ശബരിമല: ശബരിമലയില്‍ മണ്ഡലപൂജയുടെ ഭാഗമായ തങ്കഅങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഇന്നു ഭക്തരെ പമ്പയില്‍നിന്നു കടത്തിവിടുന്നതില്‍ ക്രമീകരണങ്ങളേര്‍പ്പെടുത്തി. ആറന്മുളയില്‍നിന്നു കഴിഞ്ഞ 22നു പുറപ്പെട്ട തങ്കഅങ്കി ഇന്ന് ഉച്ചയോടെയാണ് പമ്പയിലെത്തുന്നത്.
രാവിലെ 11നുശേഷം തീര്‍ഥാടകരെ പമ്പയില്‍നിന്നു സന്നിധാനത്തേക്കു കടത്തിവിടില്ല. ഉച്ചയ്ക്കു 1.30ന് പമ്പയില്‍ എത്തി വിശ്രമിക്കുന്ന തങ്ക അങ്കി ഘോഷയാത്ര ഉച്ചകഴിഞ്ഞു മൂന്നോടെ സന്നിധാനത്തേക്കു തിരിക്കും. ഘോഷയാത്ര വൈകുന്നേരം അഞ്ചോടെ ശരംകുത്തിയില്‍ എത്തിച്ചേര്‍ന്ന ശേഷമായിരിക്കും ഭക്തരെ പമ്പയില്‍നിന്നു സന്നിധാനത്തേക്കു കടത്തിവിടുന്നത് പുനരാരംഭിക്കുക.
ഇന്ന് ഉച്ചപൂജയ്ക്കുശേഷം നടഅടച്ചാല്‍ അഞ്ചിനേ തുറക്കൂ. അഞ്ചുമണിക്കു നടതുറന്നാലും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ദീപാരാധനയ്ക്കുശേഷമേ ഭക്തര്‍ക്കു ദര്‍ശനം സാധ്യമാവുകയുള്ളൂ. വൈകുന്നേരം 6.40നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധാന. ദീപാരാധന കഴിഞ്ഞശേഷമായിരിക്കും ഭക്തരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കുക.
ഭക്തര്‍ക്കു സുഗമമായ ദര്‍ശനമൊരുക്കാന്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പോലീസ് യൂണിറ്റുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സ്‌പെഷല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ പറഞ്ഞു.
Discussion about this post