തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തിന്റെ പേരില്‍ ധനമന്ത്രി കെ.എം മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷം ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. ചോദ്യോത്തരവേളക്കായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എഴുന്നേറ്റ ഉടന്‍ തന്നെ മാണി രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റു. ചോദ്യത്തോരവേള തടസപ്പെടുത്തരുതെന്ന ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്റെ അഭ്യര്‍ഥന പ്രതിപക്ഷം ചെവിക്കൊള്ളാതെ ബഹളം തുടര്‍ന്നു. മാണി രാജിവയ്ക്കണമെന്ന പ്ലാക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം രാവിലെ സഭയിലേയ്ക്ക് വന്നത്.
ചോദ്യോത്തരവേളയ്ക്കു മുമ്പ് തന്നെ അടിയന്തരപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കണമെന്ന ആവശ്യം ഇതിനിടെ പ്രതിപക്ഷം ഉന്നയിച്ചു. ബാര്‍കോഴ കേസിലെ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് കാട്ടിയാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. ചോദ്യോത്തരവേളയ്ക്കു മുമ്പ് അടിയന്തരപ്രമേയം പരിഗണിക്കാന്‍ പറ്റില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചതോടെ പ്രതിപക്ഷം ബഹളം ശക്തമാകുകയും മുദ്രവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. നടുത്തളത്തിലിറങ്ങി കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചതോടെ ചോദ്യോത്തരവേളയും ശുന്യവേളയും സബ്മിഷനുമെല്ലാം റദ്ദാക്കുകയും രണ്ട് ബില്ലുകള്‍ പാസാക്കി സഭ ഇന്നത്തേയ്ക്ക് പിരിയുകയുമായിരുന്നു.
Discussion about this post