ന്യൂഡല്‍ഹി: സൈനിക കരുത്ത് തെളിയിച്ച് രാജ്യം അറുപത്തിയാറാം റിപ്പബ്ലിക്ദിനം ആഘോഷിച്ചു. രാജ്പഥില്‍ മുഖ്യാതിഥിയായി എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും പത്‌നി മിഷേല്‍ ഒബാമയുടെയും സാന്നിധ്യത്തിലായിരുന്നു ആഘോഷങ്ങള്‍ നടന്നത്. റിപ്പബ്ലിക് ദിന പരേഡിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സല്യൂട്ട് സ്വീകരിച്ചു.
ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമര്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പരമ്പരാഗത ശൈലിയില്‍ കുതിരപ്പടയുടെ അകമ്പടിയോടെ രാഷ്ട്രപതി രാജ്പഥിലേക്കെത്തി.
കര-നാവിക വ്യോമസേനകളുടെ വനിതാ സംഘങ്ങളായിരുന്നു പരേഡിലെ മുഖ്യ ആകര്‍ഷണം. ഇന്ത്യയുടെ സൈനിക ശക്തി പ്രകടമാക്കി ബ്രഹ്മോസ് മിസൈലുകളും, ഭീഷ്മ ടാങ്കുകളും, പിനാക മിസൈല്‍ ലോഞ്ചറുകളും രാജ്പഥിലൂടെ നീങ്ങി. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം പ്രകടമാക്കുന്നതായിരുന്നു വിവിധ സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളും വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തരൂപങ്ങളും ബിഎസ്എഫിന്റെ ജന്‍ബാസ് ടീം ബുള്ളറ്റില്‍ അവതരിപ്പിച്ച അഭ്യാസ പ്രകടനങ്ങളും ശ്രദ്ധേയമായി.












