തിരുവനന്തപുരം: പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റ് ഉള്‍പ്പെടെ എല്ലാവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്‌ക്കരിച്ചതിനു പുറമെ, ഈ സര്‍ക്കാര്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി ഒട്ടേറെ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കിവരുന്നതായി പട്ടികജാതി, പിന്നാക്ക ക്ഷേമ, ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ നിയമസഭയില്‍ പറഞ്ഞു.
നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്‌സംഗ്രാന്റ് 100 രൂപയില്‍ നിന്ന് 150 രൂപയായും, എല്‍.പി വിഭാഗത്തിന് 140 എന്നത് 250 രൂപയായും, യു.പി. വിഭാഗത്തില്‍ 240 ആയിരുന്നത് 500 രൂപയായും ഹൈസ്‌കൂള്‍ തലത്തില്‍ 330 രൂപ 750 രൂപയായും വര്‍ദ്ധിപ്പിച്ചു. പോക്കറ്റ് മണി 70 രൂപയില്‍ നിന്ന് 100 രൂപയായി ഉയര്‍ത്തി. ഇതിനു പുറമെ, ലോവര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ബാഗ്, ഷൂസ്, കുട എന്നിവ വാങ്ങുന്നതിലേക്കായി 2000 രൂപ നിരക്കില്‍ നല്കുന്ന പ്രൈമറി എഡ്യൂക്കേഷന്‍ എയ്ഡ് പദ്ധതിക്ക് ഈ സര്‍ക്കാര്‍ രൂപം നല്‍കി. പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികളുടെ മെസ്സ് അലവന്‍സ് 1300-ല്‍ നിന്ന് 2000 രൂപയായും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലേക്ക് 1500 രൂപ എന്നത് 2300 രൂപയായും വര്‍ദ്ധിപ്പിച്ചു. വകുപ്പിന് കീഴിലുള്ള മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെസ്സ് അലവന്‍സും ഇതേ നിരക്കില്‍ വര്‍ദ്ധിപ്പിച്ചു. വെള്ളായണിയിലെ അയ്യന്‍കാളി സ്‌പോര്‍ട്‌സ് എം.ആര്‍.എസിലെ വിദ്യാര്‍ത്ഥികളുടെ പ്രതിദിന മെസ്സ് അലവന്‍സ് 80 രൂപയില്‍ നിന്ന് 130 രൂപയായും വര്‍ദ്ധിപ്പിച്ചു.
ഇതിനുപുറമെ 9, 10 ക്ലാസ്സുകളിലെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സഹായത്തോടെ പ്രതിവര്‍ഷം 4500 രൂപയും മറ്റു വിദ്യാത്ഥികള്‍ക്ക് 2250 രൂപയും പ്രത്യേക ധനസഹായം നല്കുന്ന പദ്ധതിക്കും 2013-14 മുതല്‍ തുടക്കം കുറിച്ചു. പത്താംതരത്തില്‍ ബി പ്ലസ്സും അതിനു മുകളിലും ഗ്രേഡു നേടുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കണ്ടറി പഠനത്തിനൊപ്പം പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ പരിശീലന പദ്ധതിക്കും ഈ സര്‍ക്കാര്‍ രൂപം നല്കി. 20,000 രൂപ നിരക്കിലാണ് ‘വിഷന്‍ 2013’ എന്ന പേരില്‍ തുടക്കം കുറിച്ച ഈ പദ്ധതി പ്രകാരം അനുവദിക്കുന്നത്. കൂടാതെ എസ്.എസ്.എല്‍.സി. മുതല്‍ ബിരുദാനന്തര ബിരുദ തലംവരെയുള്ള പരീക്ഷകളില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കി വരുന്നു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 60 ശതമാനമോ അതിനു മുകളിലോ മാര്‍ക്കു നേടുന്ന വിദ്യാര്‍ത്ഥിക്ക് 1500 രൂപയും 80 ശതമാനമോ അതിനു മുകളിലോ മാര്‍ക്ക് നേടുന്നവര്‍ക്ക് 3000 രൂപയുമാണ് സ്‌കോളര്‍ഷിപ്പായി നല്കുന്നത്. ഹയര്‍ സെക്കണ്ടറിക്ക് ഇത് യഥാക്രമം 2500 രൂപയും 5000 രൂപയുമാണ്. ബിരുദതലത്തില്‍ യഥാക്രമം 3500 രൂപയും 7500 രൂപയും നല്കുമ്പോള്‍ ബിരുദാനന്തര ബിരുദതലത്തില്‍ ഇത് 5000 രൂപയും 10,000 രൂപയുമാണ് നല്കുന്നത്. ഇതിനുപുറമെ ഈ സര്‍ക്കാര്‍ കലാകാരന്മാരായ വിദ്യാര്‍ത്ഥികളേയും, കായിക മികവു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളേയും, പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്കും രൂപം നല്കി. സംസ്ഥാന യുവജനോത്സവത്തില്‍ ‘എ’ ഗ്രേഡു നല്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥിക്ക് 10,000 രൂപ പാരിതോഷികമായി നല്കുന്നു. വകുപ്പിന്റെ കീഴിലുള്ള നഴ്‌സറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിദിന മെസ്സ് അലവന്‍സ് 10 രൂപ എന്നത് 30 ആക്കി ഉയര്‍ത്തി. ഈ സര്‍ക്കാര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രഫഷണല്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക പദ്ധതികള്‍ നടപ്പാക്കുകയുണ്ടായി. എഞ്ചിനീയറിംഗ്, എം.സി.എ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും, എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌തെതസ്‌കോപ്പുമാണ് ഈ പദ്ധതി പ്രകാരം സൗജന്യമായി നല്കുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ ഈ സര്‍ക്കാരിന്റെ പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഏറ്റവും തിളക്കമാര്‍ന്ന സംഭാവനയാണ് വകുപ്പിനു കീഴില്‍ പാലക്കാട്ട് തുടക്കം കുറിച്ച മെഡിക്കല്‍ കോളേജ്. പ്രതിവര്‍ഷം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 70 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് കൂടുതലായി അവസരം സൃഷ്ടിച്ചിട്ടുള്ളത്. പട്ടികവര്‍ഗ്ഗത്തില്‍ നിന്ന് രണ്ടു പേര്‍ക്കും അവസരം നല്കുന്നുണ്ട്. കൂടാതെ പട്ടികജാതി വിഭാഗങ്ങള്‍ക്കായി മൂന്നു എയ്ഡഡ് കോളേജുകള്‍ സംസ്ഥാനത്ത് ഇദം പ്രഥമമായി ഈ സര്‍ക്കാര്‍ അനുവദിച്ചു. പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റത്തിനുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ മാര്‍ഗ്ഗം വിദ്യാഭ്യാസമാണെന്ന തിരിച്ചറിവാണ് നിലവിലുള്ള വിദ്യാഭ്യാസ പദ്ധതികള്‍ കാലോചിതമായി പരിഷ്‌ക്കരിക്കാനും ഫലപ്രദമെന്നു കണ്ട ഒട്ടേറെ പുതിയ പദ്ധതികള്‍ക്കു രൂപം നല്‍കാനും സര്‍ക്കാരിനു പ്രചോദനമായത്.
ഇതേ സമീപനം നിലനിര്‍ത്തി പട്ടിക വിഭാഗം വിദ്യാര്‍ത്ഥികളുടെ ലംപ്‌സംഗ്രാന്റും സ്റ്റൈപ്പന്റും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കുന്നതില്‍ ഈ സര്‍ക്കാര്‍ തുടര്‍ന്നും പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു.
Discussion about this post