‍ നിന്നും കര്‍ഷകന് ലഭിക്കുന്ന സാഹചര്യമാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പച്ചക്കറി കൃഷിയില്‍ ഇന്നും കേരളം സ്വയം പര്യാപ്തത കൈവരിച്ചിട്ടില്ലെന്ന വസ്തുത സംസ്ഥാനത്തെ ലജ്ജിപ്പിക്കുന്നതാണ്. പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷിവകുപ്പ് പദ്ധതികള്‍ ആസൂത്രണം ചെയ്തു മുന്നിട്ടിറങ്ങിയിട്ടുണ്ട്. ജൈവവളം ഉപയോഗിച്ചുള്ള പച്ചക്കറികൃഷിക്ക് ഇന്ന് ജനങ്ങളില്‍ താല്‍പര്യം വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് പ്രോത്സാഹിപ്പിക്കണം. സ്‌കൂളുകളിലും കൃഷി യോഗ്യമായ പ്രദേശങ്ങളിലും പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കണം. വീടുകളിലേക്കും ഇത് വ്യാപിപ്പിക്കണം. കൃഷിവകുപ്പ് ഇതിന് നേതൃത്വം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാര്‍ഷികരംഗത്ത് കര്‍ഷകര്‍ക്ക് അനുകൂലമായ മാറ്റം ഇന്ന് സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. നീരയുടെ ഉല്പാദനത്തിന് അനുകൂലമായ സാഹചര്യമൊരുങ്ങിയത് വന്‍ മുന്നേറ്റം തന്നെയാണ്. 112 വര്‍ഷം പഴക്കമുള്ള അബ്കാരി നിയമത്തില്‍ മാറ്റം വരുത്തിയാണ് ഇത് സാധ്യമാക്കിയത്. കര്‍ഷകരുടെ ദീര്‍ഘനാളുകളായുള്ള ആവശ്യമായിരുന്നു ഇത്. നീര ഉത്പാദനം സംബന്ധിച്ച് തൊഴിലാളികള്‍ക്കുള്ള ആശങ്ക മന്ത്രി ബാബു ചര്‍ച്ച ചെയ്ത് പരിഹരിച്ചു. വ്യത്യസ്തമായ അഭിപ്രായങ്ങളും ചിന്തകളുമൊക്കെമാറ്റി സമന്വയത്തിലൂടെ ഇത് നടപ്പാക്കാന്‍ കഴിഞ്ഞതുതന്നെ കാര്‍ഷികമേഖലയുടെ ഭാവി വിജയത്തിലേക്കാണ് എന്നാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ക്ക് പ്രയോജനം കിട്ടുന്ന തരത്തില്‍ നീര ഉത്പാദനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. നാളികേര കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് നീരയുടെ ഉത്പാദനം പരിഹാരമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
1991-96 കാലത്ത് അന്നത്തെ കൃഷിമന്ത്രി പി.പി.ജോര്‍ജ്ജ് കൊണ്ടുവന്ന ലക്ഷം തൊഴില്‍ദാന പദ്ധതിക്ക് ഇന്നും പ്രസക്തിയുണ്ട്. ഇപ്പോഴും ഈ പദ്ധതിയില്‍ തുടരുന്നവര്‍ക്കായി കൃഷിവകുപ്പ് പുതിയ സ്‌കീം തയ്യാറാക്കി വരുന്നു. ഒരു സ്‌കീം തയ്യാറായാല്‍ എത്ര കാലം കഴിഞ്ഞാലും അത് ബന്ധപ്പെട്ടവര്‍ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകരെ സഹായിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതിനാല്‍ മേഖല ഇന്ന് വിജയത്തിലാണ്. മൂന്നു തവണയായി പാല്‍വില കൂട്ടിയത് കര്‍ഷകരെ സഹായിക്കുന്നതിനാണ്. ഉത്പാദന ചിലവു നഷ്ടമെന്ന സാഹചര്യം കണ്ടതിനാലാണ് വില കൂട്ടലിലൂടെ സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചത്. ഇക്കാരണത്താല്‍ വടക്കന്‍ മേഖല സ്വയംപര്യാപ്തമായിട്ടുണ്ട്. മധ്യ-ദക്ഷിണ മേഖലകളില്‍ പാല്‍ ഉത്പാദനം വര്‍ദ്ധിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ക്ഷീരമേഖല പൂര്‍ണമായും സ്വയംപര്യാപ്തമാകും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ റബര്‍വില കേരളത്തിലേക്കാള്‍ 12 രൂപ കുറവായ സാഹചര്യമാണ്. ഈ അവസരത്തില്‍ റബര്‍ കര്‍ഷകരെ എങ്ങിനെ സഹായിക്കാനാകുമെന്ന ചിന്ത സര്‍ക്കാരിനു മുന്നിലുണ്ട്. ഇറക്കുമതിയുടെ കാര്യത്തിലും സര്‍ക്കാരിന് വ്യക്തമായ നയങ്ങളുണ്ട്. കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ ഇക്കാര്യമെല്ലാം അവതരിപ്പിക്കാന്‍ ഡല്‍ഹി സന്ദര്‍ശനത്തിനിടെ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ.പി.മോഹനന്‍, കെ.ബാബു എന്നിവരും പ്ലാനിംഗ് ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖര്‍, കൃഷിവകുപ്പ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post