തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജിവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണത്തിനുള്ള പത്താം കമ്മീഷന്റെ ശുപാര്‍ശകള്‍ ജൂലായ് 10ന് സമര്‍പ്പിക്കും. കരട് റിപ്പോര്‍ട്ട് തയ്യാറായെങ്കിലും ശമ്പള സ്‌കെയില്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തതയുണ്ടായിട്ടില്ല.
ശമ്പളത്തില്‍ 2,000 രൂപ മുതല്‍ 7,500 രൂപവരെ കൂട്ടുന്നതിനാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തില്‍ 1,104 രൂപമുതല്‍ 4,490 വരെയായിരുന്നു വര്‍ധന. 2014 ജൂലായ് മുതലായിരിക്കും ശമ്പള വര്‍ധനയ്ക്ക് മുന്‍കാല പ്രാബല്യം.
ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് വര്‍ധനയുടെ തോത് കൂടുതലായിരിക്കും. ഉയര്‍ന്ന വിഭാഗത്തില്‍ വര്‍ദ്ധനയുടെ തോത് കുറഞ്ഞിരിക്കും. കുറഞ്ഞ ശമ്പളം 16,400 രൂപയായിരിക്കും. ഇത് 17,000 രൂപയ്ക്ക് മുകളില്‍ എത്താനും സാധ്യതയുണ്ട്. ഏറ്റവും കൂടിയ ശമ്പളം 1,10,000 രൂപയാവും. പെന്‍ഷനില്‍ 12 ശതമാനത്തോളം വര്‍ദ്ധനയും പരിഗണിക്കുന്നുണ്ട്. 400 രൂപയാണ് ഏറ്റവും കുറഞ്ഞ വാര്‍ഷിക ഇന്‍ക്രിമെന്റ്. കൂടിയത് 2,000 രൂപ. 12 ശതമാനം ഫിറ്റ്‌മെന്റ് അടിസ്ഥാനമാക്കി ശമ്പളം പരിഷ്‌കരിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അന്തിമ തീരുമാനത്തില്‍ ഇത് 10 ശതമാനമാവാനും സാധ്യതയുണ്ട്. സര്‍വീസ് വെയിറ്റേജും അന്തിമമായിട്ടില്ല. സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ട ചില തസ്തികകള്‍ പുതുതായി സൃഷ്ടിക്കും.
ജീവനക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായി രണ്ട് നിര്‍ദേശങ്ങളാണ് മുന്നിലുള്ളത്. ഒന്നുകില്‍ ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയെ ഏല്പിക്കുക. അല്ലെങ്കില്‍ തുടക്കത്തില്‍ ഏതെങ്കിലും കമ്പനിയെ ഏല്പിച്ചശേഷം പിന്നീട് സര്‍ക്കാറിന്റെ ചുമതലയിലാക്കുക. ജീവനക്കാരില്‍ നിന്ന് മാസം 100 രൂപവെച്ച് ഈടാക്കിയാലും വര്‍ഷം 120 കോടിവരെ സമാഹരിക്കാമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ 500 രൂപവരെ ഇതിനായി നല്‍കാമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചത്.
Discussion about this post