ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ പോലീസില്‍ നിയമിക്കരുതെന്ന് സുപ്രീം കോടതി. ഇവരെ കുറ്റവിമുക്തരാക്കിയാലും സേനയിലേക്ക് പരിഗണിക്കരുതെന്നും കോടതി പറഞ്ഞു. ഒരിക്കല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെപ്പോലും പോലീസിലേക്ക് എടുക്കരുതെന്നും കോടതി പറഞ്ഞു.
പോലീസിന്റെ വിശ്വാസ്യത തകര്‍ക്കുന്നവരെ സേനയിലേക്ക് എടുക്കരുത്. സത്യസന്ധരും കുറ്റമറ്റ വ്യക്തിത്വങ്ങളുമായിരിക്കണം പോലീസ് സേനാംഗങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഈ സുപ്രധാന വിധി. കളങ്കിത വ്യക്തിത്വങ്ങളെ പോലീസ് സേനയിലേക്ക് എടുക്കരുതെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയിലായിരുന്നു വിധി. പര്‍വേസ് ഖാന് എന്നയാളാണ് ഹര്‍ജി നല്‍കിയത്.
കേസുകളില്‍ കോടതി പ്രതികളെ കുറ്റവിമുക്തരാക്കുന്നത്, കേസ് ഒത്തുതീര്‍പ്പ് ആക്കുന്നതും തെളിവുകളുടെ അഭാവം മൂലമാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വിധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന വിമര്‍ശവും ഇതിനകം ഉയര്‍ന്നു വന്നിട്ടുണ്ട്. കാമ്പസ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി കേസില്‍ പ്രതികളായവര്‍ക്കും കേസുകളില്‍ കുടുങ്ങിയവര്‍ക്കും ഈ വിധി തിരിച്ചടിയാകും.
Discussion about this post