കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ കിട്ടാനായി സിബിഐ തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ വിധി 17നു പറയും.
പി. ജയരാജനെ മൂന്നു ദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. എന്നാല്‍ ജയരാജന് ഹൃദ്രോഗത്തിനു ചികിത്സയില്‍ കഴിയുന്നതിനാല്‍ കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ സാധിക്കില്ലെന്നു ജയരാജന്റെ അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചു. ജയരാജന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് റിപ്പോര്‍ട്ട് 17നു സമര്‍പ്പിക്കാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതരോടു നിര്‍ദേശിച്ചു. ഇതു വിശദമായി പരിശോധിച്ചശേഷമാകും വിധി.
അതിനിടെ, ജയരാജന്റെ ആരോഗ്യസ്ഥിതിയെകുറിച്ചുള്ള വ്യക്തമായ വിവരം ലഭിക്കുന്നതിന് പരിയാരം സഹകരണ ഹൃദയാലയയില്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അഷറഫില്‍ നിന്നു സിബിഐ സംഘം ഇന്നു രാവിലെ മൊഴിയെടുത്തു. സിബിഐ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്ന തലശേരി ഗവ. റസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചാണ് ഡോക്ടറുടെ മൊഴിശേഖരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ പി. ജയരാജനെ ഇതുവരെ ചികിത്സിച്ചതിന്റെ രേഖകള്‍ കഴിഞ്ഞദിവസം സിബിഐ സംഘം നേരിട്ട് ശേഖരിച്ചിരുന്നു. ഈ രേഖകള്‍ സിബിഐയുടെ മെഡിക്കല്‍ സംഘം പരിശോധിച്ച ശേഷം ഉയര്‍ന്നിട്ടുള്ള ചോദ്യങ്ങളാണ് സിബിഐ സംഘം ഡോ. അഷറഫിനോട് ചോദിച്ചറിഞ്ഞത്.
പി.ജയരാജനെ ചികിത്സയില്‍ കഴിയുന്ന പരിയാരം സഹകരണ ഹൃദയാലയയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു ഉച്ചയോടെ മാറ്റും. ജയരാജനെ ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു.












