തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യവുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ വെള്ളയമ്പലം ബിഷപ്പ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. അദാനി ഗ്രൂപ്പ് പ്രതിനിധി സന്തോഷ് മഹാപത്രയും ചീഫ് സെക്രട്ടറിയോടൊപ്പം ഉണ്ടായിരുന്നു. 45 മിനിറ്റു കൂടിക്കാഴ്ച നീണ്ടു നിന്നു.
മത്സ്യത്തൊഴിലാളികളുടെ ആശങ്ക ദുരീകരിക്കുമെന്നും ആശങ്കക്ക് പരിഹാരം കാണുമെന്നും ചീഫ് സെക്രട്ടറി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടന്നിരുന്നു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് വ്യക്തമായ പാക്കേജും ഉറപ്പും ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ്ണ. ആശങ്കകള്‍ പരിഹരിക്കാതെ പദ്ധതിയുമായി സഹകരിക്കില്ലെന്ന് മത്സ്യത്തൊഴിലാളികളും ലത്തീന്‍ അതിരൂപതയും വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യവുമായി ചര്‍ച്ച നടത്താന്‍ ചീഫ് സെക്രട്ടറിയെ നിയോഗിക്കുകയായിരുന്നു.












