കൊച്ചി: സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ഭാഗികമായി അംഗീകരിച്ചു. മദ്യനയത്തില്‍ നിന്നു മാറി ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും ഹൈക്കോടതി പ്രവര്‍ത്തനാനുമതി നല്കി. മദ്യനയത്തിലെ ചില ചട്ടങ്ങളും മരവിപ്പിച്ചു. ഹൈക്കോടതിയുടെ വിധിപ്രകാരം ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു. ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ പൂട്ടണം. 33 ഫോര്‍ സ്റ്റാര്‍ ബാറുകളും 21 ഫൈവ് സ്റ്റാര്‍ ബാറുകളും എട്ട് ഹെറിറ്റേജ് ബാറുകളുമാണ് സംസ്ഥാനത്തുള്ളത്.
ബാറുകള്‍ തരംതിരിച്ചതില്‍ സര്‍ക്കാരിന് വിധിന്യായത്തില്‍ കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. ബാറുകള്‍ തരംതിരിച്ചത് ആധികാരിക രേഖയില്ലാതെയാണ്. ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന്റെ ശുപാര്‍ശകള്‍ മദ്യനയത്തില്ലെന്നും കോടതി നിരീക്ഷിച്ചു. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ബാറുകളെ ഒന്നായി പരിഗണിക്കണം. ഫോര്‍ സ്റ്റാറിനു മാത്രം അനുമതി നിഷേധിച്ചാല്‍ അത് വിവേചനപരമാകുമെന്നും കോടതി പറഞ്ഞു.
അതേസമയം, ജനതാല്പര്യത്തെ മാനിച്ചു കൊണ്ടുള്ള വിധിയാണിതെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പ്രതികരിച്ചു. സര്‍ക്കാരിന്റെ മദ്യനയം ഭാഗികമായാണ് അംഗീകരിച്ചതെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിധി സ്വാഗതം ചെയ്യുന്നുവെന്നും വിശദാംശങ്ങള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നും എക്സൈസ് മന്ത്രി കെ.ബാബു പ്രതികരിച്ചു. ഹൈക്കോടതി വിധിയില്‍ തൃപ്തിയില്ലെന്നും സ്വന്തം നിലയില്‍ അപ്പീല്‍ നല്‍കുമെന്നും ടി.എന്‍. പ്രതാപന് എംഎല്‍എ അറിയിച്ചു.
എന്നാല്‍, ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബാറുടമകള്‍ പറഞ്ഞു. പണിപൂര്‍ത്തിയായ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും അനുമതി നല്‍കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടു.
നിലവില്‍ പ്രവര്‍ത്തിച്ചു വന്ന 312 ബാറുകളില്‍ പഞ്ചനക്ഷത്രമൊഴികെയുള്ളവ അടച്ചുപൂട്ടണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇതിനെതിരെ വിവിധ സംഘടനകള്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസ് കെ. സുരേന്ദ്രമോഹനാണ് ഇതുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചത്.
Discussion about this post