തിരുവനന്തപുരം: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭയെയാണ് എം.ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനാണ് എം.ടി. വാസുദേവന്‍ നായരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി. രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തത് കേരളത്തിന്റെ തന്നെ സാംസ്‌കാരിക ചരിത്രമാണ്. ഈ വിയോഗം ഞങ്ങളെ അനാഥമാക്കുന്നു. ദുഃഖം ഘനീഭവിക്കുന്നു. സങ്കടം കടലാകുന്നുവെന്നും അദ്ദേഹം അനുശോചിച്ചു.













