കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള പ്രധാന റോഡ് വികസന പദ്ധതികള്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്ന് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. കൊല്ലം ബൈപ്പാസ് മൂന്നാം ഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനം കാവനാട് ബൈപ്പാസ് ജംഗ്ഷനില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ശബരിമലയിലേക്കുള്ള 140 കിലോമീറ്റര്‍ റോഡ്, കൊല്ലം-തിരുമംഗംലം ദേശീയപാത, തലശേരി-മാഹി ബൈപാസ് തുടങ്ങിയ പദ്ധതികള്‍ക്കെല്ലാം അംഗീകാരം നല്‍കും. ദേശീയ പാത 17ന്റെയും ദേശീയ പാത 47ന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടപ്പാക്കുന്നതിന് നിര്‍ദേശം നല്‍കും. റോഡ് നിര്‍മ്മാണത്തിനും വികസനത്തിനുമുള്ള ഭൂമി സമയബന്ധിതമായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കണം. പണം പ്രശ്നമല്ല. പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ പൂര്‍ത്തീകരിക്കാനാകും. അടുത്ത അന്‍പതു വര്‍ഷങ്ങള്‍ മുന്നില്‍ കൊണ്ടുകൊണ്ടുള്ള വികസന പദ്ധതികളാണ് നമുക്കാവശ്യം-അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനം വേഗത്തിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളം ഭാവിയില്‍ സമര്‍പ്പിക്കുന്ന പദ്ധതികളോടും അനുഭാവപൂര്‍വ്വമായ നടപടി സ്വീകരിക്കും. വികസനത്തില്‍ രാഷ്ട്രീയമില്ല. വികസനത്തിന്റെ പ്രധാന മേഖലകളാണ് വ്യവസായവും അടിസ്ഥാന സൗകര്യങ്ങളും. അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഭൂമി ഏറ്റെടുത്തേ തീരൂ. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സഹായകമാണ് മുമ്പ് പ്രതിദിനം രണ്ടു കിലോമീറ്ററായിരുന്ന ദേശീയ പാത വികസനം കഴിഞ്ഞ മാസത്തോടെ പ്രതിദിനം പന്ത്രണ്ടു കിലോമീറ്ററായി. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത് പ്രതിദിനം 30 കിലോമീറ്ററാക്കുകയാണ് ലക്ഷ്യം-അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര മേഖലയില്‍ കേരളത്തിന് ഏറെ സാധ്യതകളുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ ജലപാതാ പദ്ധതിയിലൂടെ ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ നദികളായ ഭാരതപ്പുഴ, പെരിയാര്‍, കടലുണ്ടിപ്പുഴ, ചാലിയാര്‍, പമ്പ തുടങ്ങയവയുടെ വികസനവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ദേശീയ പാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. റോഡ് വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുത്തു നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post