ശബരിമല: മകരവിളക്കിന് പോലീസിന്റെ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എഡിജിപി കെ. പത്മകുമാര്‍ സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മകരവിളക്കിന് സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായി 4000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പമ്പയില്‍ 2000 പോലീസുകാരെയും 1500 പോലീസുകാരെ പുല്ലുമേട്ടിലും 300 പേരെ പഞ്ചാലിമേട്ടിലും 200 പേരെ പരുന്തുംപാറയിലും വിന്യസിക്കും. ഇത് കൂടാതെ പത്തനംതിട്ട ഇടുക്കി,കോട്ടയം ജില്ലകളില്‍ പ്രദേശികമായി മകരജേ്യാതി ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ വേണ്ടത്ര സുരക്ഷ, വെളിച്ചം എന്നിവ ഉറപ്പ് വരുത്തുവാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മകരവിളക്ക് ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ശേഷം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടില്ല. അന്ന് ഉച്ചപൂജയ്ക്ക് ശേഷം പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കില്ല. ദീപാരാധയ്ക്ക് ശേഷം മാത്രമേ മരക്കൂട്ടത്ത് നിന്ന് തീര്‍ത്ഥാടകരെ സന്നിധാനത്തേയ്ക്ക് കടത്തിവിടൂ. 14 ന് തിരുനടയടച്ച് കഴിഞ്ഞാല്‍ 15 ന് പുലര്‍ച്ചെ 1.27 ന് മകരസംക്രമപൂജയ്ക്കായി നട തുറക്കുമെങ്കിലും മൂന്ന് മണിക്ക് മാത്രമേ ഭക്തരെ പതിനെട്ടാം പടി കയറ്റിവിടൂ.
മകരവിളക്ക് ദിവസം ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള ഇടങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അപകടകരമായ രീതിയില്‍ തീര്‍ത്ഥാടകര്‍ വിരിവെയ്ക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്താന്‍ വിരി പട്രോളുകള്‍ ബുധനാഴ്ച്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പാണ്ടിത്താവളത്ത് ഗ്യാസ് സിലിണ്ടര്‍ ഉപയോഗം തടയാന്‍ പരിശോധന നടത്തിവരികയാണ്. ഫയര്‍ഫോഴ്‌സിന്റേയും വനം വകുപ്പിന്റേയും യൂണിറ്റുകള്‍ സംയുക്തമായാണ് പരിശോധന. മരങ്ങളുടെയും കെട്ടിടങ്ങളുടെയും മുകളില്‍ കയറി മകരജേ്യാതി കാണുന്നത് അനുവദിക്കില്ല
പുല്ലുമേട്ടില്‍ കോഴിക്കാനം വരെ മാത്രമേ വാഹനഗതാഗതം അനുവദിക്കൂ. അതുകഴിഞ്ഞാല്‍ സര്‍ക്കാര്‍ വാഹനങ്ങളും ആംബുലന്‍സുകളും മാത്രമേ കടത്തിവിടുകയുള്ളൂ. പുല്ലുമേട് ദുരന്തം അനേ്വഷിച്ച ജസ്റ്റിസ് ഹരിഹരന്‍പിള്ള കമ്മിറ്റി റിപ്പോര്‍ട്ടിലെ എല്ലാ കാര്യങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. പുല്ലുമേട്ടില്‍ നൂറില്‍പ്പരം അസ്‌കാ ലൈറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. താല്‍ക്കാലിക ബി.എസ്.എന്‍.എല്‍ ടവര്‍ വ്യാഴാഴ്ച്ച ഉച്ചയോടെ പ്രവര്‍ത്തനക്ഷമമാകും. ബാരിക്കേഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. കാട്ടുതീ തടയാന്‍ ഫയര്‍ഫോഴ്‌സിന്റെയും വനംവകുപ്പിന്റെയും സ്‌ക്വാഡുകള്‍ സ്ഥാപിക്കും. പുല്ലുമേട്ടില്‍ തെലുങ്ക്, കന്നഡ ഉള്‍പ്പെടെയുള്ള എല്ലാ ഭാഷകളിലും അനൗണ്‍സ്‌മെന്റിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കാനം -പുല്ലുമേട് റൂട്ടില്‍ ഒന്നരകിലോമീറ്റര്‍ ഇടവിട്ട് ആംബുലന്‍സും അതിനോടൊപ്പം പോലീസ് വയര്‍ലെസ് സംവിധാനവും ഏര്‍പ്പെടുത്തും. പുല്ലുമേട്ടില്‍ പാമ്പ് കടിക്കെതിരെ അടിയന്തിര ചികിത്സ നല്‍കുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മകരജേ്യാതി കഴിഞ്ഞാല്‍ കോഴിക്കാനം- ഇടുക്കി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി 50 സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ നടത്തും. ജനുവരി 16 ന് രാവിലെ 9 മണി വരെയാണ് സര്‍വ്വീസ് നടത്തുക. കോഴിക്കാനം മുതല്‍ കെ.എസ്.ആര്‍.ടിയുടെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും റിക്കവറി വാനുകള്‍ നിലയുറപ്പിക്കും.
സന്നിധാനത്തും പരിസരപ്രദേശങ്ങളിലും പതിവ് അനൗണ്‍സ്‌മെന്റിന് പുറമേ പ്രാദേശിക അനൗണ്‍സ്‌മെന്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മകരജേ്യാതി ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് നിന്ന് ഭക്തര്‍ ബെയ്‌ലിപാലം വഴി ചന്ദ്രാനന്ദന്‍ റോഡിലെത്തി പമ്പയിലേക്ക് മടങ്ങണം. പാണ്ടിത്താവളത്ത് നിന്ന് മകരജേ്യാതി ദര്‍ശിച്ച് മടങ്ങുന്നവരെ ഘട്ടംഘട്ടമായി മാത്രമേ 108 പടിവഴി സന്നിധാനത്തേക്ക് കടത്തിവിടൂ. എന്‍.ഡി.ആര്‍.എഫിനും ആര്‍.എ.എഫിനുമാണ് ഇതിന്റെ ചുമതല. പാണ്ടിത്താവളത്ത് തിരക്ക് നിയന്ത്രിക്കാന്‍ മൂന്ന് ഡിവൈ.എസ്.പി.മാര്‍ക്കാണ് ചുമതല.
പമ്പയില്‍ മകരജേ്യാതി കഴിഞ്ഞ് നാലഞ്ച് മണിക്കൂര്‍ മറ്റ് വാഹനങ്ങളെക്കാള്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് മുന്‍ഗണന നല്‍കും. പമ്പ ഹില്‍ടോപ്പില്‍ ഡബിള്‍ ബാരിക്കേഡ് നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. നിലയ്ക്കലില്‍ 20000 വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമുണ്ട്. നിലയ്ക്കലില്‍ അയ്യപ്പഭക്തരോടൊപ്പം വരുന്ന സ്ത്രീകള്‍ വാഹനങ്ങളില്‍ കഴിയുന്നതിനാല്‍ 20 വനിതാ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ജനുവരി 14 ന് ഉച്ചയ്ക്ക് ശേഷം സന്നിധാനത്തേക്ക് ട്രാക്ടറുകളെ നിയന്ത്രിക്കും. പതിനഞ്ചിന് രാവിലെ 11 മണി മുതല്‍ നട അടയ്ക്കുന്നത് വരെ ട്രാക്ടറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും.
മകരവിളക്ക് ദിവസം പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ വാഹനഗതാഗതം നിയന്ത്രിക്കാന്‍ രാത്രികാല പട്രോളിങ്ങ് ഏര്‍പ്പെടുത്തുമെന്നും എഡിജിപി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.അരുള്‍ ആര്‍.ബി. കൃഷ്ണ, എഎസ്ഒ ആര്‍. ദത്തന്‍ എന്നിവര്‍ പങ്കെടുത്തു.












