ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റിക്ക് സമീപം എ.ടി.എമ്മില്‍ നിറയ്ക്കാനായി വാനില്‍ കൊണ്ടുവന്ന ഒന്നരക്കോടി രൂപയുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. എ.ടി.എം കാവല്‍ക്കാരനെ വെടിവെച്ചുവീഴ്ത്തിയ ശേഷമാണ് പണവുമായി മോഷ്ടാക്കള്‍ കടന്നത്. കമലനഗറില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
പണവുമായെത്തിയ വാന്‍ എ.ടി.എമ്മിന് സമീപം നിര്‍ത്തിയപ്പോള്‍ ബൈക്കിലെത്തിയ അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കാവല്‍ക്കാരന്റെ തലയ്ക്ക് നേര്‍ക്ക് രണ്ട് തവണ വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ സുരക്ഷാ ഗാര്‍ഡിനെ ഉടന്‍ തന്നെ സമീപത്തെ ആസ്പത്രിയിലേക്ക് മാറ്റി. കാവല്‍ക്കാരന്റെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പോലീസ് അക്രമികള്‍ക്കായുള്ള തിരച്ചില്‍ നടത്തുകയാണ്.












