റാന്നി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ട് കോടതി. നാല് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. റാന്നി ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തെളിവെടുപ്പും ചോദ്യം ചെയ്യലും ഉൾപ്പെടെ പൂർത്തിയാക്കാനുണ്ടെന്ന് കാണിച്ചാണ് അന്വേഷണസംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. പ്രതി ഭാഗം ജാമ്യാപേക്ഷ നൽകിയില്ല.
മുരാരി ബാബുവിനെ കസ്റ്റഡിയിൽ ലഭിച്ച ശേഷമായിരിക്കും എസ് ഐ ടി വിശദമായി ചോദ്യം ചെയ്യുക. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച് ശബരിമലയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പ്രത്യേക അന്വേഷണസംഘം ആലോചിക്കുകയാണ്. തെളിവെടുപ്പിന് ശേഷമാകും കേസിലെ പ്രതി പട്ടികയിൽ ഉള്ള മറ്റു ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനിലേക്ക് പ്രത്യേക അന്വേഷണസംഘം കടക്കുക.
കോടികളുടെ ഭൂമി ഇടപാടിൻ്റെയും പലിശയ്ക്ക് പണം നൽകിയ തെളിവുകൾ ഉൾപ്പെടെ പ്രത്യേക അന്വേഷണം സംഘത്തിന് ഉണ്ണികൃഷ്ണൻ പൊറ്റിക്കെതിരെ ലഭിച്ചിട്ടുണ്ട്. കൂടാതെ പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും കൂടുതൽ പരിശോധനകൾ പ്രത്യേക അന്വേഷണസംഘം നടത്തുന്നുണ്ട്.













