തിരുവനന്തപുരം: പിഎസ്‌സിയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന സുപ്രീംകോടതി വിധി സംബന്ധിച്ച് ഇന്ന് പിഎസ്‌സി ആസ്ഥാനത്ത് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും. വിധിയുടെ പശ്ചാത്തലത്തില്‍ ഇതിന്റെ തുടര്‍നടപടികളെക്കുറിച്ച് യോഗം തീരുമാനങ്ങളെടുക്കും.
വിധി നടപ്പിലാക്കുന്നതിനായി വിധിപ്പകര്‍പ്പു ലഭിച്ചില്ലെങ്കിലും പ്രാഥമിക ചര്‍ച്ച നടത്തി വിധിയുടെ പ്രായോഗികതയെക്കുറിച്ചു ചര്‍ച്ച ചെയ്തു തീരുമാനമെടുക്കേണ്ടതുണ്ട്. ഇപ്പോള്‍ത്തന്നെ പിഎസ്‌സിയില്‍ 13 ഉദ്യോഗസ്ഥരുടെ കുറവുണ്ട്. ഇതിനു പുറമേ സര്‍വകലാശാലകളുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും നിയമനംകൂടി പിഎസ്‌സിക്കു വിട്ടതോടെ ജോലിഭാരം ഇനിയും കൂടും.
ഇതിനു പുറമേയാണ് വിവരാവകാശനിയമം അനുസരിച്ച് വരാന്‍ പോകുന്ന ആയിരക്കണക്കിനു അപേക്ഷകള്‍ക്കുള്ള മറുപടി കൂടി തയാറാക്കല്‍. വിവരാവകാശ നിയമപ്രകാരം പരീക്ഷാ രേഖകളും മറ്റും ഇനി ദീര്‍ഘകാലം സൂക്ഷിച്ചുവച്ചു മറുപടി നല്‍കേണ്ടിവരും. ഇതിനുള്ള തീരുമാനവും ഇന്നു ചേരുന്ന പിഎസ്‌സി യോഗം കൈക്കൊള്ളും.












